റിയാദ് - രണ്ട് പതിറ്റാണ്ടോളമായി ലോക ഫുട്‌ബോളിന്റെ ഗതി നിര്‍ണയിച്ച രണ്ട് കളിക്കാര്‍ അവസാനമായി നാളെ റിയാദ് കിംഗ്ഡം അരീനയില്‍ മുഖാമുഖം. ലിയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി റിയാദ് സീസണ്‍ കപ്പില്‍ നാളെ രാത്രി ഒമ്പതിന് റൊണാള്‍ഡോയുടെ അന്നസ്‌റുമായി ഏറ്റുമുട്ടും. 375 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. പ്രീമിയം ടിക്കറ്റുകളുടെ നിരക്ക് 2500 റിയാലിനും മുകളിലാണ്. അല്‍ഹിലാലുമായുള്ള ആദ്യ മത്സരത്തില്‍ തോറ്റ മെസ്സിക്കും കൂട്ടര്‍ക്കും അഭിമാനത്തോടെ കളം വിടാന്‍ ഒരു വിജയം അനിവാര്യമാണ്. സൗദി ലീഗാണ് മികച്ചതെന്ന് പലതവണ ആവര്‍ത്തിച്ച ക്രിസ്റ്റ്യാനോക്ക് സ്വന്തം തട്ടകത്തില്‍ മേജര്‍ ലീഗ് സോക്കര്‍ ടീമിനെതിരെ അത് തെളിയിക്കാനുള്ള അവസരമായിരിക്കും ഇത്.
സ്പാനിഷ് ലീഗില്‍ കളിക്കുന്ന കാലം മുതല്‍ മെസ്സി-റൊണാള്‍ഡൊ പോരാട്ടം കണ്ട് വളര്‍ന്നവരാണ് ഇന്നത്തെ ഫുട്‌ബോള്‍ പ്രേമികള്‍. അലകടലുകള്‍ക്കിരുപുറവുമാണ് ഇന്ന് രണ്ടു പേരും. അടുത്ത ലോകകപ്പില്‍ ഇരുവരും കളിക്കുകയും പോര്‍ചുഗലും അര്‍ജന്റീനയും മുഖാമുഖം വരികയും ചെയ്തില്ലെങ്കില്‍ മിക്കവാറും രണ്ടു പേരുടെയും അവസാനത്തെ ഏറ്റുമുട്ടലായിരിക്കും ഇത്. ലാസ്റ്റ് ഡാന്‍സ് എന്നാണ് ഈ കളിക്ക് റിയാദ് സീസണ്‍ സംഘാടകര്‍ പേരിട്ടിരിക്കുന്നത്.
റൊണാള്‍ഡോക്ക് ഇന്ന് കളിക്കാനവുമോയെന്ന ആശങ്ക അന്തരീക്ഷത്തിലുണ്ട്. പരിക്ക് ഭേദമാവുകയും പരിശീലനം തുടങ്ങുകയും ചെയ്തുവെന്നാണ് അന്നസ്ര്‍ അറിയിച്ചത്.
13 ബാലന്‍ഡോറുകള്‍ നേടിയ മെസ്സിയും റൊണാള്‍ഡോയും കരിയറിന്റെ അവസാന ഘട്ടത്തിലാണ്. ചരിത്രത്തില്‍ ഇതുവരെ രണ്ട് കളിക്കാര്‍ ഇതുപോലെ ആധിപത്യം പുലര്‍ത്തിയിട്ടില്ല. മെസ്സി മാത്രമല്ല ഇന്ന്് കളിക്കുക. യോര്‍ദി ആല്‍ബ, സെര്‍ജിയൊ ബുസ്‌ക്വെറ്റ്‌സ്, ലൂയിസ് സോറസ് തുടങ്ങിയ പഴയ ബാഴ്‌സലോണ കൂട്ടുകെട്ട് മെസ്സിക്കൊപ്പമുണ്ടാവും. പക്ഷെ പ്രതിരോധത്തിലാണ് ഇന്റര്‍ മയാമി ദുര്‍ബലം. പ്രി സീസണ്‍ മത്സരങ്ങളില്‍ ഇതുവരെ ജയം നേടാന്‍ മയാമിക്ക് സാധിച്ചിട്ടില്ല. എഫ്.സി ഡാളസിനോടും ന്യൂയോര്‍ക്ക് സിറ്റിയോടും തോറ്റു. എല്‍സാല്‍വഡോറുമായി സമനില പാലിച്ചു.
അതേസമയം അന്നസ്ര്‍ കഴിഞ്ഞ അഞ്ചു കളികളും ജയിച്ചു. റൊണാള്‍ഡൊ അവര്‍ക്കു വേണ്ടി 18 കളികളില്‍ 20 ഗോളടിച്ചു.
മെസ്സിയുടെ പി.എസ്.ജി കഴിഞ്ഞ വര്‍ഷം റൊണാള്‍ഡോയുള്‍പ്പെടുന്ന അന്നസ്ര്‍-അല്‍ഹിലാല്‍ ടീമിനെ കഴിഞ്ഞ വര്‍ഷം റിയാദില്‍ 5-4 ന് തോല്‍പിച്ചിരുന്നു. ഒരിക്കല്‍കൂടി റൊണാള്‍ഡോക്കെതിരെ വിജയം നേടി അവസാന നൃത്തം പൂര്‍ത്തിയാക്കാനായിരിക്കും മെസ്സി ആഗ്രഹിക്കുക. പക്ഷെ ഫോമും ഗാലറിയും അന്നസ്‌റിനൊപ്പമാണ്.