Sorry, you need to enable JavaScript to visit this website.

അറിയപ്പെടാത്ത മസ്ജിദ് ധ്വംസനങ്ങൾ; ദൽഹി മുതൽ പാക് അതിർത്തി വരെ 9000 പള്ളികൾ

ഫിറോസ് തുഗ്ലക്കിന്റെ ഭരണകാലത്ത് മുസ്ലിങ്ങളും ഹിന്ദുക്കളുമെല്ലാം  സംബന്ധിക്കാറുണ്ടായിരുന്ന ചില ക്ഷേത്രോത്സവങ്ങൾ പലവിധ അനാചാരങ്ങളുടെയും കേന്ദ്രമായിരുന്നു. ഭക്തിയുടെയും ആരാധനയുടെയും കേന്ദ്രം ആയിരിക്കേണ്ട ക്ഷേത്രങ്ങൾ വൃത്തികേടുകളുടെയും ദുരാചാരങ്ങളുടെയും കേന്ദ്രമായി തരംതാഴുമ്പോൾ അത് നാട്ടിന്റെ ക്രമസമാധാനത്തെയും അച്ചടക്കത്തെയും ബാധിക്കുന്ന പ്രശ്നമാണ്. ഉത്തരവാദിത്വ ബോധമുള്ള ഏതൊരു ഭരണകൂടവും ഇത്തരം ചെയ്തികളെ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നതു ഉറപ്പാണ്. ഇരുപതാം നൂറ്റാണ്ടിൽ, ഈ ആധുനിക യുഗത്തിൽ തന്നെ പഞ്ചാബിലെ സുവർണ്ണ  ക്ഷേത്രം ഭീകരപ്രവർത്തകരുടെ താവളമായി മാറിയപ്പോൾ പോലീസ് കയ്യേറിയതും അതിനു കേടുപാടുകൾ സംഭവിച്ചതും നമുക്കറിയാം. ഇതേപോലെ എന്നല്ല ഇതിനേക്കാൾ ഉപരിയായ കാരണങ്ങളാൽ ഫിറോസ് തുഗ്ലക്ക്‌ ദുരാചാരങ്ങളുടെ കൂത്തരങ്ങായി മാറിയ ചില ക്ഷേത്രങ്ങൾ നശിപ്പിക്കാൻ നിർബന്ധിതനായിട്ടുണ്ടായിരുന്നു."Politics in Mugul times" എന്ന കൃതിയിൽ (പേജ്-337) ഡോ ഈശ്വർ തോപ ഈ വസ്തുത രേഖപ്പെടുത്തിയിട്ടുണ്ട്.

മുസ്ലിം ഭരണാധികാരികളും രാജാക്കന്മാരും ഒരിക്കലും ഇസ്ലാം മതത്തിൻ്റെ പ്രബോധകരോ പ്രചാരകരോ ആയിരുന്നില്ല. അവർ വ്യക്തിപരമായി ഇസ്ലാം മതാനുയായികളുടെ ഗണത്തിൽ പെടുന്നുണ്ടാവാം. പക്ഷെ അവരിവിടെ എത്തിപ്പെട്ടത് സാമ്രാജ്യവികസനത്തിന് പടയോട്ടം നടത്തുന്ന സൈനികരായിട്ടാണ്. ഇത് ആ കാലഘട്ടത്തിൽ എല്ലാ നാടുകളിലും പതിവായിരുന്നു. സാമ്രാജ്യവിപുലീകരണാർത്ഥം ഒരേ മതക്കാർ തമ്മിൽ തന്നെ യുദ്ധങ്ങൾ വരെ നടന്നിട്ടുണ്ട്. ഇബ്രാഹീം ലോഡിയും ബാബറും തമ്മിൽ യുദ്ധം നടന്നത് ഓർക്കുക. ഇങ്ങിനെ പലവിധ യുദ്ധങ്ങളും ചരിത്രത്തിൽ കാണാം.മുസ്ലിം രാജാക്കന്മാർ ഒരിക്കലും ഇസ്ലാമിന്റെ വക്താക്കളായിരുന്നില്ല. അവർ ഇസ്ലാംമതം പ്രചരിപ്പിച്ചിട്ടേ ഇല്ല. എട്ടു നൂറ്റാണ്ടിലേറെ പല മുസ്ലിം രാജാക്കന്മാരും ഇന്ത്യ വാണിട്ടുണ്ട്.അവരൊക്കെയും ഇസ്ലാംമത പ്രചാരണം ഒരു ലക്ഷ്യമായെടുത്തിരുന്നെങ്കിൽ ഇന്ത്യയുടെ ചിത്രം ഇന്ന് നാം കാണും പോലെയാകുമായിരുന്നില്ല. അതേ സമയം തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനും ജനസ്വാധീനം വർദ്ധിപ്പിക്കാനും മറ്റും ഇസ്ലാം മതവിശ്വാസത്തിൽനിന്ന് ചിലരെങ്കിലും കുറെ വ്യത്യചലിച്ചിട്ടുണ്ട്. അക്‌ബറുടെ "ദീൻ ഇലാഹി" ഇതിന്ന് ഉദാഹരണമാണ്.

