മുംബൈ - 2022 ഡിസംബര്‍ 30 പുലര്‍ച്ചെയായിരുന്നു റിഷഭ് പന്തിന്റെ ജീവിതം മാറ്റിമറിച്ച ആ കാറപകടം സംഭവിച്ചത്. ന്യൂദല്‍ഹിയില്‍ നിന്ന റൂര്‍ക്കിയിലേക്കുള്ള യാത്രക്കിടെ ഡെറാഡൂണ്‍ ഹൈവേയിലായിരുന്നു റിഷഭിന്റെ എസ്.യു.വി മറ്റൊരു വാഹനത്തിലിടിച്ച് കത്തിയത്. കാല്‍മുട്ടിന് ഗുരുതരമായി പരിക്കേല്‍ക്കുകയും നെറ്റിയില്‍ മുറിവേല്‍ക്കുകയും ചെയ്ത ഇരുപത്താറുകാരന് പിന്നീട് ഇതുവരെ കളിച്ചിട്ടില്ല.
എന്റെ സമയം അവസാനിച്ചുവെന്നാണ് ജീവിതത്തിലാദ്യമായി തോന്നിയത്. അപകടം നടന്നയുടനെ മുറിവുകളെക്കുറിച്ച് എനിക്ക് ബോധമുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ കൂടുതല്‍ ഗുരുതരമായ പരിക്കുകള്‍ സംഭവിക്കേണ്ടതായിരുന്നു. ആരോ എന്നെ രക്ഷിക്കുകയായിരുന്നു. എത്ര കാലമെടുക്കും സുഖം പ്രാപിക്കാന്‍ എന്ന് ഡോക്ടറോട് ചോദിച്ചു. 16-18 മാസം എന്നായിരുന്നു മറുപടി -റിഷഭ് പറഞ്ഞു.
സഹോദരി പ്രതിമയാണ് അതിരാവിലെ വിളിച്ച് അപകടവാര്‍ത്ത അറിയിച്ചതെന്ന് ഇന്ത്യന്‍ ടീമിലെയും ദല്‍ഹി കാപിറ്റല്‍സിലെയും സഹതാരം അക്ഷര്‍ പട്ടേല്‍ വെളിപ്പെടുത്തി. എപ്പോഴാണ് റിഷഭുമായി അവസാനമായി സംസാരിച്ചതെന്നാണ് അവള് ചോദിച്ചത്. കഴിഞ്ഞ ദിവസം വിളിക്കാന്‍ ശ്രമിച്ച കാര്യം ഞാന്‍ പറഞ്ഞു. റിഷഭിന്റെ അമ്മയുടെ ഫോണ്‍ നമ്പര്‍ വേണമെന്നും റിഷഭിന് കാറപകടം സംഭവിച്ചുവെന്നും പിന്നീട് അവള് അറിയിച്ചു. അരുതാത്തതെന്തോ സംഭവിച്ചുവെന്ന് ഞാന്‍ ഭയന്നു -അക്ഷര്‍ പറഞ്ഞു.