സെഞ്ചുറിക്ക് പിന്നാലെ മുശീറിന് വിക്കറ്റ്, കിവീസ് തകര്‍ന്നടിയുന്നു

ബ്ലൂംഫൊണ്ടയ്ന്‍ - അണ്ടര്‍-19 ലോകകപ്പിന്റെ സൂപ്പര്‍ സിക്‌സസിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്റിനെതിരെ ഇന്ത്യ വന്‍ വിജയത്തിലേക്ക്. ഇന്ത്യയുടെ എട്ടിന് 295 പിന്തുടരുന്ന ന്യൂസിലാന്റ് പത്തൊമ്പതാം ഓവറില്‍ ആറിന് 55 ലേക്ക് തകര്‍ന്നു. 13 റണ്‍സെടുക്കുമ്പോഴേക്കും മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട കിവീസിന് അതിന്റെ അഘാതത്തില്‍നിന്ന് കരകയറാനായില്ല. രാജ് ലിംബാനി ആദ്യ ഓവറില്‍ രണ്ട് വിക്കറ്റെടുത്തു. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ ടോം ജോണ്‍സിനെ ബൗള്‍ഡാക്കിയ ലിംബാനി പകരം വന്ന സ്‌നേഹിത് റെഡ്ഢിയെ (0) അഞ്ചാമത്തെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഓപണര്‍ ജെയിംസ് നെല്‍സനെയും (10) ലകലാന്‍ സ്റ്റാക്‌പോളിനെയും (5) സൗമ്യ പാണ്ഡെ പുറത്താക്കി. ഒലിവര്‍ തെവാതിയയുടെ (7) കുറ്റി നമാന്‍ തിവാരി തെറിപ്പി്ചചു. ക്യാപ്റ്റന്‍ ഓസ്‌കര്‍ ജാക്‌സന്റെ (19) വിലപ്പെട്ട വിക്കറ്റ് മുശീര്‍ ഖാന്‍ സ്വന്തമാക്കി. ആറ് വിക്കറ്റെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഫീല്‍ഡര്‍മാരുടെ സഹായം വേണ്ടി വന്നില്ല. മൂന്നു പേര്‍ ബൗള്‍ഡായി, മൂന്നു പേര്‍ എല്‍.ബിയും. 
നേരത്തെ 126 പന്തില്‍ 131 റണ്‍സടിച്ച മുശീര്‍ ഖാനും അര്‍ധ സെഞ്ചുറി നേടിയ ആദര്‍ശ് സിംഗുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. മെയ്‌സന്‍ ക്ലാര്‍ക്ക് നാല് വിക്കറ്റെടുത്തു. അച്ചടക്കത്തോടെ പന്തെറിഞ്ഞ ന്യൂസിലാന്റിനെതിരെ അനായാസം സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരക്ക് സാധിച്ചില്ല. മൂന്ന് സിക്‌സറും 13 ബൗണ്ടറിയുമുണ്ട് മുശീറിന്റെ ഇന്നിംഗ്‌സില്‍. ടൂര്‍ണമെന്റില്‍ മുശീറിന്റെ രണ്ടാം സെഞ്ചുറിയാണ് ഇത്. മൂന്ന് സിക്‌സറും
ഇന്ത്യക്ക് അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ (9) അഞ്ചാം ഓവറില്‍ നഷ്ടപ്പെട്ടെങ്കിലും ആദര്‍ശ് സിംഗും (58 പന്തില്‍ 52) മുശീറും ഇന്നിംഗ്‌സിന് അടിത്തറയിട്ടു. 109 പന്തില്‍ ഒരു സിക്‌സറും 10 ബൗണ്ടറിയും സഹിതമാണ് മുശീര്‍ സെഞ്ചുറിയിലെത്തിയത്. ക്യാപ്റ്റന്‍ ഉദയ് സഹാറന്‍ (34), രണ്ട് സിക്‌സറോടെ തുടങ്ങിയ ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞ ആരവല്ലി അവനീഷ് (17) എന്നിവര്‍ തുടക്കം പാഴാക്കി. 
മുശീര്‍ ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ശേഷം അമേരിക്കക്കെതിരെ 73 റണ്‍സും അയര്‍ലന്റിനെതിരെ 118 റണ്‍സും നേടി. മുശീറിന്റെ ജ്യേഷ്ഠന്‍ സര്‍ഫറാസ് ഖാന്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിലുണ്ട്.
 

Latest News