Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൂഫിസം: കർമനൈർമല്യങ്ങളുടെ ചാരുത

സൂഫി എന്ന് കേൾക്കുമ്പോൾ സ്‌നേഹനിധിയായ സ്രഷ്ടാവിന്റെ പ്രീതി പുൽകാൻ  സ്വശരീര പരിചരണം പോലും മറന്ന് ധ്യാനനിരതനായ ഒരാളുടെ ചിത്രമാണ് നമ്മുടെ മനസ്സിൽ തെളിയുന്നത്.
സൂഫിയെന്ന മഹാവിസ്മയം വളർന്നു വരുന്നതിന്റെ ഒരു ഘട്ടമാണത്. ചേറും ചളിയും നിറഞ്ഞ കൃഷിയിടങ്ങളിലാണല്ലോ രുചി വൈഭങ്ങളുളള വിളകൾ വളർന്നു വരാറുള്ളത്.
സൂഫിയെ നിർമിക്കുന്നത് നിർമല മനസ്സാണ്. ആത്മീയ കളരിയിലൂടെയാണവർ മനസ്സിനെ വിമലീകരിക്കുന്നത്. സ്വാർത്ഥതയെ സമൂലം പിഴുതെറിയുന്നതോടെ സേവനതൽപരത മുളപൊട്ടുകയാണ് സൂഫിയുടെ മനസ്സിൽ. 
പിന്നീടങ്ങോട്ടുളള പ്രയാണത്തിൽ സമൂഹത്തെ സേവിച്ചും നവോത്ഥാന നിർമിതികൾക്ക് നേതൃത്വം നൽകിയും സമൂഹത്തോടുള്ള പ്രതിബദ്ധത നിറവേറ്റുന്ന ഒരു ആക്ടിവിസ്റ്റായി മാറുകയാണ് സൂഫി. 
ആ കൂട്ടത്തിലെ നിസ്തുല പ്രതിഭയാണ് കേരളീയർക്ക് സുപരിചിതനായ അത്തിപ്പറ്റ മൊയ്തീൻ കുട്ടി മുസ്‌ലിയാർ. മഹാനുഭാവന്റെ ജീവിത ചരിത്രമാണ് ഡോ, മോയിൻ ഹുദവി മലയമ്മ രചിച്ച മലയാളത്തിലെ സൂഫിസം എന്ന ഗ്രന്ഥം. 
അത്തിപ്പറ്റ ഉസ്താദ് നടത്തിയ സമുദ്ധാരണ പ്രവർത്തനങ്ങൾ മറ്റാരേക്കാളും സമൂഹത്തിൽ സ്വാധീനം ചെലുത്തിയത് ഏറെ ചിന്തനീയമാണ്
കനിവ്, വിനയം, സേവനം തുടങ്ങി സർവ സുകൃതങ്ങളിലേയും നൈർമല്യമാണ് മഹാനെ  നിസ്തുലനാക്കിയത്.
ഉസ്താദ്  ആക്ടിവിസ്റ്റുകൾക്കൊരു റോൾ മോഡലാണ് ആക്ടിവിസത്തെ ഡിഗ്രിയെ പോലെ പേരിനോട് ചേർത്ത് പറയുന്ന വർത്തമാന കാലത്ത് ആക്ടിവിസമെന്നാൽ വ്യക്തിയിൽ അന്തർലീനമായ സേവന തൽപരതയാണെന്ന  സന്ദേശമായിരുന്നു ഉസ്താദിന്റെ ജീവിതം.
നേതാവെന്നാൽ സേവകനാണെന്ന മുഹമ്മദ് നബി (സ) യുടെ അധ്യാപനം പൂർണാർത്ഥത്തിൽ ഉസ്താദിൽ  പ്രകടമായിരുന്നു.  ചുറ്റുമുളളവർ ഉസ്താദിന്റെ തിയറി കേൾക്കുകയായിരുന്നില്ല, പ്രാക്ടീസുകൾ കാണുകയായിരുന്നു. കാരുണ്യ പ്രവർത്തനങ്ങൾക്ക് സ്വന്തം കീശ തന്നെയായിരുന്നു ആശ്രയം.
