ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ മൂന്നാം തവണ കളിക്കുന്ന ഫലസ്തീന്‍ ആദ്യമായി വിജയം നേടി. ഹോങ്കോംഗിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ഫലസ്തീന്‍ ചരിത്രത്തിലാദ്യമായി നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ഗ്രൂപ്പ് സി-യില്‍ ഇറാന് പിന്നില്‍ ഫലസ്തീന്‍ രണ്ടാമതെത്തി. ഇറാന്‍ 2-1 ന് യു.എ.ഇയെയും തകര്‍ത്ത് മൂന്നു കളിയും ജയിച്ചു. ഫലസ്തീനെ പോലെ നാല് പോയന്റ് തന്നെയുള്ള യു.എ.ഇയും പ്രി ക്വാര്‍ട്ടറിലേക്ക് മുന്നേറി.
13 മത്സരങ്ങള്‍ കളിച്ചിട്ടും ഹോങ്കോംഗിന് ആദ്യ വിജയം നേടാനായില്ല. ഉദയ് ദബ്ബാഗിന്റെ ഇരട്ട ഗോളാണ് ഫലസ്തീന് മിന്നുന്ന വിജയം സമ്മാനിച്ചത്. 12, 60 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. 48ാം മിനിറ്റില്‍ സെയ്ദ് ഖുന്‍വറും സ്‌കോര്‍ ചെയ്തു. ഇസ്രായിലിന്റെ കിരാതമായ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ചെറുത്തുനില്‍ക്കുന്ന ഫലസ്തീന്‍ ജനതക്ക് ആവേശം പകരുന്നതാണ് ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ഫലസ്തീനികളുടെ വിജയം. യു.എ.ഇക്കെതിരെ മെഹ്ദി തെരീമിയാണ് ഇറാന്റെ രണ്ടു ഗോളുമടിച്ചത്.
ഇന്ത്യയെ തോല്‍പിച്ച് സിറിയയും ചരിത്രത്തിലാദ്യമായി ഏഷ്യന്‍ കപ്പിന്റെ നോക്കൗട്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ 76ാം മിനിറ്റില്‍ ഉമര്‍ ഖര്‍ബീന്‍ നേടിയ ഗോളില്‍ സിറിയ 1-0 ന് ജയിച്ചു. 2017 മുതല്‍ 2021 വരെ സൗദി ക്ലബ്ബ് അല്‍ഹിലാലിന്റെ ആക്രമണം നയിച്ച ഖര്‍ബീന്‍ ഇപ്പോള്‍ യു.എ.ഇയില്‍ ശബാബ് അല്‍അഹ്‌ലിയില്‍ ലോണിലാണ്. 2019 ലെ കഴിഞ്ഞ ഏഷ്യന്‍ കപ്പില്‍ ഇന്ത്യ ഒരു കളി ജയിച്ചിരുന്നു. സിറിയ ആദ്യമായാണ് ഏഷ്യന്‍ കപ്പിന്റെ നോക്കൗട്ടിലേക്ക് മുന്നേറുന്നത്.
ഇന്ത്യയുടെ യുവനിരക്ക് വലിയ പാഠമായിരുന്നു ഏഷ്യന്‍ കപ്പെന്ന് കോച്ച് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു. ഓസ്‌ട്രേലിയക്കും ഉസ്‌ബെക്കിസ്ഥാനും സിറിയക്കുമെതിരെ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കോച്ച് വിലയിരുത്തി.
