വെല്ലിംഗ്ടണ്‍ - പോയ വര്‍ഷം കൂടുതല്‍ ഗോളടിച്ചവരുടെ പട്ടികയില്‍ തന്റെ പേര് കണ്ട ഞെട്ടലിലാണ് ന്യൂസിലാന്റില്‍ കളിക്കുന്ന അയര്ലന്റുകാരന് ഗര്‍ബന്‍ കഫ്ലാന്‍. ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ, എര്‍ലിംഗ് ഹാളന്റ്, ഹാരി കെയ്ന്‍ തുടങ്ങിയ ലോകപ്രശസ്ത കളിക്കാര്‍ക്കൊപ്പമാണ് മുപ്പത്തൊന്നുകാരനുമുള്ളത്. ക്രൈസ്റ്റ്ചര്‍ച്ചിലെ കാശ്മീര്‍ ടെക്നിക്കല്‍ ക്ലബ്ബിന് വേണ്ടി കഴിഞ്ഞ വര്‍ഷം കഫ്ലാന്‍ 42 ഗോളാണ് സ്കോര്‍ ചെയ്തത്. ഇന്റര്‍നാഷനല്‍ ഫെഡറേഷന് ഫോര്‍ ഫുട്ബോള്‍ ഹിസ്റ്ററി ആന്റ് സ്റ്റാറ്റിക്സിന്റെ കണക്കു പ്രകാരം റൊണാള്‍ഡൊ, കീലിയന്‍ എംബാപ്പെ, കെയ്ന്‍, ഹാളന്റ് എന്നിവര്‍ മാത്രമാണ് കൂടുതല്‍ ഗോളടിച്ചത്.
54 ഗോളുമായി റൊണാള്‍ഡോയാണ് മുന്നില്‍. എംബാപ്പെയും കെയ്നും 52 ഗോളടിച്ചു. ഹാളന്റ് 50 ഗോള്‍ നേടി. റൊണാള്‍ഡോയുടെ ഗോളുകള്‍ സൗദി അറേബ്യയിലെ അന്നസ്ര്‍ ക്ലബ്ബിനും പോര്‍ചുഗല്‍ ദേശീയ ടീമിനും വേണ്ടിയാണ്. എംബാപ്പെയുടേത് പി.എസ്.ജിക്കും ഫ്രാന്‍സിനും വേണ്ടിയും. എന്നാല്‍ കഫ്ലാന്റെ എല്ലാ ഗോളുകളും ക്ലബ്ബിന്റെ കണക്കിലാണ്. 39 ഗോള്‍ ന്യൂസിലാന്റ് ലീഗിലാണ്. നാഷനല്‍ കപ്പില്‍ മൂന്നു ഗോളടിച്ചു. വമ്പന്മാര്ക്കൊപ്പം തന്റെ പേര് കണ്ടത് വിശ്വസിക്കാനാവുന്നില്ലെന്ന് കഫ്ലാന്‍ പറഞ്ഞു. റൊണാള്‍ഡോയാണ് കഫ്ലാന്റെ ഇഷ്ട താരം. ഹാളന്റ് 35 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ 40 ഗോളടിച്ചത് അവിശ്വസനീയമായി തോന്നുന്നുവെന്ന് കഫ്ലാന്‍ പറഞ്ഞു. 2023 ലെ ആദ്യ കളിയില്‍ നാല് ഗോളടിച്ചാണ് കഫ്ലാന്‍ തുടങ്ങിയത്.