ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ പ്രി ക്വാര്‍ട്ടറില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തറിനെതിരെ ഫലസ്തീന്‍ പോരാടുന്നത് കിരാതയുദ്ധത്തിന്റെ ഭീകരതക്കിടയിലും വെസ്റ്റ്ബാങ്കിലെ ജനത വീക്ഷിച്ചു. ടീമിന് പ്രാര്‍ഥനയുമായി അവര്‍ കൂടെ നിന്നു. ക്യാപ്റ്റന്‍ മുസ്അബ് അല്‍ബതാതിന്റെ ഉമ്മുമ്മ ഹെബ്രോണ്‍ ഗ്രാമമായ അല്‍ദഹരിയയിലെ വീട്ടിലിരുന്നാണ് കളി കണ്ടത്. ഫലസ്തീന്‍ ടീം ആദ്യം ഗോളടിച്ചപ്പോള്‍ അവര്‍ കൈകളുയര്‍ത്തി നാഥന് നന്ദി പറഞ്ഞു. തോറ്റെങ്കിലും ഫലസ്തീന്‍ ജനതക്ക് 90 മിനിറ്റ് അഭിമാനത്തിന്റേതായിരുന്നു.
ദഹരിയയിലെ വീട്ടില്‍ ബതാതിന്റെ നാല് തലമുറകളാണ് പ്ലാസ്റ്റിക് കസേരയില്‍ വട്ടമിരുന്ന് ടീമിന്റെ പോരാട്ടം വീക്ഷിച്ചത്. തിങ്കളാഴ്ചയും വെസ്റ്റ്ബാങ്കില്‍ അഞ്ച് ഫലസ്തീനികളെ ഇസ്രായില്‍ സൈന്യം വധിച്ചുവെന്ന് മുസ്അബിന്റെ മാതാവ് ഹന അല്‍ഹവാരിന്‍ ഓര്‍മിപ്പിച്ചു. ഇസ്രായിലി അധിനിവേശമില്ലെങ്കില്‍ മുസ്അബ് ഫുട്‌ബോളില്‍ കൂടുതല്‍ ഉയരങ്ങളിലെത്തുമായിരുന്നുവെന്ന് ഹവാരിന്‍ പറഞ്ഞു. ഗാസയിലെയും വെസ്റ്റ്ബാങ്കിലെയും കളിക്കാരെ ഫലസ്തീന്‍ ടീമായി ഒരുമിച്ചു കൂട്ടാന്‍ പോലും ഇസ്രായില്‍ സൃഷ്ടിച്ച ഒട്ടനവധി പ്രതിബന്ധങ്ങള്‍ മറികടക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.