ഇന്ത്യയിൽ ഇസ്ലാം പ്രചരിച്ചത്  സാത്വികരും സച്ചരിതരുമായ ചില വ്യക്തികൾ മുഖേനയും അറേബ്യയിൽനിന്ന് വന്ന വാണിജ്യസംഘങ്ങൾ മുഖേനയുമാണ്. ഇസ്ലാം അവരിൽ വളർത്തിയെടുത്ത ഉൽകൃഷ്ടഗുണങ്ങളും മറ്റും ഇവിടത്തെ സമൂഹത്തെ ആകർഷിച്ചു. മാലികദിനാറിനെയും ഖാജ മുഈനുദീൻ ചിശ്തിയെയും സ്വീകരിച്ച് ആദരിച്ചത് ഇവിടത്തെ നല്ലവരായ ഹിന്ദു സഹോദന്മാരാണ്. അവർക്ക് പള്ളികളെടുക്കാൻ ഭൂമി നൽകിയതും,ഇതര സഹകരണങ്ങൾ നൽകിയതും ഇവിടത്തെ ഹിന്ദുക്കൾ തന്നെ. ബഹുദൈവവിശ്വാസവും വിഗ്രഹാരാധനയും ഉച്ചനീചത്വവും തജ്ജന്യമായ നൂറുകൂട്ടം അനാചാരങ്ങളും ദുരാചാരങ്ങളും നിലനിന്ന ഭാരതീയ സമൂഹത്തിൽ ഉദ്ഗ്രഥനത്തിന്റെയും ഏകീകരണത്തിന്റെയും സന്ദേശം ഉൾക്കൊള്ളുന്ന, മനുഷ്യന്ന് ഔന്നത്യവും അന്തസ്സും പ്രദാനം ചെയ്യുന്ന ഏക ദൈവത്തിന്റെ അടിസ്ഥാനത്തിലുള്ള ഇസ്ലാമിന് സ്വീകാര്യത സിദ്ധിച്ചു. മാനവന്റെ പ്രകൃതിമതവും ആദിതവും ഇസ്ലാമാണെന്ന് പല നിലക്കും ജനങ്ങൾ ഗ്രഹിച്ചു. ഇസ്ലാം ഉയർത്തിപ്പിടിക്കുന്ന ഏകദൈവത്വവും മാനുഷികസാഹോദര്യവും ജീവിതരീതിയും പുരോഗമനപരമാണെന്നും ജനങ്ങൾ കണ്ടെത്തി.ഇതാണ് ലോകത്തിന്റെ ഇതരഭാഗങ്ങളിലെന്നപോലെ ഭാരതത്തിലും ഇസ്ലാംമതം പ്രചരിച്ചതിന്റെ രഹസ്യം.

