ബാഴ്‌സലോണ - ലിയണല്‍ മെസ്സിയും ബാഴ്‌സലോണയും തമ്മിലുള്ള കരാര്‍ ആദ്യമായി രേഖപ്പെടുത്തിയ ടിഷ്യൂ പേപ്പര്‍ ലേലത്തിന്. പതിമൂന്നുകാരന്‍ മെസ്സിക്ക് ബാഴ്‌സലോണ 20000 ഡിസംബറില്‍ കരാര്‍ വാഗ്ദാനം ചെയ്തത് അപ്പോള്‍ ലഭ്യമായ ഒരു ടിഷ്യു പേപ്പറില്‍ എഴുതിയാണ്. അത് ബ്രിട്ടിഷ് ലേലക്കമ്പനി ബോണ്‍ഹാംസാണ് ലേലത്തിന് വെച്ചിരിക്കുന്നത്. മൂന്നു ലക്ഷം പൗണ്ടിലായിരിക്കും ലേലം തുടങ്ങുക.
ബാഴ്‌സലോണയുടെ സ്‌പോര്‍ടിംഗ് ഡയരക്ടര്‍ ചാള്‍സ് റെക്‌സാച്ചും മെസ്സിയുടെ പിതാവ് ജോര്‍ജെ മെസ്സിയുമാണ് ഏജന്റ് ഹൊറാസിയൊ ഗാഗിയോളിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയത്. ആ കരാര്‍ ബാഴ്‌സലോണയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായി മാറി. ക്ലബ്ബിനു വേണ്ടി ഏറ്റവുമധികം ഗോളടിച്ചാണ് മെസ്സി സ്‌പെയിന്‍ വിട്ടത്.
ബാഴ്‌സലോണയില്‍ ട്രയല്‍സ് കഴിഞ്ഞ ശേഷം മെസ്സിയുടെ പിതാവില്‍ നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. ഒടുവില്‍ ജോര്‍ജെ മെസ്സിയുടെ ആശങ്കകള്‍ നീക്കാന്‍ റെക്‌സാച് അദ്ദേഹത്തെ ലഞ്ചിന് ക്ഷണിക്കുകയായിരുന്നു. പോംപിയ ടെന്നിസ് ക്ലബ്ബില്‍ സംസാരിച്ച് ഇരുവരും ധാരണയിലെത്തി. അതെഴുതി വെച്ചത് അപ്പോള്‍ കൈയില്‍ കിട്ടിയ ടിഷ്യൂ പേപ്പറിലായിപരുന്നു.
ബാഴ്‌സലോണയില്‍ 14 ഡിസംബര്‍ 2000 ല്‍ മിന്‍ഗ്വേല, ഹൊറാസിയൊ എന്നിവരുടെ സാന്നിധ്യത്തില്‍ ബാഴ്‌സലോണ സ്‌പോര്‍ടിംഗ് ഡയരക്ടര്‍ കാള്‍ റെക്‌സാച് ഒപ്പുവെക്കുന്ന കരാര്‍. എല്ലാ എതിര്‍പ്പുകളും അവഗണിച്ച് ലിയണല്‍ മെസ്സി എന്ന കളിക്കാരനുമായി കരാറൊപ്പിടാനുള്ള ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. പരസ്പരം സമ്മതിച്ച തുകയായിരിക്കും പ്രതിഫലം -ഇതായിരുന്നു ടിഷ്യൂ പേപ്പറില്‍ എഴുതിയ ധാരണ.
കരാര്‍ അന്നത്തെ ക്ലബ്ബ് പ്രസിഡന്റ് യോവാന്‍ ഗസ്പാര്‍ട് അംഗീകരിക്കുകയും അതേ രാത്രി ഔദ്യോഗികമായി ഒപ്പിടുകയും ചെയ്തു. ഒരു മാസത്തിനു ശേഷം ബാഴ്‌സലോണയില്‍ മെസ്സി കരിയര്‍ തുടങ്ങി. സംഭവബഹുലമായ 20 വര്‍ഷമാണ് അത് നീണ്ടുനിന്നത്. മെസ്സി കളിച്ച കാലത്ത് ബാഴ്‌സലോണ നേടിയത് 35 കിരീടങ്ങളാണ്. 782 തവണ മെസ്സി ബാഴ്‌സലോണ ജഴ്‌സിയിടുകയും 674 ഗോളടിക്കുകയും ചെയ്തു.