മെല്‍ബണ്‍ - ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഓസ്‌ട്രേലിയയുടെ മാത്യു എബ്ദനും ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ പുരുഷ ഡബ്ള്‍സില്‍ സെമിഫൈനലിലെത്തി. ആറാം സീഡായ അര്‍ജന്റീനയുടെ മാക്‌സിമൊ ഗോണ്‍സാലസ്-ആന്ദ്രെ മോള്‍ടീനി സഖ്യത്തെ അവര്‍ 6-4, 7-6 (7/5) ന് തോല്‍പിച്ചു. ചെക്-ചൈനീസ് ജോഡി തോമസ് മചാക്-ഷിഷെന്‍ ഷാംഗ് ജോഡിയുമായി രോഹനും എബ്ദനും സെമി കളിക്കും.
ഇതോടെ പുരുഷ ഡബ്ള്‍സില്‍ രോഹന്‍ ലോക ഒന്നാം നമ്പറാവും. 43ാം വയസ്സില്‍ ലോക നമ്പറായി ലോക റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്യും. അമേരിക്കയുടെ ഓസ്റ്റിന്‍ ക്രായിചെക്കിനെയാണ് രോഹന്‍ മറികടക്കുക. ക്രായിചെക്കും ക്രൊയേഷ്യന്‍ കൂട്ടാളി ഇവാന്‍ ദോദിഖും രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു.
ഡബ്ള്‍സ് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രോഹന്‍. മഹേഷ് ഭൂപതി, ലിയാന്‍ഡര്‍ പെയ്‌സ്, സാനിയ മിര്‍സ എന്നിവരാണ് മറ്റുള്ളവര്‍. 2017 ലെ ഫ്രഞ്ച് ഓപണില്‍ ഗബ്രിയേല്‍ ദബ്രോവ്‌സ്‌കിക്കൊപ്പം മിക്‌സഡ് ഡബ്ള്‍സ് കിരീടം നേടിയിരുന്നു രോഹന്‍. പുരുഷ ഡബ്ള്‍സില്‍ രണ്ടു തവണ ഗ്രാന്റ്സ്ലാം ഫൈനലിലെത്തി -2010 ല്‍ പാക്കിസ്ഥാന്റെ അയ്‌സാമുല്‍ ഹഖ് ഖുറൈശിക്കൊപ്പവും 2023 ല്‍ എബ്ദനൊപ്പവും യു.എസ് ഓപണില്‍. 2023 ല്‍ ഫൈനലിലെത്തിയതോടെ ഗ്രാന്റ്സ്ലാം ഫൈനലിലെ പ്രായമേറിയ കളിക്കാരനായിരുന്നു രോഹന്‍. മാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന പ്രായമേറിയ കളിക്കാരനും രോഹനാണ് -ഇന്ത്യന്‍വെല്‍സില്‍ എബ്ദനൊപ്പം 43ാം വയസ്സില്‍ ചാമ്പ്യനായി.