ലിവര്‍പൂള്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ഒരിക്കല്‍കൂടി ലിവര്‍പൂളിന്റെയും മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ഇഞ്ചോടിഞ്ച് പോരാട്ടത്തിന് കളമൊരുങ്ങുന്നു. ചെല്‍സിയെ 4-1 ന് തകര്‍ത്ത് യൂര്‍ഗന്‍ ക്ലോപ്പിന്റെ അവസാന സീസണില്‍ ലിവര്‍പൂള്‍ അഞ്ച് പോയന്റ് ലീഡ് നിലനിര്‍ത്തി. എര്‍ലിംഗ് ഹാളന്റ് പരിക്കിനു ശേഷം തിരിച്ചെത്തിയ കളിയില്‍ സിറ്റി 3-1 ന് ബേണ്‍ലിയെ തോല്‍പിച്ചു. ഇരുപത്തിനാലാം ജന്മദിനത്തില്‍ യൂലിയന്‍ അല്‍വരേസ് രണ്ട് ഗോള്‍ നേടി. ആഴ്‌സനലിനെ ഗോള്‍വ്യത്യാസത്തില്‍ മറികടന്ന് സിറ്റി രണ്ടാം സ്ഥാനത്തെത്തി. ലിവര്‍പൂളിനെയും ആഴ്‌സനലിനെയുംകാള്‍ ഒരു മത്സരം കുറവേ സിറ്റി കളിച്ചിട്ടുള്ളൂ.
രണ്ടു ടീമുകളുടെയും തുടര്‍ച്ചയായ നാലാം ജയമാണ് ഇത്. രണ്ടു മാസമായി വിട്ടുനില്‍ക്കുന്ന ഹാളന്റ് രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയത് സിറ്റിക്ക് കൂടുതല്‍ ആഹ്ലാദം പകരും. രണ്ടാമത്തെ ഗോള്‍ ഒരുക്കിയത് ഫോമിലേക്ക് തിരിച്ചെത്തുന്ന കെവിന്‍ ഡിബ്രൂയ്‌നെയാണ്. 2019 ലും 2022 ലും ലിവര്‍പൂളുമായുള്ള ഐതിഹാസിക പോരാട്ടങ്ങള്‍ക്കൊടുവിലാണ് സിറ്റി ചാമ്പ്യന്മാരായത്.
മുഹമ്മദ് സലാഹ് ഇല്ലാതെയാണ് ലിവര്‍പൂള്‍ കളിച്ചത്. ഡിയേഗൊ ജോട ആ കുറവ് നികത്തി. ട്രെന്റ് അലക്‌സാണ്ടര്‍ ആര്‍നള്‍ഡിനു പകരം ഇരുപതുകാരന്‍ റൈറ്റ് ബാക്ക് കോണോര്‍ ബ്രാഡ്‌ലി കളിച്ചു. ആദ്യ പകുതിയില്‍ ഡാര്‍വിന്‍ നൂനസ് പെനാല്‍ട്ടി പാഴാക്കിയത് ലിവര്‍പൂളിനെ ബാധിച്ചില്ല. നാലു തവണയാണ് മത്സരത്തില്‍ നൂനസ് ചെല്‍സി ക്രോസ്ബാറിന് പന്തിടിച്ചത്.