ന്യൂദല്‍ഹി - ഇന്ത്യന്‍ പര്യടനത്തിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം എത്തിയത് സോമര്‍സെറ്റ് ഓഫ്സ്പിന്നര്‍ ശുഐബ് ബഷീര്‍ ഇല്ലാതെ. പുതുമുഖ ഇംഗ്ലണ്ട് സ്പിന്നര്‍ക്ക് ഇന്ത്യന്‍ വിസ ഇതുവരെ ലഭിച്ചില്ല. ശുഐബിന്റെ മാതാപിതാക്കള്‍ പാക്കിസ്ഥാനില്‍ നിന്ന് കുടിയേറിയവരാണ്. അബുദാബിയിലെ ക്യാമ്പ് പൂര്‍ത്തിയാക്കിയാണ് ബാക്കി 14 കളിക്കാരുള്‍പ്പെട്ട ടീം ഇന്ത്യയിലേക്ക് തിരിച്ചത്. അബുദാബിയില്‍ വെച്ചുതന്നെ മധ്യനിര ബാറ്റര്‍ ഹാരി ബ്രൂക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ബ്രൂക്ക് തിരിച്ചുവരില്ല. പകരം ഡാന്‍ ലോറന്‍സിനെ ടീമിലുള്‍പെടുത്തിയിട്ടുണ്ട്. ലോറന്‍സ് എത്താന്‍ വൈകും. വ്യാഴാഴ്ച ഹൈദരാബാദിലാണ് ആദ്യ അഞ്ച് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്.
ബഷീറിന്റെ വിസാ നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ബി.സി.സി.ഐയോടും കേന്ദ്ര സര്‍ക്കാരിനോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. ബഷീര്‍ വൈകാതെ എത്തുമെന്ന് ഇംഗ്ലണ്ട് കോച്ച് ബ്രന്‍ഡന്‍ മക്കല്ലം വിശ്വാസം പ്രകടിപ്പിച്ചു.
ബഷീറിന് വിസ അനുവദിച്ചതായ വാര്‍ത്ത ഏതാനും മണിക്കൂറുകള്‍ക്കകം ലഭിക്കുമെന്ന് ഇംഗ്ലണ്ട് കോച്ച് പറഞ്ഞു. 67 റണ്‍സെന്ന വലിയ ശരാശരിയില്‍ വെറും 10 ഫസ്റ്റ് ക്ലാസ് വിക്കറ്റെടുത്ത അനുഭവപരിചയം മാത്രമുള്ള ഇരുപതുകാരനെ ഇംഗ്ലണ്ട് ടീമിലെടുത്തത് അദ്ഭുതം സൃഷ്ടിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ രണ്ടാം നിരയായ ഇംഗ്ലണ്ട് ലയണ്‍സിനു വേണ്ടി യു.എ.ഇയില്‍ നടത്തിയ പ്രകടനമാണ് ബഷീറിന് അനുകൂലമായത്. ഉയര്‍ന്ന റിലീസ് പോയന്റും, നല്ല ടേണുമുള്ളത് ഇന്ത്യന്‍ പിച്ചുകളില്‍ ബഷീറിനെ അപകടകാരിയാക്കുമെന്ന് ഇംഗ്ലണ്ട് ടീം മാനേജ്മെന്റ് കരുതുന്നു.
ഇംഗ്ലണ്ട് ടീം ചൊവ്വാഴ്ച ഹൈദരാബാദ് രാജിവ്ഗാന്ധി ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ പരിശീലനം ആരംഭിക്കും.