ഹൈദരാബാദ് - ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റില്‍ ജയസാധ്യത മാറിമറിയുന്നു. നാലാം ദിനം ചായക്കു ശേഷം പത്തോവറിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ടതോടെ ഇന്ത്യ പരാജയം തുറിച്ചുനോക്കിയിരുന്നു. പിന്നീട് ആര്‍. അശ്വിനും ശ്രീകര്‍ ഭരതും അര്‍ധ സെഞ്ചുറി കൂട്ടുകെട്ടിലൂടെ ഇന്ത്യയുടെ പ്രതീക്ഷയുയര്‍ത്തി. പക്ഷെ സ്റ്റമ്പെടുക്കാന്‍ ഏതാനും ഓവര്‍ ശേഷിക്കെ ഭരതിനെ (28) ബൗള്‍ഡാക്കി അരങ്ങേറ്റ സ്പിന്നര്‍ ടോം ഹാര്‍ട്‌ലി അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. ഇന്ത്യ എട്ടിന് 176 ലേക്ക് തകര്‍ന്നു. ജയം 55 റണ്‍സ് അകലെയാണ്.
മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെന്ന നിലയില്‍ ചായക്കു പിരിഞ്ഞ ഇന്ത്യക്ക് ചായക്കു ശേഷം ഒരു റണ്‍ പോലും ചേര്‍ക്കും മുമ്പെ അക്ഷര്‍ പട്ടേലിനെ (17) നഷ്ടപ്പെട്ടു. ആദ്യ മൂന്നു വിക്കറ്റുമെടുത്ത ഹാര്‍ട്‌ലി തന്നെയാണ് അക്ഷറിനെ സ്വന്തം ബൗളിംഗില്‍ പിടിച്ചത്. കെ.എല്‍ രാഹുലിനെ (22) ജോ റൂട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ അത്യുജ്വല ഫീല്‍ഡിംഗില്‍ രവീന്ദ്ര ജദേജ (2) റണ്ണൗട്ടായി. ശ്രേയസ് അയ്യറെ (13) ലീച്ചിന്റെ ബൗളിംഗില്‍ സ്ലിപ്പില്‍ റൂട്ട് പിടിച്ചതോടെ ഇന്ത്യ ഏഴിന് 119 ലേക്ക് തകര്‍ന്നു. മൂന്ന് വിക്കറ്റ് ശേഷിക്കെ 112 റണ്‍സ് അകലെയാണ് ജയം.
മൂന്നിന് 63 ല്‍ ക്രീസില്‍ ഒരുമിച്ച രാഹുലും അക്ഷറും 32 റണ്‍സ് കൂട്ടുകെട്ടിലൂടെ പ്രതീക്ഷ നല്‍കിയതായിരുന്നു. രോഹിത് ശര്‍മ (39), യശസ്വി ജയ്‌സ്വാള്‍ (15) ശുഭ്മന്‍ ഗില്‍ (0) എന്നിവരെ ടോം ഹാര്‍ട്‌ലി പുറത്താക്കി.
ഇന്നിംഗ്‌സ് തോല്‍വി അഭിമുഖീകരിച്ച ഇംഗ്ലണ്ട് നാടകീയമായി തിരിച്ചുവരികയും 420 റണ്‍സ് രണ്ടാം ഇന്നിംഗ്‌സില്‍ നേടുകയും ചെയ്തു. ഒല്ലി പോപ്പിന്റെ അത്യുജ്വല ഇന്നിംഗ്‌സാണ് (196) കളി തിരിച്ചത്.