ദോഹ - തെക്കന്‍ കൊറിയ-ഓസ്‌ട്രേലിയ ക്വാര്‍ട്ടര്‍ ഫൈനലിനു പിന്നാലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ അവസാന എട്ടില്‍ മറ്റൊരു തകര്‍പ്പന്‍ പോരാട്ടത്തിന് കളമൊരുങ്ങുന്നു. ബഹ്‌റൈനെ 3-1 ന് തോല്‍പിച്ച് ജപ്പാന്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. സിറിയയെ മറികടക്കുകയാണെങ്കില്‍ ഇറാനായിരിക്കും അവരുടെ എതിരാളികള്‍.
രണ്ടാം പകുതിയില്‍ ഉലഞ്ഞ ശേഷമാണ് ബഹ്‌റൈനെതിരെ ജപ്പാന്‍ ജയിച്ചു കയറിയത്. ഇടവേളക്ക് മുമ്പും പിമ്പുമായി റിറ്റ്‌സു ദോവാനും തകേഫുസ കൂബോയും സ്‌കോര്‍ ചെയ്തതോടെ ജപ്പാന്‍ മേധാവിത്തം നേടിയതായിരുന്നു. എന്നാല്‍ അബദ്ധശാലിയായ ഗോളി സിയോണ്‍ സുസുകിയുടെ സെല്‍ഫ് ഗോള്‍ ബഹ്‌റൈന് പിടിവള്ളിയായി. കളി തീരാന്‍ പത്ത് മിനിറ്റ് ശേഷിക്കെ അയാസെ ഉയേദ സ്‌കോര്‍ ചെയ്തതോടെയാണ് അവര്‍ ശ്വാസം നേരെ വിട്ടത്. ടൂര്‍ണമെന്റില്‍ ഉയേദയുടെ നാലാം ഗോളാണ് ഇത്.
പരിക്കേറ്റ് വിട്ടുനില്‍ക്കുകയായിരുന്ന ബ്രൈറ്റന്‍ വിംഗര്‍ കവോറു മിതോമ രണ്ടാം പകുതിയില്‍ ഇറങ്ങുകയും നിരവധി അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. എങ്കിലും നാലാമത്തെ കളിയിലും ഗോള്‍ വഴങ്ങിയത് ജപ്പാന്‍ പ്രതിരോധത്തിന്റെ കരുത്തിനെക്കുറിച്ച് സംശയം ബലപ്പെടുത്തി.
പത്താം മിനിറ്റില്‍ ഉയേദയുടെ ബുള്ളറ്റ് ഹെഡര്‍ ബഹ്‌റൈന്‍ ഗോളി ഇബ്രാഹിം ലുതഫല്ല തട്ടിത്തെറിപ്പിച്ചതോടെയാണ് കളിക്ക് ജീവന്‍ വെച്ചത്. ബഹ്‌റൈനും അവസരങ്ങള്‍ സൃഷ്ടിച്ചു. മുപ്പത്തൊന്നാം മിനിറ്റില്‍ റൈറ്റ് ബാക്ക് സെയ്യ മയ്കൂമയുടെ ലോംഗ്‌റെയ്ഞ്ചര്‍ പോസ്റ്റിനിടിച്ച് തെറിച്ചതാണ് ഗോളിന് വഴിയൊരുക്കിയത്. ചാടിവീണ ദോവാന്‍ അവസരം മുതലാക്കി.
ഓഫ്‌സൈഡെന്ന് തോന്നിയ ഗോളില്‍ 49ാം മിനിറ്റില്‍ കൂബൊ ലീഡുയര്‍ത്തി. വീഡിയൊ പരിശോധനയില്‍ ബഹ്‌റൈന്‍ ഡിഫന്ററില്‍ നിന്നാണ് പന്ത് വന്നതെന്ന് കണ്ടെത്തി. എന്നാല്‍ 64ാം മിനിറ്റില്‍ ജപ്പാന്‍ ഗോളി സ്വന്തം പോസ്റ്റിലേക്ക് പന്തടിച്ചു. പന്ത് പിടിക്കാന്‍ ശ്രമിക്കവെ ഗോളിക്ക് ദിശ തെറ്റുകയും ഉയേദയുമായി കൂട്ടിയിടിക്കുകയുമായിരുന്നു. ഇരുപത്തൊന്നുകാരന്‍ ടൂര്‍ണമെന്റില്‍ പലതവണ പിഴവ് വരുത്തി.