ക്വാര്‍ട്ടര്‍ ഫൈനല്‍
താജിക്കിസ്ഥാന്‍ x ജോര്‍ദാന്‍
നാളെ ഉച്ച 2.30
ഓസ്‌ട്രേലിയ x തെക്കന്‍ കൊറിയ
നാളെ വൈകു: 6.30
ഇറാന്‍ x ജപ്പാന്‍
ശനിയാഴ്ച ഉച്ച 2.30
ഖത്തര്‍ x ഉസ്‌ബെക്കിസ്ഥാന്‍
ശനിയാഴ്ച വൈകു: 6.30
ദോഹ - അവശേഷിച്ച എട്ട് ടീമുകളുമായി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ നാളെ തുടങ്ങും. കഴിഞ്ഞ ലോകകപ്പ് കളിച്ച അഞ്ച് ടീമുകള്‍ അവസാന എട്ടിലുണ്ട്. എന്നാല്‍ അവയില്‍ രണ്ടെണ്ണം ക്വാര്‍ട്ടര്‍ കടക്കില്ലെന്നുറപ്പ്. പ്രി ക്വാര്‍ട്ടറില്‍ മൂന്ന് മത്സരങ്ങള്‍ ഷൂട്ടൗട്ടിലാണ് വിധിയായത്. ഗുസ്തിപ്രിയരായ താജിക്കിസ്ഥാന് അരങ്ങേറ്റത്തില്‍ തന്നെ ഏഷ്യന്‍ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്താനായി.
പ്രി ക്വാര്‍ട്ടറിലെ ഏറ്റവും ആധികാരിക വിജയം ഓസ്‌ട്രേലിയയുടേതാണ് -4-0 ന് അവര്‍ ഇന്തോനേഷ്യയെ തോല്‍പിച്ചു. താജിക്കിസ്ഥാന്‍ നിശ്ചിത സമയത്ത് തന്നെ പ്രി ക്വാര്‍ട്ടര്‍ ജയിക്കേണ്ടതായിരുന്നു. എന്നാല്‍ യു.എ.ഇ ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ ഗോള്‍ മടക്കി. എന്നാല്‍ ഷൂട്ടൗട്ടില്‍ താജിക്കിസ്ഥാന്‍ കടന്നുകൂടി.
സൗദി അറേബ്യക്ക് ആ ഭാഗ്യമുണ്ടായില്ല. സൗദിക്കെതിരെ ഇഞ്ചുറി ടൈമിന്റെ പത്താം മിനിറ്റില്‍ ഗോള്‍ മടക്കിയ കൊറിയ ഷൂട്ടൗട്ടില്‍ വിജയം നേടി. ഇറാന്‍-സിറിയ മത്സരവും ഷൂട്ടൗട്ടിലാണ് വിധിയായത്. പത്തു പേരുമായി എക്‌സ്ട്രാ ടൈം അതിജീവിക്കുകയും ഷൂട്ടൗട്ടില്‍ വിജയിക്കുകയും ചെയ്തു ഇറാന്‍.
ഓസ്‌ട്രേലിയ-തെക്കന്‍ കൊറിയ, ഇറാന്‍-ജപ്പാന്‍ ക്വാര്‍ട്ടറുകള്‍ കരുത്തരുടെ മുഖാമുഖമായിരിക്കും. ഇറാന്‍ ഒഴികെ മൂന്നു ടീമുകളും കഴിഞ്ഞ ലോകകപ്പില്‍ നോക്കൗട്ട് കളിച്ചു. നിലവിലെ ചാമ്പ്യന്മാരും കഴിഞ്ഞ ലോകകപ്പിന്റെയും ഈ ഏഷ്യന്‍ കപ്പിന്റെയും ആതിഥേയരുമായ ഖത്തറിന് ഉസ്‌ബെക്കിസ്ഥാനെയാണ് ക്വാര്‍ട്ടറില്‍ നേരിടേണ്ടത്.