ഹൈദരാബാദ് - ജയസാധ്യതകള്‍ പലതവണ മാറിമറിഞ്ഞ ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അവിസ്മരണീയ വിജയം. അരങ്ങേറ്റത്തില്‍ ഏഴു വിക്കറ്റെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്‌ലിയും 196 റണ്‍സെടുത്ത ഒല്ലി പോപ്പുമാണ് പരാജയത്തിന്റെ വക്കിലായിരുന്ന ഇംഗ്ലണ്ടിന് 28 റണ്‍സ് വിജയം സമ്മാനിച്ചത്. കണ്ണും പൂട്ടിയടിച്ച് ഇന്ത്യയെ വിജയത്തോടടുപ്പിച്ച ജസ്പ്രീത് ബുംറ-മുഹമ്മദ് സിറാജ് കൂട്ടുകെട്ട് പൊളിച്ചാണ് ഇംഗ്ലണ്ട് ആശങ്കാജനകമായ അവസാന ഓവറുകളില്‍ വിജയം പൂര്‍ത്തിയാക്കിയത്. ഹാര്‍ട്‌ലിയെ അടിക്കാനായി ചാടിയിറങ്ങിയ ഹൈദരാബാദുകാരന്‍ സിറാജിനെ (12) വിക്കറ്റ്കീപ്പര്‍ സ്റ്റമ്പ് ചെയ്തതോടെ ഹൈദരാബാദ് സ്‌റ്റേഡിയം നിശ്ശബ്ദമായി.
നാലാം ദിനം ചായക്കു ശേഷം പത്തോവറിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ടതോടെ ഇന്ത്യ പരാജയം തുറിച്ചുനോക്കിയിരുന്നു. പിന്നീട് ആര്‍. അശ്വിനും (28) ശ്രീകര്‍ ഭരതും (28) അര്‍ധ സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ പ്രതീക്ഷയുയര്‍ത്തി. പക്ഷെ സ്റ്റമ്പെടുക്കാന്‍ ഏതാനും ഓവര്‍ ശേഷിക്കെ ഇരുവരെയും അരങ്ങേറ്റ സ്പിന്നര്‍ ടോം ഹാര്‍ട്‌ലി പുറത്താക്കിയതോടെ കളി ഇംഗ്ലണ്ടിന്റെ കൈയിലായി.
ഭരതിനെ (28) ബൗള്‍ഡാക്കിയ ഹാര്‍ട്‌ലി അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. ഇന്ത്യ എട്ടിന് 176 ലേക്ക് തകര്‍ന്നു. ഹാര്‍ട്‌ലിയുടെ ടുത്ത ഓവറില്‍ അശ്വിനെ ബെന്‍ ഫോക്‌സ് സ്റ്റമ്പ് ചെയ്തു.
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയില്‍ ചായക്കു പിരിഞ്ഞ ഇന്ത്യക്ക് ചായക്കു ശേഷം ഒരു റണ്‍ പോലും ചേര്‍ക്കും മുമ്പെ അക്ഷര്‍ പട്ടേലിനെ (17) നഷ്ടപ്പെട്ടു. ആദ്യ മൂന്നു വിക്കറ്റുമെടുത്ത ഹാര്‍ട്‌ലി തന്നെയാണ് അക്ഷറിനെ സ്വന്തം ബൗളിംഗില്‍ പിടിച്ചത്. കെ.എല്‍ രാഹുലിനെ (22) ജോ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ അത്യുജ്വല ഫീല്‍ഡിംഗില്‍ രവീന്ദ്ര ജദേജ (2) റണ്ണൗട്ടായി. ശ്രേയസ് അയ്യറെ (13) ലീച്ചിന്റെ ബൗളിംഗില്‍ സ്ലിപ്പില്‍ റൂട്ട് പിടിച്ചതോടെ ഇന്ത്യ ഏഴിന് 119 ലേക്ക് തകര്‍ന്നു. മൂന്ന് വിക്കറ്റ് ശേഷിക്കെ 112 റണ്‍സ് അകലെയാണ് ജയം.
മൂന്നിന് 63 ല്‍ ക്രീസില്‍ ഒരുമിച്ച രാഹുലും അക്ഷറും 32 റണ്‍സ് കൂട്ടുകെട്ടിലൂടെ പ്രതീക്ഷ നല്‍കിയതായിരുന്നു. രോഹിത് ശര്‍മ (39), യശസ്വി ജയ്‌സ്വാള്‍ (15) ശുഭ്മന്‍ ഗില്‍ (0) എന്നിവരെ ടോം ഹാര്‍ട്‌ലി പുറത്താക്കി.
ഇന്നിംഗ്‌സ് തോല്‍വി അഭിമുഖീകരിച്ച ഇംഗ്ലണ്ട് നാടകീയമായി തിരിച്ചുവരികയും 420 റണ്‍സ് രണ്ടാം ഇന്നിംഗ്‌സില്‍ നേടുകയും ചെയ്തു. ഒല്ലി പോപ്പിന്റെ അത്യുജ്വല ഇന്നിംഗ്‌സാണ് (196) കളി തിരിച്ചത്.
രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ 231 റണ്‍സെടുത്ത് ഒരു ടീമും ജയിച്ചിട്ടില്ല. എന്നാല്‍ വിരലിലെണ്ണാവുന്ന ടെസ്റ്റുകളേ ഈ ഗ്രൗണ്ടില്‍ നടന്നിട്ടുള്ളൂ. ഇന്ത്യയില്‍ 231നെക്കാള്‍ ഉയര്‍ന്ന റണ്‍സ് സ്‌കോര്‍ ചെയ്ത് ജയിച്ച അഞ്ച് സന്ദര്‍ഭങ്ങളേയുള്ളൂ. ഇംഗ്ലണ്ടിനെതിരെ 2008 ല്‍ ചെന്നൈയില്‍ 387 റണ്‍സെടുത്ത് ഇന്ത്യ ജയിച്ചതാണ് ഏറ്റവും വലിയ ചെയ്‌സ്. അതു കഴിഞ്ഞാല്‍ ഇന്ത്യയും (2011 ല്‍ വെസ്റ്റിന്‍ഡീസ്) വെസ്റ്റിന്‍ഡീസും (1987 ല്‍ ഇന്ത്യക്കെതിരെ ) ചെയ്‌സ് ചെയ്ത 276 റണ്‍സാണ്. 2012 ലാണ് അവസാനം ഇതിനെക്കാളധികം ഒരു ടീം ചെയ്‌സ് ചെയ്ത് ജയിച്ചത്, ന്യസിലാന്റിനെതിരെ ഇന്ത്യ അഞ്ചിന് 262 റണ്‍സെടുത്തു.