ഈ സൂഫിവര്യന്റെ പ്രവർത്തന പ്ലാറ്റ്‌ഫോം പരിസരം ഒന്നാകെയായിരുന്നു.  കനിവിനർഹരായ ആരെയും ചേർത്തു പിടിക്കുന്ന പ്രകൃതം കൈയിലുള്ളത് തീർന്നാൽ കടംവാങ്ങി ആ കൃത്യം നിർവഹിക്കുന്ന ലോലഹൃദയൻ രാജ്യത്തിന്റെ അഖണ്ഡത നിലനിർത്താനും നിയമ പാലനത്തിനും പ്രോൽസാഹിപ്പിക്കുന്ന
രാജ്യസ്‌നേഹി, വോട്ടവകാശത്തിന്റെ വില ബോധ്യപ്പെടുത്തിക്കൊടുത്തിരുന്ന ജനാധിപത്യ കാവൽക്കാരൻ, മിണ്ടാപ്രാണികളോടും പ്രകൃതിയോടും കരുതലുളള തികഞ്ഞ പരിസ്ഥിതി സ്‌നേഹി, സ്വന്തം സമുദായം സ്വയം പര്യാപ്തരാകുന്നത് സ്വപ്നം കണ്ട സമുദായ സമുദ്ധാരകൻ -തന്റെ പ്രവർത്തന മണ്ഡലത്തിന്റെ വ്യാപ്തി വളരെ വിസ്തൃതമാണ്.
ഇരുപതാം നൂറ്റാണ്ടിലെ വിശ്രുത സിറിയൻ പണ്ഡിതനും സൂഫിലോകത്തെ ശാദുലി സരണിയുടെ ആചാര്യനുമായിരുന്ന അബ്ദുൽ ഖാദിർ ഈസയാണ് ഉസ്താദിന്റെ ആത്മീയ ഗുരു.

പൈതൃകങ്ങളെ പുതുതലമുറക്ക് കാലാനുസൃതമായ മാറ്റങ്ങളിലൂടെ പഠിപ്പിക്കുന്നതിനുള്ള ഇടപെടലുകളിലൂടെയാണ് അത്തിപ്പറ്റ ഉസ്താദ് ശ്രദ്ധേയനായത്.
മാതൃകാ സമൂഹ  നിർമിതിയായിരുന്നു ലക്ഷ്യം. സമൂഹത്തിന്റെ പ്രഥമ ഘടകമായ വ്യക്തികൾ സംസ്‌കാര സമ്പന്നാരായാലേ മാതൃകാ സമൂഹം നിലവിൽ വരൂ എന്ന ചിന്തയിൽ നിന്നാണ് ഉസ്താദിന്റെ തുടക്കം.
ഓത്തുപള്ളി സമ്പ്രദായം മദ്രസാ സംവിധാനത്തിലേക്ക് മാറിത്തുടങ്ങിയ 1950 കളിൽ എതിർപ്പുകളെ വകവെക്കാതെ
ആ ദൗത്യ നിർവഹണം ഏറ്റെടുത്താണ് വിദ്യാഭ്യാസ പരിഷ്‌കരണ മേഖലയിലേക്ക് കടന്നു വരുന്നത്.
പെരുമ്പാവൂരില വല്ലം എന്ന പ്രദേശത്താണ് ഉസ്താദ് നീണ്ട പതിമൂന്ന് വർഷം സേവനമനുഷ്ഠിച്ചത്. ഈ നാട് തന്റെ പൊതുജീവിതത്തിലെ പരീക്ഷണ ശാലയായിരുന്നു. 
നാട്ടുകാർക്ക് മുമ്പിൽ അന്നത്തെ പ്രശ്‌നം പട്ടിണിയും ദാരിദ്ര്യവുമായിരുന്നു. കൃഷിപ്പണി ചെയ്ത് പട്ടിണിയകറ്റുക എന്നതിലുപരി മറ്റൊരു ലക്ഷ്യങ്ങളൊന്നുമില്ലാത്തവർ ജീവിച്ചിരുന്ന വല്ലത്തെ സാംസ്‌കാരിക വില്ലേജാക്കി മാറ്റിയെടുത്തു  ആ പ്രതിഭാശാലി.
1977 ൽ യു.എ.ഇ ഔഖാഫിന്റെ കീഴിൽ ജോലി ലഭിച്ചതോടെ  പ്രവർത്തന മണ്ഡലം പ്രവിശാലമായി പ്രവാസം  അനുഗ്രഹമായി മാറി. ഏതൊരു പ്രവർത്തനത്തിന്റെയും ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ മാനവശേഷിക്ക് വ്യക്തമായ പങ്കുണ്ടെന്ന ഉസ്താദിന്റെ തിരിച്ചറിവ്
അൽഐൻ സുന്നി സെന്റർ എന്ന സംഘടനയുടെ നേതൃത്വമേറ്റെടുക്കാൻ പ്രേരിപ്പിച്ചു. ഇത് നിരവധി സാമൂഹ്യ സംസ്‌കാരിക ആത്മീയ പ്രവർത്തനങ്ങൾക്കാണ് ചുക്കാൻ പിടിച്ചിത്.