സുദീർഘകാലം ഇന്ത്യ ഭരിച്ച ഔറംഗസീബ് ലളിത ജീവിതം നയിച്ച, സദാചാരനിഷ്ഠയും നീതിയും പുലർത്തിയ ചക്രവർത്തിയായിരുന്നുവെന്നും അദ്ദേഹത്തെ താറടിച്ചു കാണിക്കുന്നവർ പോലും സമ്മതിക്കാറുണ്ട്. അദ്ദേഹത്തെ ചിലർ പരമതധ്വംസകനായും മതഭ്രാന്തനായും ക്രൂരനായും ചിത്രീകരിക്കുന്നത് ദുരുദ്ദേശപൂർവ്വമാണ്. ബ്രിട്ടീഷ് ഭരണാധികാരികളുടെ നിദ്ദേശാനുസരണം സർ ജാഡുനാഥ് സർക്കാർ ഔറംഗസീബിന്റെ ഭരണകാലഘട്ടത്തെ പറ്റി അഞ്ചു വാള്യങ്ങളിലായി ധാരാളം എഴുതിയിട്ടുണ്ട്.നീണ്ട ഒരു കാലഘട്ടം വളരെ വിപുലമായ ഒരു രാജ്യം ഭരിച്ച ഔറംഗസീബ് എത്ര ക്ഷേത്രധ്വമസനങ്ങൾ നടത്തിയിട്ടുണ്ടന്ന് ഏറെ പാടുപെട്ട് അന്വേഷിച്ച സർ ജാഡുനാഥിന് ഏതാണ്ട് ഏഴ് സംഭവങ്ങൾ മാത്രമാണ് പറയാനുള്ളത്. അദ്ദേഹത്തിന്റെ എല്ലാ കഴിവുകളുമുപയോഗിച്ച് ഈ സംഭവങ്ങളെ തെറ്റായി വിശദീകരിക്കാനും പർവ്വതീകരിക്കാനും ശ്രമിക്കുന്ന ഈ "ഗവേഷകൻ" ഔറംഗസീബ് ക്ഷേത്രങ്ങൾ നശിപ്പിക്കാൻ മിനക്കെട്ടിരുന്നതായി വരുത്തിത്തീർക്കാൻ സ്വയം മിനക്കെടുകയായിരുന്നു. ഔറംഗസീബിന്റെ ആസ്ഥാനങ്ങളായ ആഗ്രയിലോ ദൽഹിയിലോ അദ്ദേഹം ഏതെങ്കിലും ഒരു ക്ഷേത്രത്തിന്ന് ചെറിയ തോതിലുള്ള ക്ഷതമേൽപ്പിച്ചതായി തെളിയിക്കാൻ സാധിച്ചിട്ടില്ല.അതേസമയം അദ്ദേഹം പല ക്ഷേത്രങ്ങൾക്കും ധാരാളം സൗജന്യങ്ങളും ആനുകൂല്യങ്ങളും നൽകിയതായി ചരിത്രങ്ങളിൽ കാണുന്നുമുണ്ട്. കാൽനൂറ്റാണ്ട് കാലത്തോളം അറംഗസീബ് ദക്ഷിണേന്ത്യയിലുണ്ടായിരുന്നു.ധാരാളം പൗരാണിക ക്ഷേത്രങ്ങൾ ഈ പ്രദേശങ്ങളിലുമുണ്ട്.അദ്ദേഹം ഒന്നിനേയും നശിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. അങ്ങിനെ ആരും ഇതേവരെ തെളിയിച്ചിട്ടുമില്ല.

