നാട്ടില്‍ കൊണ്ടുപോയാല്‍ മാത്രം പോരാ; പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഒരു ഗവേഷണം

ജിദ്ദ- നാട്ടിലേക്ക് പോകുമ്പോള്‍ ലഗേജില്‍ മറക്കാതെ ഉള്‍പ്പെടുത്തുന്ന ബദാം ഇവിടെ വെച്ച് കഴിക്കുന്ന പ്രവാസികള്‍ വളരെ കുറവായിരിക്കും. നാട്ടില്‍ കൊണ്ടുപോകാനല്ലാതെ, ഇവിടെ ബാച്ചിലര്‍ റൂമില്‍ വെച്ച് കഴിക്കാന്‍  കൊണ്ടുപോകുന്നവര്‍ തീരെയില്ലെന്നാണ് കച്ചവടക്കാരുടെ സാക്ഷ്യം. എന്നാല്‍ പ്രവാസികള്‍ ഈ പുതിയ പഠനം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
ജീവിത ശൈലീ രോഗങ്ങള്‍ എപ്പോഴും പ്രവാസികള്‍ക്കൊപ്പമുണ്ട്. അവ സങ്കീര്‍ണമാകുമ്പോള്‍ മരുന്നുകള്‍ ഭക്ഷണത്തേക്കള്‍ നിര്‍ബന്ധമാകുകയും ചെയ്യുന്നു. പ്രവാസികള്‍ നേരിടുന്ന പ്രധാന ജീവിത ശൈലി രോഗങ്ങളിലൊന്നാണ് പ്രമേഹം.
രക്തത്തിലെ പഞ്ചസാരയുടെ അളവും ശരീരഭാരവും കുറക്കാന്‍ ബദാം പതിവായി കഴിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.    
ബദാം ദിവസവും കഴിക്കുന്നത് ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കുകയും പാന്‍ക്രിയാറ്റിക് പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് ഫ്രോണ്ടിയേഴ്‌സ് ഇന്‍ ന്യൂട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു. 12 ആഴ്ചയെങ്കിലും സ്ഥിരമായി കഴിക്കണമെന്നാണ് പഠനത്തില്‍ നിര്‍ദേശിക്കുന്നത്.
ബദാം കഴിച്ചവര്‍ക്ക് ശരീര ഭാരം, ബോഡി മാസ് ഇന്‍ഡക്‌സ് (ബിഎംഐ), അരക്കെട്ടിന്റെ അളവ് എന്നിവയില്‍ ഗണ്യമായ കുറവ് കാണപ്പെട്ടു. അവരുടെ മൊത്തം കൊളസ്‌ട്രോള്‍ കുറച്ചതായും ഗവേഷകര്‍ പറഞ്ഞു. ബദാം ഉപയേഗിച്ച് തുടങ്ങിയവരില്‍ ശരീരഭാരത്തിലും രക്തത്തിലെ പഞ്ചസാരയിലും കുറവുണ്ടെന്ന് ചെന്നൈയിലെ മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിഡന്റും പ്രമേഹ ഗവേഷണ പ്രബന്ധം എഴുതിയവരില്‍ ഒരാളുമായ വിശ്വനാഥന്‍ മോഹന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പൊണ്ണത്തടി ലോകമെമ്പാടും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. ഇത് ടൈപ്പ് 2 പ്രമേഹം പോലുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് പ്രമേഹവുമായി ഇഴചേര്‍ന്ന സങ്കീര്‍ണ്ണ പ്രശ്‌നമാണെന്നും ലളിതമായ പരിഹാരമാണ് കണ്ടെത്തിയിരിക്കുന്നതെന്നും വിശ്വനാഥന്‍ മോഹന്‍ അവകാശപ്പെടുന്നു.
ബദാം കഴിക്കുന്നവരില്‍ ഇന്‍സുലിന്‍ ഉണ്ടാക്കുന്ന പാന്‍ക്രിയാസിലെ കോശങ്ങളായ ബീറ്റാ കോശങ്ങളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനം കണ്ടുവെന്ന് മദ്രാസ് സര്‍വകലാശാലയിലെ പിഎച്ച്.ഡി ഗവേഷകയും പഠനത്തിന്റെ രചയിതാവുമായ ഗായത്രി രാജഗോപാല്‍ അഭിപ്രായപ്പെട്ടു. പ്രീഡയബറ്റിസ് ഉള്ളവര്‍ക്ക് ഇത് വളരെ പ്രധാനമാണ്. പതിവായി ബദാം കഴിക്കുന്ന് പ്രമേഹ സാധ്യതയെ വൈകിപ്പിക്കും.   ടൈപ്പ് 2 പ്രമേഹത്തിന് സാധ്യതയുള്ളവര്‍ ആരോഗ്യകരമായ ലഘുഭക്ഷണമായി ബദാം കഴിക്കണമെന്ന് ഗായത്രി രാജഗോപാല്‍ പറഞ്ഞു.
ബദാം കഴിക്കുന്നവരില്‍  മൊത്തം കൊളസ്‌ട്രോളിന്റെയും െ്രെടഗ്ലിസറൈഡുകളുടെയും അളവും തൃപ്തികരമാണ്.  ഇവ രണ്ടും അമിതവണ്ണവും പ്രമേഹവും നിയന്ത്രിക്കുന്നതിന് വളരെ പ്രധാനമാണ്. ബദാം ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യതയും കുറയ്ക്കുമെന്ന് അവര്‍ അവകാശപ്പെട്ടു. ബദാമിന്റെ അനുകൂല ഫാറ്റി ആസിഡ് പ്രൊഫൈലും ഉയര്‍ന്ന വിറ്റാമിന്‍ ഇ ഉള്ളടക്കവും കൊളസ്‌ട്രോളിന്റെയും െ്രെടഗ്ലിസറൈഡുകളുടെയും അളവ് തൃപ്തികരമാക്കുന്നുവെന്ന്  മദ്രാസ് ഡയബറ്റിസ് റിസര്‍ച്ച് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് ആര്‍. എം അഞ്ജന പറഞ്ഞു.
യുഎസിലെ പര്‍ഡ്യൂ യൂണിവേഴ്‌സിറ്റി, സ്‌പെയിനിലെ യൂണിവേഴ്‌സിറ്റാറ്റ് റോവിറ ഐ വിര്‍ഗിലി, യുഎസിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരും ഈ പഠനത്തില്‍ പങ്കെടുത്തു.

 

Latest News