വിശാഖപട്ടണം -പൊരുതിനിന്ന ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെയും (47) ടോം ഹാര്‍ട്‌ലിയെയും (21) തുടര്‍ച്ചയായ ഓവറുകളില്‍ പുറത്താക്കി ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ പെയ്‌സ്ബൗളര്‍ ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് തികച്ചു. കരിയറില്‍ പത്താം തവണയാണ് ബുംറ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെടുക്കുന്നത്. ഇന്ത്യ 396 ന് ഓളൗട്ടായ ശേഷം ഇംഗ്ലണ്ട് തകരുകയാണ്. ബുംറ അഞ്ചും കുല്‍ദീപ് മൂന്നും വിക്കറ്റെടുത്തതോടെ ഒമ്പതിന് 238 ലേക്ക് ഇംഗ്ലണ്ട് കൂപ്പുകുത്തി.
വിക്കറ്റ് പോവാതെ 32 ല്‍ ലഞ്ചിനു ശേഷം കളി തുടങ്ങിയ ഇംഗ്ലണ്ടിന് തുടരെ വിക്കറ്റ് വീണു. ബെന്‍ ഡക്കറ്റിനെ (21) കുല്‍ദീപാണ് ബ്രെയ്ക് ത്രൂ നല്‍കിയത്. ആദ്യ ടെസ്റ്റിലെ ഹീറോ ഒല്ലി പോപ്പിന്റെ (23) കുറ്റിയിളക്കി ബുംറ തുടങ്ങി. ജോ റൂട്ടിനെയും (5) ജോണി ബെയര്‍സ്‌റ്റോയെയും (25) ചായക്ക് മുമ്പും പിമ്പുമായി ബുംറ രണ്ടാം സ്ലിപ്പില്‍ ശുഭ്മന്‍ ഗില്ലിന്റെ കൈയിലെത്തിച്ചു.
52 പന്തില്‍ അര്‍ധ ശതകം തികച്ച സാക് ക്രോളിയുടെ (79) വിലപ്പെട്ട വിക്കറ്റ് അക്ഷര്‍ പട്ടേലിനാണ് ലഭിച്ചത്. അവസാന ജോഡി ജെയിംസ് ആന്‍ഡേഴ്‌സനും ശുഐബ് ബഷീറുമാണ് ക്രീസില്‍.
രണ്ടാം ദിനം രാവിലെ അവശേഷിച്ച മൂന്നു വിക്കറ്റ് സ്വന്തമാക്കി ഇന്ത്യയെ 396 ന് ഇംഗ്ലണ്ട് പുറത്താക്കി. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിനു കന്നി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ അവസരം കിട്ടി. 209 റണ്‍സ് എടുത്ത് ഏട്ടാമനായി പുറത്തായി. 277 പന്തിലാണ് ഇരട്ട സെഞ്ച്വറി (18 ഃx4, 7X6). സ്പിന്നര്‍മാരായ ശുഐബ് ബഷീറിനും റിഹാന്‍ അഹ്മദിനും വെറ്ററന്‍ പേസര്‍ ജെയിംസ് അന്‍ഡേഴ്‌സണും മൂന്നു വിക്കറ്റ് വീതം കിട്ടി.