വരാണസിയിലെ വിശ്വനാഥ് ക്ഷേത്രത്തിന്റെ മേൽ ചില നടപടികൾ എടുക്കാൻ ഔറംഗസീബ് നിർബ്ബന്ധിതനായിട്ടുണ്ട്. ഒറീസ്സാ ഗവർണ്ണറായ പണ്ഡിറ്റ് ബിശംബർനാഥ് പാണ്ഡെ ശ്രദ്ധേയനായ ഒരു ചരിത്രകാരൻ കൂടിയാണ്.അദ്ദേഹം1986 ജൂലൈ 12ന് രാജ്യസഭയിൽ നടത്തിയ പ്രസംഗത്തിൽ   ഇതിന്റെ കാരണങ്ങൾ വിവരിക്കുകയുണ്ടായി.അതായത് ഔറംഗസീബ് ബംഗാളിലേക്കുള്ള യാത്രാമദ്ധ്യേ വരാണസിയിലെത്തി.തന്റെ കൂടെ പരിവാരവുമുണ്ടായിരുന്നു. പലരും കുടുംബസമേതം തന്നെ, കച്ച് മഹാരാജയും അക്കൂട്ടത്തിൽ പെടുന്നു.ക്ഷേത്ര ദർശനത്തിനും പൂജാദികൾക്കും വേണ്ടി ഏതാനും ദിനങ്ങൾ വരാണസിയിൽ തങ്ങാമെന്ന് സഹയാത്രികരിൽ പലരും താല്പര്യപ്പെട്ടതനുസരിച്ച് അവിടെ തങ്ങുകയും വരാണസി നഗരത്തിൽനിന്നും അഞ്ചു നാഴിക അകലെ തമ്പടിക്കുകയും ചെയ്തു. അങ്ങിനെ മഹാരാജാവും പരിവാരവും അവരുടെ അംഗരക്ഷകരുമൊക്കെ നഗരം ചുറ്റിക്കാണാനും ക്ഷേത്രദർശനം, ഗംഗസ്നാനം എന്നിവ നിർവഹിക്കാനും പുറപ്പെട്ടു, പരിപാടികളൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കച്ച് രാജാവിന്റെ പത്നിയെ കാണാനില്ല, ഈ സംഭവത്തിൽ ഔറംഗസീബ് തികച്ചും കുപിതനായി. വിശ്വനാഥ ക്ഷേത്രത്തിൽ ഉൾപ്പെടെയുള്ള എല്ലാ സ്ഥലങ്ങളിലും വിപുലമായ തെരച്ചിൽ നടത്താൻ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകി.ക്ഷേത്രം പരിശോധിച്ചപ്പോൾ ഒരു മതിലിനടുത്ത്  അസാധാരണത്വം തോന്നിക്കുംവിധത്തിൽ ഒരു ഗണേശവിഗ്രഹം നില കൊള്ളുന്നതായിക്കണ്ടു. സന്ദേഹം തോന്നിയ അന്വേഷകർ പ്രസ്തുത വിഗ്രഹം നീക്കം ചെയ്തപ്പോൾ മതിലിൽ ക്ഷേത്രത്തിന്റെ താഴ്ഭാഗത്തേക്ക് ചെന്നെത്താവുന്ന ഒരു കോവണിപ്പടിയുടെ വിടവ് കണ്ടെത്തി - ഈ ഗർഭഗൃഹം അജ്ഞാതമായി കിടക്കുകയായിരുന്നു. താഴോട്ട് ഇറങ്ങിച്ചെന്ന ഉദ്യോഗസ്ഥക്ക് കാണാൻ കഴിഞ്ഞത് മാനവും ധനവും ക്രൂരമാംവിധം കവർന്നെടുക്കപ്പെട്ട് ബന്ധനസ്ഥയായി കഴിയുന്ന മഹാറാണിയെയാണ്. ഈ ആക്രമത്തിലും തോന്നിവാസത്തിലും മനംനൊന്ത രാജാവും സഹയാത്രികരും, തീർത്ഥാടകരുടെ ജീവനും ധനത്തിനും മാനത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്താനും, ഇത്തരം അനാശാസ്യകൃത്യങ്ങൾക്കെതിരിൽ ശക്തമായ നടപടികൾ സ്വീകരിക്കാനും ചക്രവർത്തിയോട് അഭ്യർത്ഥിച്ചു.ഹിന്ദുക്കളിൽ നിന്ന് തന്നെ ഉണ്ടായ ഈ അഭ്യർത്ഥന ഔറംഗസീബ് സ്വീകരിച്ചു.അധാർമികതയുടെയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെയും ഗൂഢ സങ്കേതമായി ഉപയോഗിക്കപ്പെടുന്ന ഗർഭഗൃഹവും അതുമായി ബന്ധപ്പെട്ട ഭാഗവും ഒരു ആരാധനാലയത്തിന്റെ പവിത്രക്ക് നിരക്കുന്നതല്ല എന്ന് തോന്നിയതിനാൽ അദ്ദേഹം പ്രസ്തുത ഭാഗങ്ങൾ നശിപ്പിക്കുകയും ക്ഷേത്രത്തിലെ മഹന്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ഡോ പട്ടാമ്പിസീതാരാമയ്യയും,പാറ്റ്നാ മ്യൂസിയത്തിലെ ക്യൂറേറ്ററായ ഡോ പി.എൽ ഗുപ്തയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

