ദോഹ - ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏറ്റവും റാങ്കിംഗ് കുറഞ്ഞ ടീമായ തായ്‌ലന്റിനെ 2-1 ന് തോല്‍പിച്ച് ഉസ്‌ബെക്കിസ്ഥാന്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തറുമായാണ് അവര്‍ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക.
മുപ്പത്തേഴാം മിനിറ്റില്‍ അസീസ്‌ബെക് തുര്‍ഗാന്‍ബോയേവ് ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ നേടിയ ഗോളിലൂടെ ഉസ്‌ബെക്കിസ്ഥാന്‍ ലീഡ് നേടിയെങ്കിലും ഇടവേളക്കു ശേഷം തായ്‌ലന്റ് ഗോള്‍ മടക്കി. അമ്പത്തെട്ടാം മിനിറ്റില്‍ പകരക്കാരന്‍ സുപാചോക് സരാചത്താണ് തകര്‍പ്പന്‍ ലോംഗ്‌റെയ്ഞ്ചറിലൂടെ വല കുലുക്കിയത്. എന്നാല്‍ ഏഴ് മിനിറ്റിന് ശേഷം ഇരുപതുകാരന്‍ അബ്ബോസ്‌ബെക് ഫയ്‌സുല്ലായേവിലൂടെ ഉസ്‌ബെക്കിസ്ഥാന്‍ ലീഡ് വീണ്ടെടുത്തു. ഇന്ത്യയുള്‍പ്പെടുന്ന ഗ്രൂപ്പില്‍നിന്നാണ് ഉസ്‌ബെക്കിസ്ഥാന്‍ നോക്കൗട്ടിലെത്തിയത്. സൗദി അറേബ്യയുള്‍പ്പെടുന്ന ഗ്രൂപ്പില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ തായ്‌ലന്റ് നോക്കൗട്ടിലെത്തി.
ആദ്യ 25 മിനിറ്റില്‍ ഉസ്‌ബെക്കിസ്ഥാന് ലീഡ് നേടാന്‍ കിട്ടിയ മൂന്ന് തുറന്ന അവസരം ഒസ്‌തോന്‍ യൂറുനോവ് പാഴാക്കിയിരുന്നു. ജലോലുദ്ദീന്‍ മശാരിപോവിന്റെ ഷോട്ട് തായ് ഗോള്‍കീപ്പര്‍ പാതിവത് ഖമ്മായ് രക്ഷിച്ചു.
ഫലസ്തീനെതിരെ ആദ്യം ഗോള്‍ വഴങ്ങിയ ശേഷമാണ് ഖത്തര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. ആദ്യമായി നോക്കൗട്ട് കളിക്കുന്ന ഫലസ്തീനെ അവര്‍ 2-1 ന് തോല്‍പിച്ചു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഗാലറിയില്‍ പലരും സോറി, ഫലസ്തീന്‍ എന്ന ബാനറുകള്‍ ഉയര്‍ത്തി. തോറ്റെങ്കിലും ഫലസ്തീന്‍ കളിക്കാര്‍ ചാമ്പ്യന്മാരാണെന്ന് അവരുടെ ഏറ്റവും മികച്ച ഏഷ്യന്‍ കപ്പിനു ശേഷം കോച്ച് മഖ്‌റം ദബൂബ് അഭിപ്രായപ്പെട്ടു. ഹോങ്കോംഗിനെ 3-0 ന് തോല്‍പിച്ചാണ് അവര്‍ പ്രി ക്വാര്‍ട്ടറിലെത്തിയത്.
ഖത്തറിനെതിരെയും ആദ്യം ഗോളടിച്ചത് ഫലസ്തീനാണ്, മുപ്പത്തേഴാം മിനിറ്റില്‍ ഉദയ് ദബ്ബാഗ് സ്‌കോര്‍ ചെയ്തു. കൈകളില്‍ ചങ്ങലയെന്ന ആംഗ്യം കാണിച്ച് ഫലസ്തീന്‍ ജനതയുടെ അവസ്ഥ പ്രതിഫലിപ്പിച്ചാണ് അവര്‍ ഗോളാഘോഷിച്ചത്.
41 സ്ഥാനം പിന്നിലുള്ള ഫലസ്തീനെതിരെ ക്രമേണ ഖത്തര്‍ ആധിപത്യം നേടി. ഇടവേളക്ക് അല്‍പം മുമ്പ് ക്യാപ്റ്റന്‍ ഹസന്‍ അല്‍ഹൈദോസിലൂടെ അവര്‍ സമനില നേടി. അക്രം അഫീഫാണ് സമര്‍ഥമായി അവസരമൊരുക്കിയത്. ഇടവേള കഴിഞ്ഞ് നാലാം മിനിറ്റില്‍ അഫീഫ് ടൂര്‍ണമെന്റിലെ തന്റെ നാലാം ഗോളിലൂടെ ലീഡ് പിടിച്ചു.
അറുപതിനായിരം പേരാണ് കളി കാണാനെത്തിയത്. ഇതുവരെ പത്ത് ലക്ഷത്തിലേറെ പേര്‍ കളി കണ്ടു. ഏറ്റവുമധികം പേര്‍ വീക്ഷിച്ച ഏഷ്യന്‍ കപ്പായി ഇത്. 2004 ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ കപ്പിനായിരുന്നു നിലവിലെ റെക്കോര്‍ഡ്.