മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ പതിനൊന്നാം തവണ നോവക് ജോകോവിച് സെമിഫനലിലെത്തി. മൂന്നേ മുക്കാല്‍ നീണ്ട പോരാട്ടത്തില്‍ 7-6 (7/3), 4-6, 6-2, 6-3 ന് ടയ്‌ലര്‍ ഫ്രിറ്റ്‌സിനെ നിലവിലെ ചാമ്പ്യന്‍ തോല്‍പിച്ചു. ഓസ്‌ട്രേലിയന്‍ ഓപണ്‍ സെമിയില്‍ 10 തവണ കളിച്ചപ്പോഴും ഫൈനലില്‍ 10 തവണ കളിച്ചപ്പോഴും നോവക് തോറ്റിട്ടില്ല. അഞ്ചാം സീഡ് ആന്ദ്രെ റൂബലേവിനെ 6-4, 7-6 (7/5), 6-3 ന് തോല്‍പിച്ച യാനിക് സിന്നറുമായാണ് നോവക് സെമി കളിക്കുക. നോവക്കിന്റെ 48ാം ഗ്രാന്റ്സ്ലാം സെമിഫൈനലാണ് ഇത്. നോവക് ഇതാദ്യമായാണ് ഓസ്‌ട്രേലിയന്‍ ഓപണില്‍ സെമിയിലെത്താന്‍ 15 മണിക്കൂറിലേറെ കോര്‍ടില്‍ ചെലവിടുന്നത്. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ 33ാമത്തെ കളിയാണ് ജയിച്ചത്.
വനിതാ വിഭാഗത്തില്‍ അട്ടിമറികളുമായി എത്തിയ മാര്‍ത്ത കോസ്റ്റിയൂക്കിനെ യു.എസ് ഓപണ്‍ ചാമ്പ്യന്‍ കോക്കൊ ഗഫ് 7-6 (8/6), 6-7 (3/7), 6-2 ന് തോല്‍പിച്ചു. നിലവിലെ ചാമ്പ്യന്‍ അരീന സബലെങ്കയാണ് സെമിയില്‍ പത്തൊമ്പതുകാരിയുടെ എതിരാളി. ബാര്‍ബോറ ക്രയ്‌സികോവയെ 6-2, 6-3 ന് സബലെങ്ക തകര്‍ത്തു.