Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

രോഹന്‍ സഖ്യം മുന്നോട്ട്, ക്വാര്‍ട്ടര്‍ ലൈനപ് അറിയാം

മെല്‍ബണ്‍ - ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസില്‍ പുരുഷ ഡബ്ള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയുള്‍പ്പെട്ട സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. രണ്ടാം സീഡായ രോഹനും മാത്യു എബ്ദനും ആറാം സീഡ് മാക്‌സിമൊ ഗോണ്‍സാലസ്-ആന്ദ്രെ മോള്‍ടനി ജോഡിയുമായി ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടും. ആവേശകരമായ പ്രി ക്വാര്‍ട്ടറില്‍ വെസലി കൂള്‍ഹോഫ്-നിക്കോള മെല്‍കിച് ജോഡിയെ 7-6 (10-8), 7-6 (7-4) ന് തോല്‍പിച്ചു. 
വനിതാ വിഭാഗത്തില്‍ ലോക 75ാം നമ്പര്‍ റഷ്യയുടെ അന്ന കാലിന്‍സ്‌കായ ആദ്യമായി വനിതാ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. 26ാം സീഡ് ജാസ്മിന്‍ പവോളിനിയെ 6-4, 6-2 ന് തോല്‍പിച്ചു. മുമ്പ് നാലു തവണ ഓസ്‌ട്രേലിയന്‍ ഓപണില്‍ കളിച്ചപ്പോഴും ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. 
ഉക്രൈന്‍കാരി ഡയാന യെസ്‌ട്രെംകയുടെ കുതിപ്പ് തുടരുന്നു. വിംബിള്‍ഡണ്‍ ചാമ്പ്യന്‍ മാര്‍ക്കെറ്റ വന്‍ഡ്രൂസോവസക്ക് പിന്നാലെ മുന്‍ ചാമ്പ്യനും മുന്‍ ലോക ഒന്നാം നമ്പറുമായ വിക്ടോറിയ അസരെങ്കയെ തോല്‍പിച്ച് ഡയാന ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. വിക്ടോറിയ അസരെങ്ക കഴിഞ്ഞ വര്‍ഷം സെമിഫൈനലിലെത്തിയിരുന്നു. സ്‌കോര്‍: 7-6 (8-6), 6-4.
19ാം സീഡ് എലീന സ്വിറ്റോലിനയെ മറികടന്ന് ലിന്‍ഡ നോസ്‌കോവയും ക്വാര്‍ട്ടറിലെത്തി. പരിക്കേറ്റ് സ്വിറ്റോലിന പിന്മാറുകയായിരുന്നു. 
യോഗ്യതാ റൗണ്ടിലൂടെ വന്ന കളിക്കാരിയാണ് 93ാം റാങ്കുകാരിയായ ഡയാന യെസ്‌ട്രെംസ്‌ക. പത്തൊമ്പതുകാരി ലിന്‍ഡ ടോപ് സീഡ് ഈഗ ഷ്വിയോന്‍ടെക്കിനെ കഴിഞ്ഞ റൗണ്ടില്‍ അട്ടിമറിച്ചിരുന്നു. 