തുടക്കം മുതല്‍ സിറിയയാണ് ആക്രമിച്ചതെങ്കിലും വ്യക്തമായ പദ്ധതിയില്ലാതെ ഷോട്ടുകള്‍ പായിക്കുകയായിരുന്നു അവര്‍. 25ാം മിനിറ്റില്‍ മഹേഷ് സിംഗ് നോറമിനെ നെഞ്ച് കൊണ്ട് തള്ളിയിട്ടതിന് മഹമൂദ് അല്‍അസവദിന് ചുവപ്പ് കാര്‍ഡ് കിട്ടാതിരുന്നത് സിറിയക്ക് ഭാഗ്യമായി. രണ്ടു പേര്‍ക്കും മഞ്ഞക്കാര്‍ഡ് കാണിക്കുകയാണ് റഫറി ചെയ്തത്. പിന്നാലെ അമ്മാര്‍ റമദാന്‍ ബോക്‌സില്‍ വീണപ്പോള്‍ സിറിയ പെനാല്‍ട്ടിക്കായി യാചിച്ചപ്പോഴും റഫറി വഴങ്ങിയില്ല.
ഇടവേള കഴിഞ്ഞയുടനെ സന്ദേശ് ജിംഗന്‍ പരിക്കേറ്റ് മടങ്ങിയത് ഇന്ത്യന്‍ പ്രതിരോധത്തെ ദുര്‍ബലമാക്കി. പരിചയസമ്പത്തില്ലാത്ത നിഖില്‍ പൂജാരിയാണ് പകരം വന്നത്. സിറിയ തുടര്‍ന്നും മേധാവിത്തം പുലര്‍ത്തിയെങ്കിലും അവസരങ്ങള്‍ അകന്നു നിന്നു. മറുവശത്ത് ഇന്ത്യന്‍ മുന്‍നിരയില്‍ മുപ്പത്തൊമ്പതുകാരന്‍ സുനില്‍ ഛേത്രി അവിശ്രമം ഓടിയെങ്കിലും പന്ത് കിട്ടാതെ തളര്‍ന്നു. 20 മിനിറ്റ് ശേഷിക്കെ റമദാനെ മാറ്റി അലാ അല്‍ദാലിയെ സിറിയ കളത്തിലിറക്കി. 14 മിനിറ്റ് ബാക്കിയിരിക്കെ തളര്‍ന്ന ഇന്ത്യന്‍ നിരയിലൂടെ കുതിച്ച് സിറിയ ലക്ഷ്യം കണ്ടു. ഇബ്രാഹിം ഹിസാര്‍ ഇടതു നിന്ന് കട്ട് ചെയ്തു കയറി നല്‍കിയ പാസ് ഖര്‍ബീന്‍ വലയിലേക്ക് തൊടുത്തുവിട്ടു.
സിറിയക്ക് ആവശ്യത്തിന് പകരക്കാരില്ലെന്നും അവസാന അര മണിക്കൂറില്‍ പകരക്കാരെ കളത്തിലിറക്കി കളി പിടിക്കാമെന്നുമായിരുന്നു ഇന്ത്യസ്വപ്നം. എന്നാല്‍ ഇന്ത്യന്‍ കളിക്കാരാണ് തളര്‍ന്നത്.
ഗ്രൂപ്പ് ബി-യില്‍ നിന്ന് ഓസ്‌ട്രേലിയക്കും ഉസ്‌ബെക്കിസ്ഥാനുമൊപ്പം സിറിയയും നോക്കൗട്ടിലെത്തി. ഓസ്‌ട്രേലിയയുമായി ഉസ്‌ബെക്കിസ്ഥാന്‍ 1- സമനില നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലെ പെനാല്‍്ട്ടിയിലൂടെ മാര്‍ടിന്‍ ബോയല്‍ ഓസ്‌ട്രേലിയക്ക് ലീഡ് നല്‍കി. എഴുപത്തെട്ടാം മിനിറ്റില്‍ അസീസ്‌ബെക് തുര്‍ഗുന്‍ബോയേവാണ് ഗോള്‍ മടക്കിയത്.
ഓസ്‌ട്രേലിയക്ക് ഏഴും ഉസ്‌ബെക്കിസ്ഥാന് അഞ്ചും സിറിയക്ക് നാലും പോയന്റാണ്. ഇന്ത്യ പോയന്റില്ലാതെ മടങ്ങി.