ലിവര്‍പൂള്‍ - ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് ഫുട്ബോളിനായി ഐവറികോസ്റ്റിലെത്തിയ മുഹമ്മദ് സലാഹ് നിരാശനായി ലിവര്‍പൂളിലേക്ക് മടങ്ങും. ആദ്യ മത്സരത്തില്‍ പേശിവേദനയുണ്ടായ താരം പിന്നീട് കളിച്ചില്ല. ലിവര്‍പൂളില്‍ ചികിത്സ തുടരും. ടൂര്‍ണമെന്റില്‍ ഈജിപ്ത് മുന്നേറിയാല്‍ സലാഹ് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഈജിപ്ത് ഫുട്ബോള്‍ ഫെഡറേഷന്. എന്നാല്‍ സെമിഫൈനലിലെങ്കിലും എത്തിയാലേ സലാഹിന് കളിക്കാനാവൂ. ഈജിപ്ത് തിങ്കളാഴ്ച കേപ് വേര്ദെയെ നേരിടുകയാണ്. ആ മത്സരം കാണാന്‍ സലാഹ് ഉണ്ടാവും.
ഞായറാഴ്ച ലിവര്‍പൂളിന്റെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് മത്സരത്തിനു ശേഷം കോച്ച് യൂര്‍ഗന്‍ ക്ലോപ്പ് ഈജിപ്ത് താരം മടങ്ങുന്നതിനെക്കുറിച്ച് ആദ്യ സൂചന നല്‍കിയത്. എന്നാല്‍ ഈജിപ്ത് ഫൈനലിലെത്തുമെങ്കിലേ സലാഹിന് കളിക്കാനാവൂ എന്നാണ് ക്ലോപ് വിശദീകരിച്ചത്. ഈജിപ്ത് ഫൈനലിലെത്തുമെങ്കില്, അപ്പോഴേക്കും സലാഹ് കായികക്ഷമത വീണ്ടെടുക്കുമെങ്കില്‍ താരത്തിന് മടങ്ങാമെന്ന് കോച്ച് അറിയിച്ചു.
മൊസാംബിക്കിനെതിരായ ആദ്യ മത്സരത്തില്‍ ഈജിപ്തിനെ പെനാല്‍ട്ടി ഗോളിലൂടെ തോല്‍വിയില്‍നിന്ന് രക്ഷിച്ചത് സലാഹാണ്. ഇതുവരെ സലാഹിന് ആഫ്രിക്കന്‍ കിരീടം നേടാനായിട്ടില്ല. രണ്ടു തവണ ഫൈനലില്‍ തോറ്റു. 2017 ല്‍ കാമറൂണിനോടും രണ്ടു വര്‍ഷം മുമ്പ് ഷൂട്ടൗട്ടില്‍ സെനഗാലിനോടും.