ഒരു പെയ്‌സറുമായി ഇംഗ്ലണ്ട്  ടീം, ബഷീര്‍ അരങ്ങേറും

വിശാഖപട്ടണം -ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ചു. ഹൈദരാബാദില്‍ ജയിച്ച ടെസ്റ്റിലേതു പോലെ ഒരു പെയ്‌സ്ബൗളറേ ടീമിലുള്ളൂ, മാര്‍ക്ക് വുഡിനു പകരം ജെയിംസ് ആന്‍ഡേഴ്‌സന്‍. പരിക്കേറ്റ ജാക്ക് ലീച്ചിനു പകരം ഇരുപതുകാരന്‍ ശുഐബ് ബഷീര്‍ അരങ്ങേറും. റിഹാന്‍ അഹ്മദ്, ടോം ഹാര്‍ട്‌ലി എന്നിവരാണ് മറ്റു സ്പിന്നര്‍മാര്‍. ഹാര്‍ട്‌ലിക്ക് ഒരു ടെസ്റ്റിന്റെയും റിഹാന് രണ്ടു ടെസ്റ്റിന്റെയും പരിചയമേയുള്ളൂ. എന്നാല്‍ ഹാര്‍ട്‌ലി അരങ്ങേറ്റ ടെസ്റ്റില്‍ ഒമ്പത് വിക്കറ്റെടുത്തിരുന്നു. ആദ്യ ടെസ്റ്റില്‍ മാര്‍ക്ക് വുഡിന് രണ്ട് ഇന്നിംഗ്‌സിലും വിക്കറ്റ് ലഭിച്ചിരുന്നില്ല. 
ഇന്ത്യ വിസ അനുവദിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് ശുഐബ് ബഷീറിന് ആദ്യ ടെസ്റ്റ് നഷ്ടപ്പെട്ടിരുന്നു. ഇംഗ്ലണ്ടിന്റെ സീനിയര്‍ സ്പിന്നറും സോമര്‍സെറ്റ് കൗണ്ടിയില്‍ ബഷീറിന്റെ സഹതാരവുമായ ജാക്ക് ലീച്ചിന് ആദ്യ ടെസ്റ്റിനിടെ പരിക്കേല്‍ക്കുകയായിരുന്നു. രണ്ടാം ടെസ്റ്റ് നാളെയാണ് തുടങ്ങുന്നത്. 
അബുദാബിയിലെ ക്യാമ്പ് കഴിഞ്ഞാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തിയത്. വിസ വൈകുകയും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ സമീപിക്കാന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തതോടെ ബഷീറിന് ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ടി വന്നു. അതു കാരണം ആദ്യ ടെസ്റ്റ് നഷ്ടപ്പെട്ടു. 
ആറു ഫസ്റ്റ് ക്ലാസ് മത്സരം മാത്രം കളിച്ച അനുഭവസമ്പത്തേ ബഷീറിനുള്ളൂ. അവസരം കിട്ടുകയാണെങ്കില്‍ അത് ആസ്വദിക്കണമെന്ന ബഷീറിനെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഉപദേശിച്ചു. ആദ്യ ടെസ്റ്റേ ഒരിക്കലേ കളിക്കൂ. അത് ഏറ്റവും ആസ്വാദ്യകരമാക്കാന്‍ എന്റെയും കോച്ച് ബ്രന്‍ഡന്‍ മക്കല്ലത്തിന്റെയും എല്ലാ സഹായവുമുണ്ടാവും -സ്‌റ്റോക്‌സ് പറഞ്ഞു. കഴിഞ്ഞയാഴ്ച ഞായറാഴ്ച രാവിലെയാണ് ബഷീര്‍ ഇന്ത്യയില്‍ ലാന്റ് ചെയ്തത്. ആദ്യ ടെസ്റ്റിന്റെ ആവേശകരമായ അവസാന ദിവസം ആസ്വദിക്കാനും ടോം ഹാര്‍ട്‌ലി ഏഴ് വിക്കറ്റെടുത്ത് ടീമിനെ വിജയിപ്പിക്കുന്നതു കാണാനും ബഷീറിന് സാധിച്ചു.

Latest News