ബ്രസ്സല്‍സ് - ബെല്‍ജിയന്‍ പ്രൊ ഫുട്ബോള്‍ ലീഗില്‍ വീഡിയൊ റിവ്യൂ പിഴച്ചു. തുടര്‍ന്ന് ആന്റര്ലെറ്റും ഗെന്‍കും തമ്മിലുള്ള കളി വീണ്ടും നടത്തും. ഗെങ്ക് അപ്പീല്‍ ചെയ്തതിനെത്തുടര്‍ന്ന് പ്രൊഫഷനല്‍ ഫുട്ബോള്‍ അച്ചടക്ക സമിതിയാണ് തീരുമാനമെടുത്തത്.
ഡിസംബര്‍ 23 ന് നടന്ന മത്സരത്തില്‍ ഗെങ്ക് 1-2 ന് തോല്‍ക്കുകയായിരുന്നു. ഗെങ്ക് നേടിയ ഗോള്‍ വീഡിയൊ റിവ്യൂവിനെത്തുടര്‍ന്ന് റഫറി നിഷേധിച്ചതാണ് വിവാദത്തിന് കാരണം. ബ്രയാന്‍ ഹയ്നന്സ് എടുത്ത പെനാല്‍ട്ടി ഗോളാവാതെ തിരിച്ചുവന്നപ്പോള്‍ ആന്ഡര്ലറ്റ് ഗോളി കാസ്പര്‍ ഷ്മൈക്കലിനെ കടത്തി യീര സോര്‍ ഷോട്ട് പായിച്ചു. പെനാല്‍ട്ടി എടുക്കുമ്പോള്‍ സോര്‍ പെനാല്‍ട്ടി ഏരിയക്കുള്ളിലാണെന്നാണ് റീപ്ലേ തെളിയിച്ചത്. ഒപ്പം രണ്ട് ആന്‍ഡര്‍ലെറ്റ് കളിക്കാരും പെനാല്‍ട്ടി ബോക്സിലുണ്ടെന്നത് റഫറി കണക്കിലെടുത്തില്ല. ഇത് നിയമത്തിന്റെ തെറ്റായ വ്യാഖ്യാനമാണെന്ന് ഗെങ്ക് വാദിച്ചു.
ബെല്‍ജിയന്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ് ഗെങ്ക്. ആന്റര്ലെറ്റ് രണ്ടാം സ്ഥാനത്തും.