ദോഹ -ഫൈനലിന് മുമ്പിലെ ഫൈനല്‍ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ പ്രി ക്വാര്‍ട്ടറില്‍ ഫൈനലില്‍ സൗദി അറേബ്യയും തെക്കന്‍ കൊറിയയും ആദ്യ പകുതിയില്‍ ഗോളടിക്കാതെ പിരിഞ്ഞു. ഇടവേളക്ക് അല്പം മുമ്പ് തുടരെ രണ്ടു തവണ ക്രോസ് ബാര്‍ സൗദിക്ക് തടസ്സം നിന്നു. ആദ്യം സാലിഹ് അല്‍ശഹരിയുടെ ഹെഡര്‍ ക്രോസ്ബാറിനിടിച്ച് തെറിച്ചു. റീബൗണ്ട് അലി അലജമി തിരിച്ചുവിട്ടപ്പോഴും ക്രോസ്ബാറിനിടിച്ചു. മൂന്നാം തവണ സൗദി ശ്രമിച്ചപ്പോള്‍ കോര്‍ണര്‍ വഴങ്ങി കൊറിയന്‍ പ്രതിരോധം അപകടമകറ്റി.
സൗദി ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനക്കാരും കൊറിയ ഗ്രൂപ്പ് ഇ-യില്‍ രണ്ടാം സ്ഥാനക്കാരുമായിരുന്നു. ഏഷ്യന്‍ കപ്പില്‍ കൊറിയയുമായി മൂന്നു തവണ സൗദി കളിച്ചിട്ടുണ്ട്. ഒരിക്കല്‍പോലും തോറ്റിട്ടില്ല. ഏറെ ആദരവുണ്ടെങ്കിലും ആരെയും ഭയക്കുന്നില്ലെന്ന് കൊറിയന്‍ കോച്ച് യൂര്‍ഗന്‍ ക്ലിന്സ്മന് പറഞ്ഞു. ആര് ജയിച്ചാലും അവരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാത്തുനില്‍ക്കുന്നത് 2015 ലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയാണ്. രണ്ട് സൂപ്പര്‍സ്റ്റാര്‍ കോച്ചുമാരുടെ പോരാട്ടം കൂടിയായിരിക്കും സൗദി-കൊറിയ മത്സരം.