നെടുമ്പാശ്ശേരി - കേരളത്തിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷിക്കുവാന്‍ കൊച്ചിയില്‍ സ്‌റ്റേഡിയം വരുന്നു.
കേരളത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന കൊച്ചിയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തോട് ചേര്‍ന്നാണ് ക്രിക്കറ്റ് കളിക്ക് മാത്രമായി പുതിയ സ്‌റ്റേഡിയം നിര്‍മ്മിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ദേശീയപാത 544നോട് ചേര്‍ന്ന് അത്താണിയില്‍ നിര്‍മിക്കുന്ന സ്‌റ്റേഡിയത്തിന്റെ പൂര്‍ണ ചുമതല. ഭൂമി ഏറ്റെടുക്കുന്നതിനുള്ള കരാര്‍ (എം.ഒ.യു) ഭൂവുടമകളുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒപ്പുവെച്ചു. കായികരംഗത്തെ വളര്‍ച്ചയ്ക്കു വേണ്ടിയുള്ള
സ്‌പോര്‍ട്‌സ് സിറ്റി പദ്ധതി എന്ന നിലയിലാണ് സ്‌റ്റേഡിയം നിര്‍മ്മിക്കുക.
സ്‌പോര്‍ട്‌സ് സമ്മിറ്റിനോട് അനുബന്ധിച്ച് സംസ്ഥാനസര്‍ക്കാരാണ് സ്‌റ്റേഡിയത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തുക. കെ.സി.എ. ഭാരവാഹികളും കായികമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമായിരിക്കും ഔദ്യോദിഗ പ്രഖ്യാപനം ഉണ്ടാകുക. ചെങ്ങമനാട്, നെടുമ്പാശ്ശേരി പഞ്ചായത്തുകളില്‍ നിന്നായി അറുപത് ഏക്കറിലേറെ ഭൂമിയാണ് ഏറ്റെടുക്കുക. ഇതില്‍ 30 ഏക്കര്‍ സ്ഥലത്താണ് സ്‌റ്റേഡിയം നിര്‍മ്മിക്കുക. ബാക്കി സ്ഥലം ക്രിക്കറ്റ് കളിയുടെയും മറ്റുമുള്ള പരിശീലനസൗകര്യം ഉള്‍പ്പെടെയുള്ള അനുബന്ധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. പൊതു ആവശ്യത്തിനായി ഭൂമി തരംമാറ്റാന്‍ സര്‍ക്കാരിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സമീപിച്ചിട്ടുണ്ട്.
സൗദിയില്‍ എത്ര എഞ്ചിനീയര്‍മാരുണ്ട്; എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും
അറിയപ്പെടാത്ത മസ്ജിദ് ധ്വംസനങ്ങൾ; ദൽഹി മുതൽ പാക് അതിർത്തി വരെ 9000 പള്ളികൾ
ഇടക്കൊച്ചിയില്‍ ക്രിക്കറ്റ് സ്‌റ്റേഡിയം പണിയുന്നതിനാണ് അസോസിയേഷന്‍ ആദ്യം തീരുമാനിച്ചത്. ഇടക്കൊച്ചിയില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് സ്വന്തം സ്‌റ്റേഡിയത്തിനായി കെ.സി.എ.മറ്റൊരു സ്ഥലത്ത് ശ്രമങ്ങള്‍ ആരംഭിച്ചത്. വിമാനത്താവളത്തിന് സമീപം സ്ഥലം കിട്ടുമെന്ന് ഉറപ്പായതോടെ ക്രിക്കറ്റ് കളിയ്ക്ക് മാത്രം ഒരു സ്‌റ്റേഡിയം നടപ്പിലാക്കുവാനുള്ള നീക്കങ്ങള്‍ രണ്ട് വര്‍ഷം മുമ്പുതന്നെ തുടങ്ങിയിരുന്നു.
ബി.സി.സി.ഐ. സെക്രട്ടറി ജെയ്ഷാ കൊച്ചിയിലെത്തിയപ്പോഴാണ് നെടുമ്പാശ്ശേരിയിലെ ഭൂമി കണ്ടത്. അന്ന് തന്നെ അദ്ദേഹം ഇത് ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് അനുയോജ്യമായ സ്ഥലമാണെന്ന് കെ.സി.എ. ഭാരവാഹികളെ അറിയിച്ചിരുന്നു. തുടര്‍ന്ന് ആ ദിവസങ്ങളില്‍ തന്നെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് ഇപ്പോള്‍ സ്‌റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് താമസിക്കുവാന്‍ പറ്റുന്ന വിധത്തിലും നെടുമ്പാശ്ശേരി പഞ്ചായത്തിലും അങ്കമാലി നഗരസഭയിലും നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകളുണ്ട്. ഈ പ്രദേശത്ത് സ്‌റ്റേഡിയം പണിതാല്‍ താരങ്ങള്‍ക്കും ഒഫിഷ്യലുകള്‍ക്കും കാണികള്‍ക്കും ഇവിടേക്ക് എത്താന്‍ എളുപ്പമാണ്. കൂടാതെ മത്സരം കാണാനായി എത്തുന്നവര്‍ക്ക് വന്നുപോകാനുള്ള യാത്രാസൗകര്യവുമുണ്ട്. ഇടകൊച്ചിയെക്കാള്‍ ഭൂമി വില ഇവിടെ കുറവാണെന്നതും അനുകൂല ഘടകമാണ്.
ഏഴ് സ്വകാര്യ വ്യക്തികളുടേയും മൂന്ന് സ്വകാര്യ കമ്പനികളുടേയും ഉടമസ്ഥതയിലാണ് സ്‌റ്റേഡിയത്തിനായി കണ്ടെത്തിയ 60 ഏക്കറിലേറെ ഭൂമി. അതു കൊണ്ട് ഭൂമി ഏറ്റെടുക്കുവാന്‍ എളുപ്പമാണ്. മാത്രവുമല്ല ഈ ഭൂമി പൊതു ആവശ്യത്തിനായി കൈമാറാന്‍ ഭൂവുടമകള്‍ ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപവത്കരിച്ചിരുന്നു. തുടര്‍ന്നാണ് കെ.സി.എയുമായി ചര്‍ച്ചകള്‍ ആരംഭിച്ചത്. ഒരുഘട്ടത്തില്‍ ജി.സി.ഡി.എ. ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ ഭാഗമായിരുന്നു. കേരളത്തിന്റെ മധ്യഭാഗത്ത് ഗിഫ്റ്റ് സിറ്റിക്കൊപ്പം ക്രിക്കറ്റ് സ്‌റ്റേഡിയം വന്നാല്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ വികസനം വേഗത്തിലാകാന്‍ സാധ്യതയുണ്ട്