ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ ഗ്രൂപ്പ് എഫ് മത്സരത്തില്‍ ഒമാനും തായ്‌ലന്റും ഗോളടിക്കാതെ പിരിഞ്ഞു. വിജയത്തിനായി ഒമാന്‍ കനത്ത ആക്രമണമഴിച്ചുവിട്ടെങ്കിലും തായ്‌ലന്റ് പ്രതിരോധം ഉറച്ചു നിന്നു. രണ്ട് കളിയില്‍ ഒരു പോയന്റ് മാത്രമുള്ള ഒമാന്റെ നോക്കൗട്ട് സാധ്യത തുലാസിലാണ്. നാല് പോയന്റുമായി തായ്‌ലന്റാണ് ഗ്രൂപ്പില്‍ മുന്നില്‍. രാത്രി നടക്കുന്ന മത്സരത്തില്‍ കിര്‍ഗിസ്ഥാനെ തോല്‍പിച്ചാല്‍ സൗദി അറേബ്യക്ക് പ്രി ക്വാര്‍ട്ടര്‍ ബെര്‍ത്തുറപ്പിക്കാം.
എന്നാല്‍ ജപ്പാനെ ഇറാഖ് അട്ടിമറിച്ചതും ജോര്‍ദാനെതിരെ തെക്കന്‍ കൊറിയ കഷ്ടിച്ച് രക്ഷപ്പെട്ടതും പാഠമാകണമെന്ന് കോച്ച് റോബര്‍ടൊ മാഞ്ചീനി മുന്നറിയിപ്പ് നല്‍കുന്നു. ആദ്യ മത്സരത്തില്‍ ഒമാനെതിരെ ഗോള്‍ വഴങ്ങിയ സൗദി ഇഞ്ചുറി ടൈമിലാണ് വിജയം കണ്ടത്. സൗദി ഫിഫ റാങ്കിംഗില്‍ 56ാമതും കിര്‍ഗിസ്ഥാന്‍ 98ാമതുമാണ്. ആദ്യ കളിയില്‍ തായ്‌ലന്റിനോട് കിര്‍ഗിസ്ഥാന്‍ 0-2 ന് തോറ്റു.
ആദ്യ കളിയിലെ ജയം പഴങ്കഥയായെന്നും കിര്‍ഗിസ്ഥാനെതിരെ ഏകാഗ്രത പുലര്‍ത്താന്‍ സാധിക്കണമെന്നും മാഞ്ചീനി മുന്നറിയിപ്പ് നല്‍കി.