ബാഴ്സലോണ - ആദ്യന്തം ആവേശകരമായ കോപ ഡെല്‍റേ ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അത്ലറ്റിക് ബില്‍ബാവോയോട് 2-4 ന് തോറ്റ് ബാഴ്സലോണ പുറത്ത്. സഹോദരന്മാരായ ഇനാകി വില്യംസും നികൊ വില്യംസുമാണ് എക്സ്ട്രാ ടൈമില്‍ ബില്‍ബാവോയെ വിജയത്തിലേക്ക് നയിച്ചത്. ആഫ്രിക്കന്‍ കപ്പ് ഫുട്ബോളില്‍ ഘാനക്ക് കളിക്കുകയായിരുന്ന ഇനാകി ബാഴ്സലോണയെ നേരിടാന്‍ പറന്നെത്തുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു ഘാനയുടെ അവസാന മത്സരം.
ആദ്യ മിനിറ്റില്‍ തന്നെ ഗോര്‍ക്ക ഗുരുസേറ്റയിലൂടെ ബില്‍ബാവൊ കരുത്തരായ എതിരാളികളെ ഞെട്ടിച്ചു. അഞ്ച് മിനിറ്റിനിടെ നേടിയ രണ്ട് ഗോളിലൂടെ ബാഴ്സലോണ തിരിച്ചടിച്ചു. 27ാം മിനിറ്റില്‍ ഡിഫന്റര്‍ യൂറി ബെര്ഷീഷെ അടിച്ചകറ്റാന്‍ ശ്രമിച്ച പന്ത് റോബര്‍ട് ലെവന്‍ഡോവ്സ്കിയുടെ ശരീരത്തില്‍ തട്ടിത്തിരിഞ്ഞ് ഗോളായി. മൂന്ന് ഡിഫന്റര്‍മാരെ മാസ്മരിക മുന്നേറ്റത്തില്‍ മറികടന്ന് ലാമിന് യമാല്‍ ബാഴ്സക്ക് ലീഡ് സമ്മാനിച്ചു. ഒയ്ഹാന്‍ സന്സേറ്റിന്റെ ഹെഡറിലൂടെ 49ാം മിനിറ്റില്‍ ബില്‍ബാവൊ സ്കോര്‍ തുല്യമാക്കി.
പിന്നീട് പ്രതിരോധം മറന്ന് ബില്‍ബാവൊ ഇരമ്പിക്കയറി. രണ്ടു തവണ യമാലിന് പ്രത്യാക്രമണത്തില്‍ തുറന്ന അവസരം പാഴായി. എക്സ്ട്രാ ടൈമില്‍ ബില്‍ബാവൊ ആധിപത്യം ഗോളാക്കി മറ്റി. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ ഇനാകിയും അവസാന മിനിറ്റില്‍ നിക്കോയും സ്കോര്‍ ചെയ്തു.