കൊച്ചി - ഗോകുലം കേരളക്ക് കടമായി നല്കിയ നൈജീരിയന്‍ സ്ട്രൈക്കര്‍ ജസ്റ്റിന് ഇമ്മാനുവലിനെ കേരളാ ബ്ലാസ്റ്റേഴ്സ് തിരികെ വിളിച്ചു. ഘാനാ സ്ട്രൈക്കര്‍ ക്വാമെ പെപ്രക്ക് പരിക്കേറ്റ സാഹചര്യത്തിലാണ് ഇത്. ഓഗസ്റ്റിലാണ് ഇരുപതുകാരന് ജസ്റ്റിനെ ഒരു വര്‍ഷത്തേക്ക് ഗോകുലത്തിന് കടമായി നല്‍കിയത്. ഐ-ലീഗിലും ഡ്യൂറന്റ് കപ്പിലും സൂപ്പര്‍ കപ്പിലുമായി ജസ്റ്റിന് ഗോകുലത്തിന് വേണ്ടി 14 മത്സരം കളിച്ചു.
ഇടവേളക്ക് ശേഷം ഐ.എസ്.എല്‍ പുനരാരംഭിക്കാനിരിക്കെയാണ് ബ്ലാസ്റ്റേഴ്സ് ആക്രമണത്തില്‍ ഈ സീസണിലെ ശ്രദ്ധേയനായ ഘാനക്കാരന്‍ ക്വാമെ പെപ്രക്ക് പരിക്കേറ്റത്. ഇരുപത്തിമൂന്നുകാരന് ഈ സീസണില്‍ ഇനി കളിക്കാനാവില്ല. ഈ മാസം 15 ന കലിംഗ സൂപ്പര്‍ കപ്പ് ഫുട്ബോളില്‍ ജാംഷഡ്പൂര്‍ എഫ്.സിക്കെതിരായ മത്സരത്തിലാണ് പെപ്രക്ക് ഇടുപ്പിന് പരിക്കേറ്റത്.
അഡ്രിയാന്‍ ലൂണ, ജോഷ്വ സോറ്റീരിയൊ, ജീക്സന് സിംഗ്, അയ്ബാന്‍ഭ ഡോളിംഗ് എന്നിവര്‍ ഇതിനകം പരിക്കേറ്റ് വിട്ടുനില്‍ക്കുകയാണ്.
ഐ.എസ്.എല്ലില്‍ 12 കളിയില്‍ 26 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ഇന്റര്‍നാഷനല്‍ മത്സരങ്ങളുടെ ഇടവേള കഴിഞ്ഞ ഐ.എസ്.എല്‍ ജനുവരി 31 ന് പുനരാരംഭിക്കും. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളി ഒഡിഷക്കെതിരായ എവേ മത്സരമാണ്, ഫെബ്രുവരി രണ്ടിന്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഫെബ്രുവരി 12 ന് പഞ്ചാബ് എഫ്.സിക്കെതിരെയാണ്. ഇന്റര്‍നാഷനല്‍ ഇടവേളക്കായി പിരിയുമ്പോള്‍ 12 കളിയില്‍ എട്ട് ജയവും രണ്ട് സമനിലയുമായി 26 പോയന്റോടെ ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്താണ്. ഗോവക്ക് (10 കളിയില്‍ 24) ബ്ലാസ്റ്റേഴ്സിനെ മറികടക്കാന്‍ അവസരമുണ്ട്. ഒഡിഷ എഫ്.സി മൂന്നാം സ്ഥാനത്തും (12 കളിയില്‍ 24) മുംബൈ സിറ്റി (11 കളിയില്‍ 22) നാലാമതുമാണ്. ഇന്റര്‍നാഷനല്‍ ഇടവേളയില്‍ നടന്ന സൂപ്പര്‍ കപ്പില്‍ ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തിയിരുന്നു.
ജാംഷഡ്പൂര്നോര്ത്ഈസ്റ്റ് യുനൈറ്റഡ് മത്സരത്തോടെയാണ് 31 ന് ഐ.എസ്.എല്‍ പുനരാരംഭിക്കുക. മോഹന്‍ബഗാനും ഈസ്റ്റ്ബംഗാളും തമ്മിലുള്ള കൊല്‍ക്കത്ത ഡാര്‍ബി ഫെബ്രുവരി മൂന്നിനാണ്. ഇന്റര്‍നാഷനല്‍ ഇടവേളയില്‍ ഏഷ്യാ കപ്പ് കളിച്ച ഇന്ത്യ മൂന്നു കളിയും തോറ്റ് പുറത്തായിരുന്നു.