ചിത്രാകോട്ടിലെ ബാലാജിക്ഷേത്രങ്ങളും, ചില ജൈനമതക്ഷോത്രങ്ങളുമൂൾപ്പടെ ധാരാളം ക്ഷേത്രങ്ങൾക്ക് സൗജന്യങ്ങളും ആനുകൂല്യങ്ങളും അനുവദിച്ചുകൊണ്ട് ഔറംഗസീബ് ചക്രവർത്തി പുറപ്പെടുവിച്ച  ഇരുനൂറു ശാസനങ്ങളുടെ ഫോട്ടോസ്റ്റാറ്റുകൾ അദ്ദേഹത്തിന്റെ പക്കലുണ്ടെന്നും രാജ്യസഭയിൽ പണ്ഡിറ്റ് ബി ശംബർ നാഥ് പാണ്ഡ പ്രസ്താവിച്ചു. വിവിധ ക്ഷേത്രങ്ങളിലെ മഹന്ത് മാർക്ക് കത്തയച്ചിട്ടാണ് അദ്ദേഹം ഇത് ശേഖരിച്ചത്. കുറെക്കൂടി വ്യാപകമായും കാര്യക്ഷമമായും അന്വേഷണങ്ങൾ നടത്തിയാൽ ഇത്തരത്തിലുള്ള ധാരാളം ശാസനങ്ങൾ ഇനിയും കണ്ടെത്താനാവും.

 ഇന്ത്യയുടെ പ്രഥമ പ്രസിഡണ്ടായ ഡോ രാജേന്ദ്രപ്രസാദ്  "India divided" എന്ന തന്റെ ഗ്രന്ഥത്തിൽ പ്രസിദ്ധമായ മഹേശ്വരനാഥ് ക്ഷേത്രത്തിലെ പൂജാരികൾക്ക് സഹായധനം അനുവദിച്ചുകൊണ്ടുള്ള അറംഗസീബിന്റെ രണ്ട് ശാസനങ്ങൾ അലഹബാദിൽ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. അറംഗസീബ് ചക്രവത്തി വിവിധ ക്ഷേത്രങ്ങളിലെ പൂജാരികൾക്കും മാറ്റും ആനുകൂല്യങ്ങളനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച രണ്ട് ഡസൻ ശാസനങ്ങൾ ഗോരഖ്പൂരിലെ വിശ്രുത പണ്ഡിതനായ ഗ്യാൻചന്ദ്ര ശേഖരിച്ചിട്ടുണ്ട്. ഈ വിഷയകമായി പാക്കിസ്ഥാൻ ഹിസ്റ്ററിക്കൽ സൊസൈറ്റിയുടെ 1959 ലെ ജേണലിൽ അദ്ദേഹം ഒരു ദീർഘ ലേഖനം തന്നെ എഴുതിയിട്ടുണ്ട്.അസംഗഡിലെ ഷിബിലി അക്കാദമിയുടെ ഡയറക്ടറും നല്ലൊരു ചരിത്ര പണ്ഡിതനുമായ സലാഹുദ്ദീൻ അബ്ദുറഹ്മാൻ ഗ്യാൻചന്ദ്ര എഴുതിയ ലേഖനത്തിന്റെ ഉറുദുവിവർത്തനം "മുസൽമാൻ കി മദ്ഹബി റവാധാരി" എന്ന കൃതിയുടെ മൂന്നാം വാല്യത്തിൽ കാണാം. (ശിബിലി അക്കാദമിയുടെ പ്രസിദ്ധീകരണമായ "മആരിഫ'' യിൽ സലാഹുദ്ദീൻ അബ്ദുറഹ്മാൻ ചരിത്രത്തിൽ നടക്കുന്ന കൃത്രിമങ്ങളെയും വളച്ചൊടിക്കലുകളെയും പറ്റി തുടർലേഖനങ്ങൾ എഴുതിട്ടുണ്ട്)