ഫലസ്തീനെ സ്വതന്ത്രമാക്കൂ എന്ന നോട്ടീസ് വിതരണം ചെയ്യാന്‍ ഒരു സ്ത്രീ ശ്രമിച്ചത് ഓസ്‌ട്രേലിയന്‍ ഓപണ്‍ ടെന്നിസിന്റെ പ്രി ക്വാര്‍ട്ടര്‍ ഫൈനല്‍ മിനിറ്റുകളോളം തടസ്സപ്പെടുത്തി. അലക്‌സാണ്ടര്‍ സ്വരേവും കാമറൂണ്‍ നോറിയും തമ്മിലുള്ള മത്സരത്തിനിടയിലാണ് പ്രതിഷേധം അരങ്ങേറിയത്. സുരക്ഷാ ജീവനക്കാര്‍ ഇടപെടാന്‍ വൈകിയതോടെ കാണികളില്‍ ചിലരാണ് പ്രതിഷേധം നടത്തിയ സ്ത്രീയെ തടഞ്ഞത്. സുരക്ഷാ ഭീഷണി തോന്നിയില്ലെന്നും എന്നാല്‍ ഇടപെടല്‍ വൈകിയതില്‍ ആശങ്കയുണ്ടെന്നും ഒളിംപിക് ചാമ്പ്യന്‍ സ്വരേവ് പറഞ്ഞു. സാധാരണ അക്രഡിറ്റേഷന്‍ ഇല്ലാതെ തനിക്ക് ജിംനേഷ്യത്തില്‍ പോലും പോകാന്‍ സാധിക്കാറില്ലെന്ന് ജര്‍മന്‍കാരന്‍ ചൂണ്ടിക്കാട്ടി. 
രണ്ട് കോര്‍ടുകള്‍ക്കു പുറത്തും പ്രതിഷേധക്കാര്‍ യുദ്ധവിരുദ്ധ നോട്ടീസുകള്‍ വിതരണം ചെയ്തു. ഗാസയില്‍ ബോംബുകള്‍ വര്‍ഷിക്കുന്ന ശബ്ദവും അവര്‍ പുനഃസൃഷ്ടിച്ചു. സ്വരേവിന്റെ മത്സരത്തില്‍ ഫെയ്‌സ് മാസ്‌ക്കണിഞ്ഞ യുവതിയാണ് മൂന്നാം സെറ്റിലെ ആറാം ഗെയിമിനിടെ നോട്ടീസ് വലിച്ചെറിഞ്ഞത്. ഫലസ്തീനെ സ്വതന്ത്രമാക്കൂ, ഇവിടെ ടെന്നിസ് അരങ്ങേറുമ്പോള്‍ ഗാസയില്‍ ബോംബാണ് വര്‍ഷിക്കുന്നത് തുടങ്ങിയ വാചകങ്ങളായിരുന്നു നോട്ടീസില്‍. കോര്‍ട്ടിലേക്ക് വീണ നോട്ടീസുകള്‍ ബോള്‍ കിഡ്‌സ് പെറുക്കിയെടുത്ത ശേഷമാണ് കളി പുനരാരംഭിച്ചത്. സ്വരേവ് 7-5, 3-6, 6-3, 4-6, 7-6 (7-3) വിജയത്തോടെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. 
35, 36 വയസ്സുള്ള രണ്ട് വനിതകളെ കസ്റ്റഡിയിലെടുത്ത ശേഷം കേസെടുക്കാതെ വിട്ടയച്ചുവെന്ന് പോലീസ് അറിയിച്ചു. 

ക്വാര്‍ട്ടര്‍ ലൈനപ്
പുരുഷന്മാര്‍
നോവക് ജോകോവിച് x ടയ്‌ലര്‍ ഫ്രിറ്റ്‌സ്
യാനിക് സിന്നര്‍ x ആന്ദ്രെ റൂബലേവ്
ഡാനില്‍ മെദവദേവ് x ഹ്യൂബര്‍ട് ഹുര്‍കാസ്
അലക്‌സാണ്ടര്‍ സ്വരേവ് x കാര്‍ലോസ് അല്‍കാരസ്

വനിതകള്‍ 
ലിന്‍ഡ നോസ്‌കോവ x ഡയാന യാസ്‌ട്രെംസ്‌ക
അന്ന കാലിന്‍സ്‌കായ x ഷെംഗ് ക്വിന്‍വെന്‍
മാര്‍ത്ത കോസ്റ്റിയൂക് x കോക്കോ ഗഫ്
ബാര്‍ബോറ ക്രയ്‌സികോവ x അരീന സബലെങ്ക

Latest News