മുംബൈ - ഇത് തനിക്ക് രണ്ടാം ജീവിതമാണെന്ന് ഗുരുതരമായ വാഹനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ശേഷം അടുത്ത ഐ.പി.എല്ലില്‍ കളിക്കാനൊരുങ്ങുന്ന വിക്കറ്റ്കീപ്പര്‍ റിഷഭ് പന്ത്. എപ്പോഴും ആത്മവിശ്വാസം നിലനിര്‍ത്തണമെന്നതാണ് അപകടത്തില്‍ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠമെന്ന് റിഷഭ് പറഞ്ഞു. 2022 ഡിസംബര്‍ 30 പുലര്‍ച്ചെയായിരുന്നു റിഷഭ് പന്തിന്റെ ജീവിതം മാറ്റിമറിച്ച ആ കാറപകടം സംഭവിച്ചത്. ന്യൂദല്‍ഹിയില്‍ നിന്ന റൂര്‍ക്കിയിലേക്കുള്ള യാത്രക്കിടെ ഡെറാഡൂണ്‍ ഹൈവേയിലായിരുന്നു റിഷഭിന്റെ എസ്.യു.വി മറ്റൊരു വാഹനത്തിലിടിച്ച് കത്തിയത്. കാല്‍മുട്ടിന് ഗുരുതരമായി പരിക്കേല്‍ക്കുകയും നെറ്റിയില്‍ മുറിവേല്‍ക്കുകയും ചെയ്ത ഇരുപത്താറുകാരന് പിന്നീട് ഇതുവരെ കളിച്ചിട്ടില്ല.
ജീവിതത്തിലാദ്യമായാണ് എനിക്ക് അങ്ങനെ തോന്നിയത്. എല്ലാം അവസാനിക്കുകയാണെന്ന്. അപകടം നടന്നയുടനെ മുറിവുകളെക്കുറിച്ച് എനിക്ക് ബോധമുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ കൂടുതല്‍ ഗുരുതരമായ പരിക്കുകള്‍ സംഭവിക്കേണ്ടതായിരുന്നു. ഞരമ്പുകള്‍ മുറിഞ്ഞിരുന്നുവെങ്കില് അവയവങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരുമായിരുന്നു.
ഡെറാഡൂണിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കു ശേഷം റിഷഭിനെ എയര്‍ ആംബുലന്‍സില്‍ മുംബൈയിലെത്തിക്കുകയായിരുന്നു. പിന്നീട് ബി.സി.സി.ഐ സ്പെഷ്യലിസ്റ്റ് കണ്സള്ടിന്റെ മേല്‍നോട്ടത്തിലായിരുന്നു ചികിത്സ. കാല്‍മുട്ടിലെ മൂന്ന് ലിഗമെന്റും ഓപറേഷനിലൂടെ മാറ്റി വെച്ചു.
തുടര്‍ ചികിത്സ അറുമുഷിപ്പനായിരുന്നുവെന്ന് റിഷഭ് പറഞ്ഞു. ലോകത്തില്‍ നിന്ന് ഒറ്റപ്പെട്ട് അതില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പലരും പലതും പറഞ്ഞു. ഡോക്ടറോട് പറഞ്ഞു, താങ്കളെയാണ് എനിക്ക് വിശ്വാസം, എത്ര കാലം പിടിക്കും സുഖപ്പെടാന്‍? 16-18 മാസം എന്ന് അദ്ദേഹം പറഞ്ഞു. അതില്‍ നിന്ന് ആറു മാസം ഞാന്‍ കുറക്കുമെന്ന് ഡോക്ടര്‍ക്ക് ഉറപ്പു നല്കി.
രജത്കുമാര്‍, നിഷുകുമാര്‍ എന്നീ ഡ്രൈവര്‍മാരാണ് കാര്‍ കത്തിയമരും മുമ്പെ തന്നെ വലിച്ചെടുത്ത് ജീവന് രക്ഷിച്ചതെന്ന് റിഷഭ് പറഞ്ഞു. വലതു കാല്‍മുട്ട് പൂര്‍ണമായും തിരിഞ്ഞുപോയിരുന്നു. രക്ഷിക്കാന്‍ വന്നവരോട് ആദ്യം പറഞ്ഞത് അത് നേരെയാക്കി നിര്‍ത്താനാണ്. അതികഠിനമായിരുന്നു വേദന -റിഷഭ് പറഞ്ഞു.
സഹോദരി പ്രതിമയാണ് അതിരാവിലെ വിളിച്ച് അപകടവാര്‍ത്ത അറിയിച്ചതെന്ന് ഇന്ത്യന്‍ ടീമിലെയും ദല്‍ഹി കാപിറ്റല്‍സിലെയും സഹതാരം അക്ഷര്‍ പട്ടേല്‍ വെളിപ്പെടുത്തി. എപ്പോഴാണ് റിഷഭുമായി അവസാനമായി സംസാരിച്ചതെന്നാണ് അവള് ചോദിച്ചത്. കഴിഞ്ഞ ദിവസം വിളിക്കാന്‍ ശ്രമിച്ച കാര്യം ഞാന്‍ പറഞ്ഞു. റിഷഭിന്റെ അമ്മയുടെ ഫോണ്‍ നമ്പര്‍ വേണമെന്നും റിഷഭിന് കാറപകടം സംഭവിച്ചുവെന്നും പിന്നീട് അവള് അറിയിച്ചു. അരുതാത്തതെന്തോ സംഭവിച്ചുവെന്ന് ഞാന്‍ ഭയന്നു -അക്ഷര്‍ പറഞ്ഞു.