വിശാഖപട്ടണം -ഇന്ത്യ വിസ അനുവദിക്കാന്‍ വൈകിയതിനെത്തുടര്‍ന്ന് എത്താന്‍ വൈകിയ ഇരുപതുകാരന്‍ സ്പിന്നര്‍ ശുഐബ് ബഷീര്‍ രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. ഇംഗ്ലണ്ടിന്റെ സീനിയര്‍ സ്പിന്നറും സോമര്‍സെറ്റ് കൗണ്ടിയില്‍ ബഷീറിന്റെ സഹതാരവുമായ ജാക്ക് ലീച്ചിന് പരിക്കാണ്. രണ്ടാം ടെസ്റ്റ് നാളെയാണ് തുടങ്ങുന്നത്.
അബുദാബിയിലെ ക്യാമ്പ് കഴിഞ്ഞാണ് ഇംഗ്ലണ്ട് ടീം ഇന്ത്യയിലെത്തിയത്. വിസ വൈകുകയും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ സമീപിക്കാന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തതോടെ ബഷീറിന് ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ടി വന്നു. അതു കാരണം ആദ്യ ടെസ്റ്റ് നഷ്ടപ്പെട്ടു.
അവസാനമായി പിച്ച് പരിശോധിച്ച ശേഷം ഇംഗ്ലണ്ട് ഇന്ന് പ്ലേയിംഗ് ഇലവനെ പ്രഖ്യാപിക്കും. ലീച്ചിന് പകരം ഒരു പെയ്‌സറെ കളിപ്പിക്കണമോയെന്നതായിരിക്കും തീരുമാനിക്കാനുള്ളത്.
ആറു ഫസ്റ്റ് ക്ലാസ് മത്സരം മാത്രം കളിച്ച അനുഭവസമ്പത്തേ ബഷീറിനുള്ളൂ. അവസരം കിട്ടുകയാണെങ്കില്‍ അത് ആസ്വദിക്കണമെന്ന ബഷീറിനെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ഉപദേശിച്ചു. ആദ്യ ടെസ്റ്റേ ഒരിക്കലേ കളിക്കൂ. അത് ഏറ്റവും ആസ്വാദ്യകരമാക്കാന്‍ എന്റെയും കോച്ച് ബ്രന്‍ഡന്‍ മക്കല്ലത്തിന്റെയും എല്ലാ സഹായവുമുണ്ടാവും -സ്‌റ്റോക്‌സ് പറഞ്ഞു. കഴിഞ്ഞയാഴ്ച ഞായറാഴ്ച രാവിലെയാണ് ബഷീര്‍ ഇന്ത്യയില്‍ ലാന്റ് ചെയ്തത്. ആദ്യ ടെസ്റ്റിന്റെ ആവേശകരമായ അവസാന ദിവസം ആസ്വദിക്കാനും ടോം ഹാര്‍ട്‌ലി അരങ്ങേറ്റത്തില്‍ ഏഴ് വിക്കറ്റെടുക്കുന്നതു കാണാനും ബഷീറിന് സാധിച്ചു.