മെല്‍ബണ്‍ - അറുപത്തൊന്നാമത്തെ ഗ്രാന്റ്സ്ലാമിലാണ് രോഹന്‍ ബൊപ്പണ്ണ ആദ്യമായി പുരുഷ ഡബ്ള്‍സ് കിരീടം നേടിയത്. സ്ഥിരോത്സാഹത്തിന് ഇതിനെക്കാള്‍ നല്ലൊരു ഉദാഹരണമില്ല. 60 തവണ ഗ്രാന്റ്സ്ലാമുകളില്‍ ഡബ്ള്‍സില്‍ മത്സരിച്ചപ്പോള്‍ രണ്ടു തവണയാണ് ഫൈനലിലെത്തിയത്. രണ്ടും യു.എസ് ഓപണിലായിരുന്നു. രണ്ടും തോറ്റു.
ഗ്രാന്റ്സ്ലാം ചാമ്പ്യനാവുന്ന ഏറ്റവും പ്രായമേറിയ താരമായി നാല്‍പത്തിമൂന്നുകാരന്‍. സീഡില്ലാത്ത ഇറ്റലിക്കാരായ സൈമണ്‍ ബൊളേലി-ആന്ദ്രെ വാവസോറി സഖ്യത്തെ 7-6 (7/0), 7-5 ന് രോഹനും ഓസ്‌ട്രേലിയന്‍ കൂട്ടാളി മാത്യു എബ്ദനും ഓസ്‌ട്രേലിയന്‍ ഓപണ്‍ പുരുഷ ഡബ്ള്‍സ് ചാമ്പ്യന്മാരായി. രോഹന്റെ രണ്ടാം ഗ്രാന്റ്സ്ലാം കിരീടമാണ് ഇത്.
ആദ്യമായാണ് രോഹന്‍ പുരുഷ ഡബ്ള്‍സില്‍ ഗ്രാന്റ്സ്ലാം ചാമ്പ്യനാവുന്നത്. 2017 ലെ ഫ്രഞ്ച് ഓപണില്‍ ഗബ്രിയേല്‍ ദബ്രോവ്‌സ്‌കിക്കൊപ്പം മിക്‌സഡ് ഡബ്ള്‍സ് കിരീടം നേടിയിരുന്നു. നേരത്തെ പുരുഷ ഡബ്ള്‍സില്‍ രണ്ടു തവണ ഗ്രാന്റ്സ്ലാം കിരീടം അവസാന പോരാട്ടത്തില്‍ കൈവിട്ടു -2010 ല്‍ പാക്കിസ്ഥാന്റെ അയ്‌സാമുല്‍ ഹഖ് ഖുറൈശിക്കൊപ്പവും 2023 ല്‍ എബ്ദനൊപ്പവും യു.എസ് ഓപണില്‍.
ഗ്രാന്റ്സ്ലാം ഫൈനലിലെ പ്രായമേറിയ കളിക്കാരനെന്ന തന്റെ 2023 ലെ റെക്കോര്‍ഡ് രോഹന്‍ മെച്ചപ്പെടുത്തി. മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന പ്രായമേറിയ കളിക്കാരനും രോഹനാണ് -ഇന്ത്യന്‍വെല്‍സില്‍ എബ്ദനൊപ്പം 43ാം വയസ്സില്‍ ചാമ്പ്യനായി. 2010 ല്‍ പാക്കിസ്ഥാന്റെ അയ്‌സാമുല്‍ ഹഖ് ഖുറൈശിക്കൊപ്പവും 2023 ല്‍ എബ്ദനൊപ്പവും. ഇന്ത്യക്കാരനും പാക്കിസ്ഥാന്‍കാരനും ചേര്‍ന്നുള്ള രോഹന്‍-അയ്‌സാം കൂട്ടുകെട്ട് ഒരു കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തെക്കുറിച്ച പ്രതീക്ഷകള്‍ സൃഷ്ടിച്ചു. പീസ് എക്‌സ്പ്രസ് എന്നാണ് ആ കൂട്ടുകെട്ട് അറിയപ്പെട്ടത്.
