Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒല്ലി പോപ്പിന് സെഞ്ചുറി, ഇന്ത്യക്ക് ആധി കയറുന്നു

ഹൈദരാബാദ് - ടെസ്റ്റ് ക്രിക്കറ്റിലെ അഞ്ചാം സെഞ്ചുറിയോടെ ഒല്ലി പോപ്പും (101 നോട്ടൗട്ട്) ഉറച്ച പിന്തുണ നല്‍കുന്ന ബെന്‍ ഫോക്‌സും (30 നോട്ടൗട്ട്) ശക്തമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആധി കയറുന്നു. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് 55 റണ്‍സ് ലീഡായി. അഞ്ചിന് 163 ല്‍ ക്രീസില്‍ ഒരുമിച്ച ഫോക്‌സും പോപ്പും സ്‌കോര്‍ അഞ്ചിന് 245 ലെത്തിച്ചു. 
ഇന്ത്യയെ 436 ന് പുറത്താക്കി 190 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകള്‍ എളുപ്പം നഷ്ടപ്പെട്ടിരുന്നു.
മൂന്നാം ദിനം ഏഴിന് 421 ല്‍ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് 15 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ. യശസ്വി ജയ്‌സ്വാളിനും (80) കെ.എല്‍ രാഹുലിനും (86) പിന്നാലെ രവീന്ദ്ര ജദേജയും (87) എണ്‍പതുകളില്‍ പുറത്തായി. ജദേജയും അക്ഷര്‍ പട്ടേലും (44) സ്‌കോര്‍ ഏഴിന് 436 വരെ എത്തിച്ചിരുന്നു. എന്നാല്‍ ഒരു റണ്‍ പോലും ചേര്‍ക്കും മുമ്പെ അവശേഷിച്ച മൂന്നു വിക്കറ്റ് നഷ്ടപ്പെട്ടു. ജദേജയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ജോ റൂട്ട് അടുത്ത പന്തില്‍ ജസ്പ്രീത് ബുംറയെ (0) ബൗള്‍ഡാക്കി. അടുത്ത ഓവറിലെ അവസാനത്തെ പന്തില്‍ അക്ഷറിന്റെ കുറ്റിയെടുത്ത് റിഹാന്‍ അഹ്മദ് ഇന്നിംഗ്‌സ് അവസാനിപ്പിച്ചു. റൂട്ടിന് നാലും (29-5-79-4) റിഹാനും (24-4-105-2) ടോം ഹാര്‍ട്‌ലിക്കും (25-0-131-2) രണ്ട് വീതവും വിക്കറ്റെടുത്തു. 
ഇംഗ്ലണ്ട് അതിവേഗമാണ് രണ്ടാം ഇന്നിംഗ്‌സും തുടങ്ങിയത്. സാക് ക്രോളിയും(33 പന്തില്‍ 31) ബെന്‍ ഡക്കറ്റും (52 പന്തില്‍ 47) പത്തോവര്‍ പിന്നിടും മുമ്പെ 45 റണ്‍സിന്റെ അടിത്തറയിട്ടു. നാല് ബൗണ്ടറിയും ഒരു സിക്‌സറും പായിച്ച ക്രോളിയെ ആര്‍. അശ്വിന്റെ ബൗളിംഗില്‍ സ്ലിപ്പില്‍ രോഹിത് ശര്‍മ  പിടിച്ചു. ഡക്കറ്റും ഒല്ലി പോപ്പും (94 പന്തില്‍ 67 നോട്ടൗട്ട്) പ്രത്യാക്രമണം തുടര്‍ന്നു. എന്നാല്‍ ഡക്കറ്റിനെയും ജോ റൂട്ടിനെയും (2) തുടര്‍ച്ചയായ ഓവറുകളില്‍ പുറത്താക്കി ബുംറ കടിഞ്ഞാണ്‍ വീണ്ടെടുത്തു. ജോണി ബെയര്‍സ്‌റ്റോയെ (10) ജദേജയും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിനെ (6) അശ്വിനും ബൗള്‍ഡാക്കിയതോടെ പൂര്‍ണമായും ഇന്ത്യ നിയന്ത്രണം പിടിച്ചു. പിന്നീടാണ് പോപ്പും ഫോക്‌സും രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.
 

Latest News