മെല്‍ബണ്‍ - ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ ഗ്രാന്റ്സ്ലാമുകളുടെ അരനൂറ്റാണ്ടിലേറെ നീണ്ട ചരിത്രത്തില്‍ സ്വന്തം പേരെഴുതിച്ചേര്‍ത്തു. ഗ്രാന്റ്സ്ലാം ചാമ്പ്യനാവുന്ന ഏറ്റവും പ്രായമേറിയ താരമായി നാല്‍പത്തിമൂന്നുകാരന്‍. സീഡില്ലാത്ത സൈമണ്‍ ബൊളേലി-ആന്ദ്രെ വാവസോറി സഖ്യത്തെ 7-6 (7/0), 7-5 ന് രോഹനും ഓസ്‌ട്രേലിയന്‍ കൂട്ടാളി മാത്യു എബ്ദനും ഓസ്‌ട്രേലിയന്‍ ഓപണ്‍ പുരുഷ ഡബ്ള്‍സ് ചാമ്പ്യന്മാരായി. രോഹന്റെ രണ്ടാം ഗ്രാന്റ്സ്ലാം കിരീടമാണ് ഇത്. രണ്ടു പതിറ്റാണ്ടിലേറെ ടെന്നിസില്‍ പൊരുതുന്ന തന്റെ സന്ധികളില്‍ ഒരു കാര്‍ടിലേജ് പോലും ബാക്കിയില്ലെന്ന് കഴിഞ്ഞ ദിവസം രോഹന്‍ പറഞ്ഞിരുന്നു.
ആദ്യമായാണ് രോഹന്‍ പുരുഷ ഡബ്ള്‍സില്‍ ഗ്രാന്റ്സ്ലാം ചാമ്പ്യനാവുന്നത്. 2017 ലെ ഫ്രഞ്ച് ഓപണില്‍ ഗബ്രിയേല്‍ ദബ്രോവ്‌സ്‌കിക്കൊപ്പം മിക്‌സഡ് ഡബ്ള്‍സ് കിരീടം നേടിയിരുന്നു. നേരത്തെ പുരുഷ ഡബ്ള്‍സില്‍ രണ്ടു തവണ ഗ്രാന്റ്സ്ലാം കിരീടം അവസാന പോരാട്ടത്തില്‍ കൈവിട്ടു -2010 ല്‍ പാക്കിസ്ഥാന്റെ അയ്‌സാമുല്‍ ഹഖ് ഖുറൈശിക്കൊപ്പവും 2023 ല്‍ എബ്ദനൊപ്പവും യു.എസ് ഓപണില്‍.
ഗ്രാന്റ്സ്ലാം ഫൈനലിലെ പ്രായമേറിയ കളിക്കാരനെന്ന തന്റെ 2023 ലെ റെക്കോര്‍ഡ് രോഹന്‍ മെച്ചപ്പെടുത്തി. മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന പ്രായമേറിയ കളിക്കാരനും രോഹനാണ് -ഇന്ത്യന്‍വെല്‍സില്‍ എബ്ദനൊപ്പം 43ാം വയസ്സില്‍ ചാമ്പ്യനായി.