ഇതുവരെ ഒരു ഡബ്ള്‍സ് കളിക്കാരനും ആദ്യ ഗ്രാന്റ്സ്ലാം കിരീടത്തിനായി ഇത്രയേറെ കാത്തിരിക്കേണ്ടി വന്നിട്ടില്ല. എബ്ദന്‍ രണ്ടാം തവണയാണ് പുരുഷ ഡബ്ള്‍സ് ഗ്രാന്റ്സ്ലാം നേടുന്നത്. 2022 ല്‍ നാട്ടുകാരനായ മാക്‌സ് പേഴ്‌സലിനൊപ്പം വിംബിള്‍ഡണ്‍ ചാമ്പ്യനായിരുന്നു.
യോഗയും ധ്യാനവും ശാന്തിയുമാണ് തന്റെ വിജയത്തിനാധാരമെന്ന് രോഹന്‍ പറയുന്നു. തന്റെ മനസ്സ് ഒരിക്കലും തിടുക്കപ്പെടാറില്ല. പലപ്പോഴും ഈ യാത്ര അവസാനിപ്പിക്കണമെന്നു തോന്നിയിരുന്നു. തുടരണമെന്ന മനസ്സിന്റെ നിര്‍ദേശം അനുസരിക്കുകയായിരുന്നു -രോഹന്‍ പറഞ്ഞു.
41ാം വയസ്സില്‍ ഗ്രാന്റ്സ്ലാം ചാമ്പ്യനായ മൈക് ബ്രയാന്റെ പേരിലായിരുന്നു നിലവിലെ റെക്കോര്‍ഡ്. പുരുഷ സിംഗിള്‍സില്‍ ഏറ്റവും പ്രായമേറിയ ഒന്നാം റാങ്കിന്റെ റെക്കോര്‍ഡ് റോജര്‍ ഫെദരറുടെ പേരിലാണ്, മുപ്പത്താറാം വയസ്സില്‍. ഫെദരറുടെ റെക്കോര്‍ഡ് ഈ വര്‍ഷം നോവക് ജോകോവിച് തകര്‍ത്തേക്കാം.
രണ്ടു പതിറ്റാണ്ടിലേറെ ടെന്നിസില്‍ പൊരുതുന്ന തന്റെ സന്ധികളില്‍ ഒരു കാര്‍ടിലേജ് പോലും ബാക്കിയില്ലെന്ന് കഴിഞ്ഞ ദിവസം രോഹന്‍ പറഞ്ഞിരുന്നു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസം രോഹനെ പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിരുന്നു. പ്രായമേറിയ ഒന്നാം നമ്പറെന്ന റെക്കോര്‍ഡും കഴിഞ്ഞയാഴ്ച രോഹന്‍ സ്വന്തമാക്കി.
ടൈബ്രേക്കറോളം നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടം ജയിച്ചാണ് ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഓസ്‌ട്രേലിയയുടെ മാത്യു എബ്ദനും ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ പുരുഷ ഡബ്ള്‍സില്‍ ഫൈനലിലെത്തിയത്. ചെക്-ചൈനീസ് ജോഡി തോമസ് മചാക്-ഷിഷെന്‍ ഷാംഗ് ജോഡിയെ അവര്‍ 6-3, 3-6, 7-6 (10-7) ന് തോല്‍പിച്ചു. നിര്‍ണായക സെറ്റില്‍ 4-1 ലീഡ് രോഹനും എബ്ദനും പാഴാക്കിയതായിരുന്നു. എന്നാല്‍ ടൈബ്രേക്കറില്‍ അവര്‍ അവസരത്തിനൊത്തുയര്‍ന്നു.
മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന പ്രായമേറിയ കളിക്കാരനും രോഹനാണ് -ഇന്ത്യന്‍വെല്‍സില്‍ എബ്ദനൊപ്പം 43ാം വയസ്സില്‍ ചാമ്പ്യനായി.
പുരുഷ ഡബ്ള്‍സിലെ പ്രായമേറിയ ഒന്നാം റാങ്കെന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം രോഹന്‍ സ്വന്തമാക്കിയിരുന്നു. അമേരിക്കയുടെ ഓസ്റ്റിന്‍ ക്രായിചെക്കിനെ മറികടന്നാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഡബ്ള്‍സ് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹന്‍. മഹേഷ് ഭൂപതി, ലിയാന്‍ഡര്‍ പെയ്‌സ്, സാനിയ മിര്‍സ എന്നിവരാണ് മറ്റുള്ളവര്‍.