വിശാഖപട്ടണം - ഇന്ത്യക്കെതിരെ വെള്ളിയാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പുതുമുഖ സ്പിന്നര്‍ ശുഐബ് ബഷീര്‍ കളിച്ചേക്കുമെന്ന് ഇംഗ്ലണ്ട് കോച്ച് ബ്രന്‍ഡന്‍ മക്കല്ലം. പരമ്പരയിലെ ഏതെങ്കിലും ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ മാത്രമടങ്ങുന്ന ബൗളിംഗ് നിരയുമായി ഇംഗ്ലണ്ട് കളിക്കാന്‍ സാധ്യതയുണ്ടെന്ന് മക്കല്ലം സൂചിപ്പിച്ചു. വിസ പ്രശ്‌നം കാരണം ഇന്ത്യയിലേക്കുള്ള യാത്ര വൈകിയ ബഷീര്‍ ഞായറാഴ്ചയാണ് ഹൈദരാബാദില്‍ ടീമിനൊപ്പം ചേര്‍ന്നത്. ടീമിലെ ഏറ്റവും പരിചയസമ്പന്നനായ സ്പിന്നര്‍ ജാക്ക് ലീച്ചിന് പരിക്കുണ്ട്. ഹൈദരാബാദില്‍ ഇംഗ്ലണ്ട് ജയിച്ച ടെസ്റ്റില്‍ ലീച്ചിന് കുറച്ചു ഓവറുകളേ ബൗള്‍ ചെയ്യാന്‍ സാധിച്ചിരുന്നുള്ളൂ. ലീച്ച് ഫിറ്റ്‌നസ് നേടുകയാണെങ്കില്‍ നാല് സ്പിന്നര്‍മാരെയും കളിപ്പിക്കാന്‍ ഇംഗ്ലണ്ട് ആലോചിച്ചക്കും. ആദ്യ ടെസ്റ്റില്‍ മാര്‍ക്ക് വുഡ് മാത്രമായിരുന്നു ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവനിലെ ഏക പെയ്‌സര്‍.
രണ്ടാം ടെസ്റ്റില്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കുന്ന കാര്യം ഇന്ത്യന്‍ ടീം മാനേജ്‌മെന്റും ആലോചിക്കുന്നു. എങ്കില്‍ ജസ്പ്രീത് ബുംറ മാത്രമായിരിക്കും പ്ലേയിംഗ് ഇലവനിലെ ഏക പെയ്‌സ്ബൗളര്‍. ആര്‍. അശ്വിനൊപ്പം അക്ഷര്‍ പട്ടേലും കുല്‍ദീപ് യാദവും സ്പിന്നാക്രമണത്തിന് ചുക്കാന്‍ പിടിക്കും. ഹൈദരാബാദ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ നാലോവറും രണ്ടാം ഇന്നിംഗ്‌സില്‍ ഏഴോവറും മാത്രമാണ് സിറാജ് എറിഞ്ഞത്.
കെ.എല്‍ രാഹുലിന് പകരം രജത് പട്ടിധാറോ സര്‍ഫറാസ് ഖാനോ മധ്യനിരയില്‍ കളിക്കും. ചിലപ്പോള്‍ രണ്ടു പേരെയും ടീമിലുള്‍പെടുത്തിയേക്കും.
ഏറെക്കാലമായി ഇന്ത്യന്‍ ടീമിന്റെ പടിവാതില്‍ക്കലാണ് സര്‍ഫറാസ്. രഞ്ജി ട്രോഫിയില്‍ കൂടുതല്‍ റണ്‍സെടുത്ത കളിക്കാരനായിട്ടും അവഗണിക്കപ്പെട്ടത് വിവാദമായിരുന്നു. ഇന്ത്യ ലയണ്‍സിനെതിരായ മത്സരത്തില്‍ ഇന്ത്യ എ-ക്കു വേണ്ടി സെഞ്ചുറി നേടിയാണ് സര്‍ഫറാസ് സീനിയര്‍ ടീമില്‍ സ്ഥാനം പിടിച്ചത്. 160 പന്തില്‍ 161 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 45 കളികളില്‍ 14 സെഞ്ചുറിയടിച്ചിട്ടുണ്ട്, എഴുപതിനടുത്താണ് ബാറ്റിംഗ് ശരാശരി.
ഉത്തര്‍പ്രദേശിന്റെ ഇടങ്കൈയന്‍ സ്പിന്നറായ സൗരഭ് 2022 ഡിസംബറിലെ ബംഗ്ലാദേശ് പര്യടനത്തില്‍ ടീമിലുണ്ടായിരുന്നു. എങ്കിലും പ്ലേയിംഗ് ഇലവനിലെത്തിയില്ല. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഇന്ത്യ എ-യുടെ വിജയത്തില്‍ രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റെടുത്തിരുന്നു.
രവീന്ദ്ര ജദേജക്കു പകരം ആര് കളിക്കുമെന്നതാണ് പ്രശ്‌നം. സമീപകാലത്ത് ബൗളിംഗിലും ബാറ്റിംഗിലും മുന്‍നിരയിലാണ് ജദേജ. ജദേജയെ പോലെ ഒരുപാട് ഓവര്‍ എറിയാന്‍ കുല്‍ദീപ് യാദവിനും സൗരഭ്കുമാറിനും സാധിക്കും. എന്നാല്‍ ബാറ്റിംഗില്‍ ഇരുവരും വട്ടപ്പൂജ്യമാണ്. വാഷിംഗ്ടണ്‍ സുന്ദര്‍ ബാറ്റിംഗില്‍ കരുത്തനാണെങ്കിലും ആകെ നേടിയത് ആറു വിക്കറ്റാണ്.