ക്വാര്‍ട്ടര്‍ ഫൈനല്‍
താജിക്കിസ്ഥാന്‍ x ജോര്‍ദാന്‍
ഓസ്‌ട്രേലിയ x തെക്കന്‍ കൊറിയ
ഇറാന്‍ x ജപ്പാന്‍
ഖത്തര്‍ x ഉസ്‌ബെക്കിസ്ഥാന്‍
ദോഹ - പത്തു പേരുമായി എക്‌സ്ട്രാ ടൈം അതിജീവിക്കുകയും ഷൂട്ടൗട്ടില്‍ വിജയിക്കുകയും ചെയ്ത് ഇറാന്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. നാലു തവണ ചാമ്പ്യന്മാരായ ജപ്പാനുമായി ഇറാന്റെ സൂപ്പര്‍ ക്വാര്‍ട്ടര്‍ ഫൈനലിനാണ് അവസരമൊരുങ്ങിയത്. ബഹ്‌റൈനെ 3-1 ന് തോല്‍പിച്ച് ജപ്പാന്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി.
റാങ്കിംഗില്‍ 70 സ്ഥാനം പിന്നിലുള്ള സിറിയയെ ഷൂട്ടൗട്ടില്‍ 5-3 നാണ് ഇറാന്‍ തോല്‍പിച്ചത്. പോര്‍ടൊ സ്‌ട്രൈക്കര്‍ മെഹ്ദി തരീമി രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി പുറത്തായതോടെ അവസാന അര മണിക്കൂര്‍ പത്തു പേരുമായാണ് ഇറാന്‍ പൊരുതിയത്. ഷൂട്ടൗട്ടില്‍് ക്യാപ്റ്റന്‍ ഇഹ്‌സാന്‍ ഹജ്‌സാഫി നിര്‍ണായകമായ അവസാന കിക്ക് ഗോളാക്കി. നിശ്ചിത സമയത്ത് 1-1 ല്‍ അവസാനിച്ച കളിയില്‍ ഗോള്‍കീപ്പര്‍ അലിരിസ ബെയരന്‍വന്താണ് ഷൂട്ടൗട്ടില്‍ ഇറാനെ ചുമലിലേറ്റിയത്. സിറിയയുടെ രണ്ടാമത്തെ കിക്കെടുത്ത ഫഹദ് യൂസുഫിന്റെ ഷോട്ട് അലിരിസ രക്ഷിച്ചു.
ടീമിലെ രണ്ടോ മൂന്നോ കളിക്കാരുടെ പ്രകടനത്തില്‍ ഒട്ടും തൃപ്തനല്ലെന്ന് ഇറാന്‍ കോച്ച് അമീര്‍ ഗലിനോയി തുറന്നടിച്ചു. ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. എഴുപതാം മിനിറ്റാവുമ്പോഴേക്കും അഞ്ച് ഗോളിന് മുന്നിലെത്താമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ കളികളും ജയിക്കാന്‍ ഇറാനും ഖത്തറിനും മാത്രമേ സാധിച്ചിരുന്നുള്ളൂ. 1976 ലാണ് അവസാനം ഇറാന്‍ ഏഷ്യന്‍ ചാമ്പ്യന്മാരായത്.
തരീമിയായിരുന്നു ഇറാന്റെ ഹീറോ. ആദ്യ പകുതിയില്‍ പെനാല്‍ട്ടി നേടിയെടുക്കുകയും സ്‌കോര്‍് ചെയ്യുകയും ചെയ്തു. അതുവരെ ചിത്രത്തിലേ ഇല്ലാതിരുന്ന സിറിയ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഗോള്‍ മടക്കി. അതും പെനാല്‍ട്ടിയില്‍ നിന്നായിരുന്നു. ഇഞ്ചുറി ടൈമില്‍ തരീമി ചുവപ്പ് കാര്‍ഡ് കണ്ടതോടെ ഇറാന്‍ പ്രതിരോധത്തിലായി.
രണ്ടാം പകുതിയില്‍ ഉലഞ്ഞ ശേഷമാണ് ബഹ്‌റൈനെതിരെ ജപ്പാന്‍ ജയിച്ചു കയറിയത്. ഇടവേളക്ക് മുമ്പും പിമ്പുമായി റിറ്റ്‌സു ദോവാനും തകേഫുസ കൂബോയും സ്‌കോര്‍ ചെയ്തതോടെ ജപ്പാന്‍ മേധാവിത്തം നേടിയതായിരുന്നു. എന്നാല്‍ അബദ്ധശാലിയായ ഗോളി സിയോണ്‍ സുസുകിയുടെ സെല്‍ഫ് ഗോള്‍ ബഹ്‌റൈന് പിടിവള്ളിയായി. കളി തീരാന്‍ പത്ത് മിനിറ്റ് ശേഷിക്കെ അയാസെ ഉയേദ സ്‌കോര്‍ ചെയ്തതോടെയാണ് അവര്‍ ശ്വാസം നേരെ വിട്ടത്. ടൂര്‍ണമെന്റില്‍ ഉയേദയുടെ നാലാം ഗോളാണ് ഇത്.
പരിക്കേറ്റ് വിട്ടുനില്‍ക്കുകയായിരുന്ന ബ്രൈറ്റന്‍ വിംഗര്‍ കവോറു മിതോമ രണ്ടാം പകുതിയില്‍ ഇറങ്ങുകയും നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. എങ്കിലും നാലാമത്തെ കളിയിലും ഗോള്‍ വഴങ്ങിയത് ജപ്പാന്‍ പ്രതിരോധത്തിന്റെ കരുത്തിനെക്കുറിച്ച് സംശയം ബലപ്പെടുത്തി.
പത്താം മിനിറ്റില്‍ ഉയേദയുടെ ബുള്ളറ്റ് ഹെഡര്‍ ബഹ്‌റൈന്‍ ഗോളി ഇബ്രാഹിം ലുതഫല്ല തട്ടിത്തെറിപ്പിച്ചതോടെയാണ് കളിക്ക് ജീവന്‍ വെച്ചത്. ബഹ്‌റൈനും അവസരങ്ങള്‍ സൃഷ്ടിച്ചു. മുപ്പത്തൊന്നാം മിനിറ്റില്‍ റൈറ്റ് ബാക്ക് സെയ്യ മയ്കൂമയുടെ ലോംഗ്‌റെയ്ഞ്ചര്‍ പോസ്റ്റിനിടിച്ച് തെറിച്ചതാണ് ഗോളിന് വഴിയൊരുക്കിയത്. ചാടിവീണ ദോവാന്‍ അവസരം മുതലാക്കി.
ഓഫ്‌സൈഡെന്ന് തോന്നിയ ഗോളില്‍ 49ാം മിനിറ്റില്‍ കൂബൊ ലീഡുയര്‍ത്തി. വീഡിയൊ പരിശോധനയില്‍ ബഹ്‌റൈന്‍ ഡിഫന്ററില്‍ നിന്നാണ് പന്ത് വന്നതെന്ന് കണ്ടെത്തി. എന്നാല്‍ 64ാം മിനിറ്റില്‍ ജപ്പാന്‍ ഗോളി സ്വന്തം പോസ്റ്റിലേക്ക് പന്തടിച്ചു. പന്ത് പിടിക്കാന്‍ ശ്രമിക്കവെ ഗോളിക്ക് ദിശ തെറ്റുകയും ഉയേദയുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഇരുപത്തൊന്നുകാരന്‍ ടൂര്‍ണമെന്റില്‍ പലതവണ പിഴവ് വരുത്തി.