മെല്‍ബണ്‍ - ലോക രണ്ടാം നമ്പര്‍ കാര്‍ലോസ് അല്‍കാരസിനെ ഞെട്ടിച്ച് ഒളിംപിക് ചാമ്പ്യന്‍ അലക്‌സാണ്ടര്‍ സ്വരേവ് ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ സെമിഫൈനലിലെത്തി. ഏഴാം തവണയാണ് ജര്‍മന്‍കാരന്‍ ഗ്രാന്റ്സ്ലാം സെമിയില്‍ സ്ഥാനം പിടിക്കുന്നത്. മൂന്നാം സെറ്റിലൊഴികെ ഇരുപത്തൊന്നുകാരന്‍ അല്‍കാരസിന് മേധാവിത്തം നേടാനായില്ല. മൂന്നാം സീഡ് ഡാനില്‍ മെദ്‌വദേവുമായാണ് സ്വരേവ് സെമിയില്‍ ഏറ്റുമുട്ടുക. നിലവിലെ ചാമ്പ്യന്‍ നോവക് ജോകോവിച്ചും യാനിക് സിന്നറും തമ്മിലാണ് ആദ്യ സെമി. സ്‌കോര്‍: 6-1, 6-3, 6-7 (2/7), 6-4.
രണ്ടു തവണ ഫൈനലില്‍ തോറ്റ ഡാനില്‍ മെദ്‌വദേവ് തന്റെ നൂറാം ഗ്രാന്റ്സ്ലാം മത്സരത്തില്‍ 7-6 (7/4), 2-6, 6-3, 5-7, 6-4 ന് ഒമ്പതാം സീഡ് ഹ്യൂബര്‍ട് ഹുര്‍കാസിനെ തോല്‍പിച്ചു. എട്ടാം ഗ്രാന്റ്സ്ലാം സെമി ഫൈനല്‍ കളിക്കുന്ന മെദ്‌വദേവ് ഒരു കിരീടമേ നേടിയിട്ടുള്ളൂ, 2021 ലെ യു.എസ് ഓപണ്‍. 2021 ലും 2022 ലും ഓസ്‌ട്രേലിയന്‍ ഓപണില്‍ ഫൈനലില്‍ തോറ്റു.
ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം സീഡില്ലാ റഷ്യക്കാരി അന്ന കാലിന്‍സ്‌കായയെ തോല്‍പിച്ച് പന്ത്രണ്ടാം സീഡ് ചൈനയുടെ ഷെംഗ് ക്വിന്‍ വെന്‍ ഓസ്ട്രലിയന്‍ ഓപണ്‍ ടെന്നിസിന്റെ സെമിഫൈനലിലെത്തി. യോഗ്യതാ റൗണ്ടിലൂടെ വന്ന ഉക്രൈന്‍കാരി ഡയാന യെസ്‌ട്രെംസ്‌കയുമായി 'ക്വീന്‍ വെന്‍' സെമി കളിക്കും.
എട്ടാം ഗ്രാന്റ്സ്ലാം കളിക്കുന്ന ക്വിന്‍ വെന്‍ ആദ്യമായാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ കടക്കുന്നത്. രണ്ടര മണിക്കൂറോളം നീണ്ട പോരാട്ടത്തില്‍ ഇരുപത്തൊന്നുകാരി 6-7 (4/7), 6-3, 6-1 ന് കാലിന്‍സ്‌കായയെ കീഴടക്കി. ക്വിന്‍ വെന്‍ പുതിയ റാങ്കിംഗില്‍ ആദ്യ പത്തിലെത്തും. ഡയാന 6-3, 6-4 ന് ലിന്‍ഡ നോസ്‌കോവയെ തോല്‍പിച്ചു. നിലവിലെ ചാമ്പ്യന്‍ അരീന സബലെങ്കയും യു.എസ് ഓപണ്‍ ജേത്രി കോക്കൊ ഗഫും തമ്മിലാണ് ആദ്യ സെമി.