ദോഹ -ഫൈനലിന് മുമ്പിലെ ഫൈനല്‍ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടറില്‍ സൗദി അറേബ്യ അല്‍പസമയത്തിനകം തെക്കന്‍ കൊറിയയുമായി ഏറ്റുമുട്ടും. സൗദി ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനക്കാരും കൊറിയ ഗ്രൂപ്പ് ഇ-യില്‍ രണ്ടാം സ്ഥാനക്കാരുമായിരുന്നു. ഏഷ്യന്‍ കപ്പില്‍ കൊറിയയുമായി മൂന്നു തവണ സൗദി കളിച്ചിട്ടുണ്ട്. ഒരിക്കല്‍പോലും തോറ്റിട്ടില്ല. എജുക്കേഷന്‍ സിറ്റി ഗാലറി സൗദി ആരാധകരാല്‍ പച്ചയണിയുമെന്നതും കൊറിയക്ക് ഭീഷണിയാണ്. സൗദി ടീമിനോടും കോച്ച് റോബര്‍ടൊ മാഞ്ചീനിയോടും ഏറെ ആദരവുണ്ടെങ്കിലും ആരെയും ഭയക്കുന്നില്ലെന്ന് കൊറിയന്‍ കോച്ച് യൂര്‍ഗന്‍ ക്ലിന്‍സ്മന്‍ പറഞ്ഞു. ആര് ജയിച്ചാലും അവരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കാത്തുനില്‍ക്കുന്നത് 2015 ലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയാണ്. രണ്ട് സൂപ്പര്‍സ്റ്റാര്‍ കോച്ചുമാരുടെ പോരാട്ടം കൂടിയായിരിക്കും സൗദി-കൊറിയ മത്സരം.
മാഞ്ചീനി കോച്ചായി ചുമതലയേറ്റെടുത്ത ശേഷം കൊറിയയുമായുള്ള സൗഹൃദ മത്സരത്തില്‍ സൗദി തോറ്റിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ആറു ഗോള്‍ വഴങ്ങിയെന്നതു കൊണ്ട് മാത്രം കൊറിയ മോശം ടീമാവില്ലെന്ന് മാഞ്ചീനി ഓര്‍മിപ്പിച്ചു.
കൊറിയ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നുവെങ്കില്‍ ജപ്പാനുമായി പ്രി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടേണ്ടി വരുമായിരുന്നു. മലേഷ്യക്കെതിരായ അവസാന ലീഗ് മത്സരത്തില്‍ ഇഞ്ചുറി ടൈമിന്റെ പതിനഞ്ചാം മിനിറ്റില്‍ അവര്‍ സമനില വഴങ്ങി. മലേഷ്യ ഗോളടിച്ചപ്പോള്‍ ക്ലിന്‍സ്മന്‍ ചിരിക്കുകയാണ് ചെയ്തത്. ജപ്പാനെ ഒഴിവാക്കാന്‍ സമനില ഗോള്‍ വഴങ്ങിയതാണെന്ന ഊഹാപോഹത്തിന് ഇത് കാരണമായി. ഗ്രൂപ്പ് ഇ-യില്‍ കൊറിയയെ കടന്ന് ബഹ്‌റൈന്‍ ഒന്നാം സ്ഥാനത്തെത്തി.
ടോട്ടനം നായകന്‍ സോന്‍ ഹ്യുംഗ് മിന്‍ നയിക്കുന്ന കൊറിയന്‍ ടീമില്‍ വിദേശ ലീഗുകളില്‍ കരുത്ത് തെളിയിച്ച നിരവധി കളിക്കാരുണ്ട്. ഗോള്‍കീപ്പര്‍ കിം സ്യുംഗ് ഗ്യൂ സൗദിയില്‍ അല്‍ശബാബിന്റെ കാവലാളാണ്.
ബയേണ്‍ മ്യൂണിക് ഡിഫന്റര്‍ കിം മിന്‍ ജേ, ബ്രന്റ്ഫഡിന്റെ കിം ജി സൂ, മയ്ന്‍സിന്റെ മിഡ്ഫീല്‍ഡര്‍ ലീ ഡേ സുംഗ്, പി.എസ്.ജിയുടെ മധ്യനിര താരം ലീ കാംഗ് ഇന്‍, വുള്‍വര്‍ഹാംപ്റ്റന്‍ വാന്‍ഡറേഴ്‌സ് സ്‌ട്രൈക്കര്‍ ഹ്വാംഗ് ഹീ ചാന്‍ എന്നിവരും കൊറിയന്‍ ടീമിലുണ്ട്.