ഹൈദരാബാദ് - ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്സ് തോല്‍വി അഭിമുഖീകരിച്ച ഇംഗ്ലണ്ട് നാടകീയമായി തിരിച്ചുവരികയും 420 റണ്‍സ് രണ്ടാം ഇന്നിംഗ്സില്‍ നേടുകയും ചെയ്തു. ഒല്ലി പോപ്പിന്റെ അത്യുജ്വല ഇന്നിംഗ്സാണ് (196) കളി തിരിച്ചത്. നാലാം ദിനം ലഞ്ചിന് ശേഷം ഇന്ത്യ ബാറ്റിംഗ് തുടങ്ങും. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 231 റണ്‍സാണ്. എന്താണ് ഇന്ത്യയുടെ വിജയസാധ്യത?
രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ ഇത്രയധികം റണ്‍സെടുത്ത് ഒരു ടീമും ജയിച്ചിട്ടില്ല. എന്നാല്‍ വിരലിലെണ്ണാവുന്ന ടെസ്റ്റുകളേ ഈ ഗ്രൗണ്ടില്‍ നടന്നിട്ടുള്ളൂ. ഇന്ത്യയില്‍ 231നെക്കാള്‍ ഉയര്‍ന്ന റണ്‍സ് സ്കോര്‍ ചെയ്ത് ജയിച്ച അഞ്ച് സന്ദര്‍ഭങ്ങളേയുള്ളൂ. ഇംഗ്ലണ്ടിനെതിരെ 2008 ല്‍ ചെന്നൈയില്‍ 387 റണ്‍സെടുത്ത് ഇന്ത്യ ജയിച്ചതാണ് ഏറ്റവും വലിയ ചെയ്സ്. അതു കഴിഞ്ഞാല്‍ ഇന്ത്യയും (2011 ല്‍ വെസ്റ്റിന്‍ഡീസ്) വെസ്റ്റിന്‍ഡീസും (1987 ല്‍ ഇന്ത്യക്കെതിരെ ) ചെയ്സ് ചെയ്ത 276 റണ്‍സാണ്. 2012 ലാണ് അവസാനം ഇതിനെക്കാളധികം ഒരു ടീം ചെയ്സ് ചെയ്ത് ജയിച്ചത്, ന്യസിലാന്റിനെതിരെ ഇന്ത്യ അഞ്ചിന് 262 റണ്‍സെടുത്തു.
എന്നാല്‍ ദുര്‍ബലമാണ് ഇംഗ്ലണ്ടിന്റെ സ്പിന്‍. സീനിയര്‍ സ്പിന്നര്‍ ജാക്ക് ലീച്ചിന് പരിക്കുണ്ട്. പക്ഷെ ചില പന്തുകള്‍ അപ്രതീക്ഷിതമായി നിംലപറ്റെ വരുന്നത് ബാറ്റര്‍മാര്‍ക്ക് ഭീഷണിയാണ്.
റിവേഴ്സ് സ്കൂപ്പിലൂടെ ബൗണ്ടറി നേടി ഇരട്ട സെഞ്ചുറി തികക്കാന്‍ ശ്രമിച്ച ഒല്ലി പോപ്പ് ഔട്ടായതോടെയാണ് ഇംഗ്ലണ്ട് 420 ന് ഓളൗട്ടായത്. ഇന്ത്യക്ക് ജയിക്കാന്‍ അഞ്ച് സെഷന് ബാക്കിയിരിക്കെ 231 റണ്‍സ് വേണം. ഏഴിന് 419 ലെത്തിയ ശേഷം ഒരു റണ്‍ ചേര്‍ക്കുമ്പോഴേക്കും ഇംഗ്ലണ്ടിന് അവസാന മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. പോപ്പ് 196 ല്‍ നില്‍ക്കെയാണ് ഒമ്പതാം വിക്കറ്റായി മാര്‍ക്ക് വുഡ് പുറത്തായത്. അതോടെ പോപ്പിനെ ഇരട്ട സെഞ്ചുറി വരെ സഹായിക്കാന്‍ പരിക്കേറ്റ ജാക്ക് ലീച്ച് ക്രീസിലിറങ്ങി. എന്നാല്‍ ലീച്ചിന് ബൗളിംഗ് അഭിമുഖീകരിക്കേണ്ടി വന്നില്ല.
278 പന്തില്‍ 21 ബൗണ്ടറിയോടെയാണ് പോപ്പ് 196 റണ്‍സെടുത്തത്. ബുംറക്ക് നാലു വിക്കറ്റ് ലഭിച്ചു.