പഴയ കാലങ്ങളിൽ രാജാക്കന്മാരുടെ സമ്പത്തുകളൊക്കെയും ക്ഷേത്രങ്ങളിലായിരുന്നു സൂക്ഷിച്ചിരുന്നത്. ക്ഷേത്ര കേന്ദ്രീകൃതമായിട്ടായിരുന്നു രാജാക്കന്മാരുടെ പല നീക്കങ്ങളും നടന്നുകൊണ്ടിരുന്നത്. അക്രമം നടത്തുന്നവർക്ക് തന്റെ ശത്രുവിന്റെ സമ്പത്ത് കൊള്ളയടിക്കണമെങ്കിൽ ക്ഷേത്രങ്ങൾ കയ്യേറുക എന്നത് അനിവാര്യമായിരുന്നു, അങ്ങനെ ക്ഷേത്രം കയ്യേറിയവരുടെ ലക്ഷ്യം  ക്ഷേത്രധംസനമല്ല, മറിച്ച് സമ്പത്താണ്. ക്ഷേത്രത്തിൽ സമ്പത്ത് കുമിഞ്ഞു കൂടാറുണ്ടായിരുന്നു. (നമ്മുടെ തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിൽ എന്നെ എന്തുമാത്രം സ്വർണവും സമ്പത്തും ഉണ്ടെന്ന് ഓർക്കുക) ആകയാൽ എല്ലാ ക്ഷേത്ര ധ്വംസനങ്ങളും പരമത ധ്വംസനങ്ങളായി കാണാതിരിക്കേണ്ടതാണ്.മുസ്ലിങ്ങൾ അല്ലാത്ത ഇതര മതസ്ഥരെ സ്വന്തം ഭരണകൂടത്തിലെ ഉയർന്ന തസ്തികയിൽ നിയമിച്ചവരായിരുന്നു മുസ്ലിം ഭരണാധികാരികളെല്ലാം.ധാരാളം വിശ്വസ്തരായ ഹിന്ദുക്കളെ മുഗൾ രാജാക്കന്മാരും ടിപ്പുസുൽത്താനും ഉന്നത തസ്തികളിൽ നിയമിച്ചിരുന്നു.ഹിന്ദുമത വിരോധം എന്നത് മുസ്ലിം ഭരണാധികാരികൾക്ക് ഉള്ളതായി തെളിയിക്കാൻ സാധ്യമല്ല.അല്ലാമാ ശിബിലി നുമാനി എഴുതിയ 'ആലംഗിർ' എന്ന പുസ്തകത്തിൽ ഔറംഗസീബുമായി ബന്ധപ്പെട്ടിട്ടുള്ള  ചരിത്രങ്ങളും വിശദമായി പ്രതിപാദിക്കുന്നുണ്ട്.അദ്ദേഹത്തെ മുൻനിർത്തി നടത്തുന്ന ദുരാരോപണങ്ങൾ ഒക്കെയും നിഷേധിക്കുന്നതാണ് അതിലുള്ള വസ്തുതകൾ.

 ഹിജ്റബ്‌ദം 976 ൽ നിസാം ഷാ ബാഹ്റിക്കെതിരിൽ അലി ആദിൽ ഷാ  രണ്ടാമൻ രാജാ രാമരാജന്റെ സഹായം തേടി. രാമരാജ ആദിൽഷായെ സഹായിച്ചു. അവസാനം കിട്ടിയ തക്കത്തിന് ആദിൽഷായുടെ ഭരണപ്രദേശത്തുള്ള പള്ളികൾ രാമരാജ ചുട്ടു ചാമ്പലാക്കി. (Firista Vol-2  Pg:36).
അറംഗസീബിന്റെ കാലത്ത് സട്‌നമീസ് (Satnamees) കർണൂൽ കൊള്ളയടിക്കുകയും അവിടത്തെ മുസ്ലിം പള്ളികൾ ചുട്ട് ചാമ്പലാക്കുകയും ചെയ്തിരുന്നതായി ജാഡുനാഥ് സർക്കാർ രേഖപ്പെടുത്തിയിട്ടുണ്ട്.(History of Aurangzeb. Vol -2  Pg-396) അറംഗസീബിന്റെ കാലത്ത് തന്നെ കമാർ ഭീംസിംഗ് ആറോളം പള്ളികൾ തകർത്തു. (Aurangzeb by Zahiruddin faruqui- Pg-134) ശിവജി ഭിവണ്ടിയിലെയും ഷോളാപുരിയിലെയും വളരെയേറെ പള്ളികൾ നശിപ്പിച്ചിട്ടുണ്ട്.(Faruqui) ബഹുദൂർഷാ ഒന്നാമന്റെ നിര്യാണാന്തരം ജോഡ്പൂരിലെ രാജ ജസ് വന്ത്  സിംഗിന്റെ  മകൻ അജിത് സിംഗ് പല മുസ്ലിം പള്ളികളും തകർത്ത് തൽസ്ഥാനത് ക്ഷേത്രങ്ങൾ പണിതു.(Muntakbib ul-Albab by Khanikhan Vol-2  Pg-23) സിക്ക് ഭരണകർത്താക്കൾ അവരുടെ കാലത്ത് ആയിരക്കണക്കിന് മുസ്ലിം പള്ളികൾ തകർത്തിട്ടുള്ളതായി കനഹ്യ ലാൽ കപൂർ എഴുതിയ History of Lahore ൽ പറയുന്നു.