നാലാം ദിനം രാവിലെ റിഹാന് അഹ്മദിനെ (28) ജസ്പ്രീത് ബുംറ പുറത്താക്കിയെങ്കിലും ടോം ഹാര്ട്ലിയുടെ (34) പിന്തുണയോടെ പോപ്പ് സ്കോര്‍ 400 കടത്തി. അത്യസാധാരണ ഇന്നിംഗ്സിലെ കളിയുടെ മുഖഛായ മാറ്റിയ ഒല്ലി പോപ്പ് 186 ലുള്ളപ്പോള്‍ മുഹമ്മദ് സിറാജിനെ എഡ്ജ് ചെയ്തെങ്കിലും രണ്ടാം സ്ലിപ്പില്‍ കെ.എല്‍ രാഹുല്‍ അനായാസ ക്യാച്ച് കൈവിട്ടു. 110 ലുള്ളപ്പോള്‍ അക്ഷര്‍ പട്ടേലും ഈസി ക്യാച്ച് പാഴാക്കിയിരുന്നു.
ആറിന് 316 ലാണ് ഇംഗ്ലണ്ട് നാലാം ദിനമാരംഭിച്ചത്. പോപ്പും റിഹാനും ഏഴാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.
അഞ്ചിന് 163 ലേക്ക് തകര്‍ന്ന് ഇംഗ്ലണ്ട് ഇന്നിംഗ്സ് പരാജയം തുറിച്ചുനോക്കിയ ഘട്ടത്തില്‍ ബെന്‍ ഫോക്സിന്റെയും (34) റിഹാന് അഹ്മദിന്റെയും ടോം ഹാര്‍ട്ലിയുടെയും പിന്തുണയോടെ പോപ്പ് തിരിച്ചടിച്ചു. രവീന്ദ്ര ജദേജയെ മൂന്ന് റണ്‍സിന് പായിച്ചാണ് മധ്യനിര ബാറ്റര്‍ അവിസ്മരണീയ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഈ സാഹചര്യങ്ങളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്നതിന്റെ മാസ്റ്റര്‍ക്ലാസാണ് പോപ്പിന്റെ ഇന്നിംഗ്സെന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ട് പറഞ്ഞു. മുന്നിലേക്കും പിന്നിലേക്കും സ്വീപ് ചെയ്താണ് പോപ്പ് ഇന്ത്യയുടെ കരുത്തുറ്റ സ്പിന്നാക്രമണത്തെ നിര്‍വീര്യമാക്കിയത്. 110 ലുള്ളപ്പോള്‍ ജദേജക്കെതിരായ റിവേഴ്സ് സ്വീപ് പിഴച്ചെങ്കിലും ബാക്വേഡ് പോയന്റില്‍ അക്ഷര്‍ പട്ടേല്‍ ക്യാച്ച് കൈവിട്ടു.
ഇന്ത്യയെ 436 ന് പുറത്താക്കി 190 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകള്‍ എളുപ്പം നഷ്ടപ്പെട്ടിരുന്നു. മൂന്നാം ദിനം ഏഴിന് 421 ല്‍ ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യക്ക് 15 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ. യശസ്വി ജയ്സ്വാളിനും (80) കെ.എല്‍ രാഹുലിനും (86) പിന്നാലെ രവീന്ദ്ര ജദേജയും (87) എണ്‍പതുകളില്‍ പുറത്തായി. ജദേജയും അക്ഷര്‍ പട്ടേലും (44) സ്കോര്‍ ഏഴിന് 436 വരെ എത്തിച്ചിരുന്നു. എന്നാല്‍ ഒരു റണ്‍ പോലും ചേര്‍ക്കും മുമ്പെ അവശേഷിച്ച മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. ജദേജയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ജോ റൂട്ട് അടുത്ത പന്തില്‍ ജസ്പ്രീത് ബുംറയെ (0) ബൗള്‍ഡാക്കി. അടുത്ത ഓവറിലെ അവസാനത്തെ പന്തില്‍ അക്ഷറിന്റെ കുറ്റിയെടുത്ത് റിഹാന് അഹ്മദ് ഇന്നിംഗ്സ് അവസാനിപ്പിച്ചു. റൂട്ടിന് നാലും (29-5-79-4) റിഹാനും (24-4-105-2) ടോം ഹാര്ട്ലിക്കും (25-0-131-2) രണ്ട് വീതവും വിക്കറ്റെടുത്തു.