ദൽഹി,പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ 1947 ന് ശേഷം തന്നെ വൻതോതിൽ മുസ്ലിം പള്ളികൾ അന്യാധീനമാക്കുകയും, അനാദരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.മുസ്ലിം പള്ളികൾകുനേരെ നടന്ന കയ്യേറ്റങ്ങളെയും അനാദരവുകളെപ്പറ്റിയും അന്വേഷിക്കാൻ 1947ൽ ഇന്ത്യ ഗവൺമെന്റ് ബാർനി(Barney)കമ്മീഷനെ നിയോഗിച്ചു. ദൽഹിയിൽ മാത്രം 170 പള്ളികൾ ഹിന്ദുക്കളുടെയോ സർക്കാർ അധികൃതരുടെയോ അധീനതയിലാണെന്നും പ്രസ്തുത കമ്മീഷൻ റിപ്പോർട്ട് ചെയ്യുകയുണ്ടായി.പ്രസ്തുത പള്ളികൾ ഇനിയം മുസ്ലിംകൾക്ക് തിരിച്ചുകിട്ടിയിട്ടില്ല. 1979ൽ പശ്ചിമബംഗാൾ സർക്കാർ  അസംബ്ളിയിൽ പ്രസ്താവിച്ചതനുസരിച്ച് കൽക്കത്തയിൽ മാത്രം ചുരുങ്ങിയത് 59 മുസ്ലിം പള്ളികൾ ഹിന്ദുക്കളുടെ കൈവശമാണുള്ളത്. ദൽഹി മുതൽ പാക് അതിർത്തി വരെയുള്ള പ്രദേശങ്ങളിൽ ഏതാണ്ട് ഒമ്പതിനായിരത്തോളം മുസ്ലിം പള്ളികൾ ഹിന്ദുക്കളുടെയും ഇതര മതവിഭാഗങ്ങളുടെയും  അധീനതയിൽ കിടക്കുകയാണ്.

ബാബരി മസ്ജിദ് ഹിന്ദുക്കൾക്ക് വിഗ്രഹാരാധനക്കായി വക്രമായ വഴിയിലൂടെ തുറന്നുകൊടുക്കുകയും, ഏറ്റവും ഒടുവിൽ അവിടെ ക്ഷേത്രനിർമ്മാണത്തിന് വിട്ടുകൊടുക്കുകയും, ക്ഷേത്രം നിർമ്മിക്കുകയും മുസ്ലിങ്ങൾക്കെതിരെ അസത്യങ്ങളും അർദ്ധ സത്യങ്ങളും ചേർത്ത് ക്ഷേത്ര ധ്വംസനത്തിന്റെ കഥകൾ പടച്ചുണ്ടാക്കി പർവ്വതീകരിച്ച് നാനാവിധേന പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഇന്നത്തെ ചുറ്റുപാടിൽ മേൽവിവരിച്ച വസ്തുതകൾ വളരെ പ്രസക്തമാണ്. നിഷ്പക്ഷവും നീതിപുവ്വവുമായ ചരിത്രപഠനം വഴി സന്തുലിതവും സത്യസന്ധവുമായ ഒരു വീക്ഷണം ഉണ്ടായിത്തീരേണ്ടത് വളരെ അനിവാര്യമായിരിക്കുന്നു.

Latest News