വിദ്യാഭ്യസ പ്രവർത്തനങ്ങളാണ് ശ്രദ്ധേയം.  മുസ്‌ലിയാർ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കിറങ്ങുന്നതിൽ പലർക്കും പുഛം തോന്നിയെങ്കിലും ഉസ്താദിനെ സംബന്ധിച്ചിടത്തോളം ആ പുഛം വൈജ്ഞാനിക വിപ്ലവങ്ങൾക്കുള്ള കച്ചകെട്ടലായിരുന്നു. അതിനെ തുടർന്ന് 1988 ൽ അൽ ഐനിൽ ദാറുൽ ഹുദാ സ്‌കൂൾ നിലവിൽ വന്നു
ഇന്ത്യൻ സി.ബി.എസ് സിലബസിലുളള എൽ.കെ.ജി മുതൽ പ്ലസ് ടു വരെയുളള ഈ സ്‌കൂളിൽ മലയാളികളെ കൂടാതെ അഫ്ഗാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുളള ആയിരത്തഞ്ഞൂറോളം വിദ്യാർത്ഥികൾ പഠിക്കുന്നു. അറബികളെ പോലും അദ്ഭുതപ്പെടുത്തിയതാണ് ഉസ്താദിന്റെ നേതൃത്വത്തിലുളള ഈ വിദ്യാഭാസ വിപ്ലവം.
വളർന്നുകൊണ്ടിരിക്കുന്ന തലമുറയെ സംസ്‌കാര സമ്പന്നമാക്കുന്നതിൽ  സ്ത്രീകൾക്ക് പുരുഷനേക്കാൾ പങ്കുണ്ടായതുകൊണ്ട് അവരെ വിദ്യാസമ്പന്നരാക്കണമെന്ന കാഴ്ചപ്പാടുകാരനായിരുന്നു ഉസ്താദ് തന്റെ ലക്ഷ്യസാക്ഷാൽക്കാരത്തിനുളള പ്രയത്‌നത്തിനൊടുവിൽ പിറന്ന് വീണതാണ് 1990 കളിൽ നിലവിൽ വന്ന ചെമ്മാട്ടെ ഫാത്വിമത്തുസ്സഹ്‌റ വനിത കോളേജും 2016 ൽ പ്രവർത്തനമാരംഭിച്ച കാടാമ്പുഴയിലെ േ്രഗസ്‌വാലി  എജ്യുക്കേഷൻ ഇൻസ്റ്റിറ്റിയൂഷനും. പിന്നീട് ആ ദൗത്യം സമുദായം തന്നെ ഏറ്റെടുത്തു.
വൈയക്തിക, സാമൂഹിക സംസ്‌കരണ പ്രവർത്തനങ്ങൾക്ക് പുറമെ മറ്റു സാധ്യതകളും ഉസ്താദ് ഉപയോഗപ്പെടുത്തി. സാഹിത്യ രംഗത്തും ഉസ്താദിന്റെ കൃത്യമായ ഇടപെടലുകൾ കാണാൻ കഴിയും. ബുക് പ്ലസിന്റെ മാതൃസ്ഥാപനം സുന്നി പബ്ലിക്കേഷൻ സെന്റർ പ്രവസകാലത്തെ പ്രധാന നേട്ടമാണ്.  സമസ്തയുടെ സെക്രട്ടറിമാരിലൊളായിരുന്ന പരേതനായ കെ.വി.  മുഹമ്മദ് മുസ്‌ലിയാർ കൂറ്റനാട് നീണ്ട മുപ്പത് വർഷത്തെ കഠിനധ്വാനത്തിലൂടെ  തയാറാക്കിയ
വിശുദ്ധ ഖുർആൻ മലയാള വ്യാഖ്യാനം 'ഫതഹുർ റഹ്മാൻ കേരളീയരുടെ കരങ്ങളിലെത്തിക്കുക എന്നതായിരുന്നു പ്രധാന ദൗത്യം.
തന്റെ ആത്മീയ ഗുരു  വര്യൻ അബ്ദുൽ ഖാദിർ ഈസയുടെ സുപ്രസിദ്ധ ഗ്രന്ഥം 'ഹഖാഇഖു അനിതസവ്വുഫ്' തസ്വവ്വുഫ് ഒരു സമഗ്ര പഠനമെന്ന പേരിൽ ഡോ. ബഹാഉദ്ദീൻ നദ്വി മൊഴിമാറ്റം നടത്തിയത്   ഉസ്താദിന്റെ പ്രത്യേക താൽപര്യം പരിഗണിച്ചായിരുന്നു. ഈ ബ്രഹദ്ഗ്രന്ഥം
സൂഫിസത്തെ  അടുത്തറിയാൻ ഏതൊരാൾക്കും
മതിയായതാണ്. പൊതുജനങ്ങൾക്കിടയിൽ ഏറെ സ്വധീനം ചെലുത്തിയ  ബഹു. അബ്ദുൽ ഖാദിർ ഖാസിമിയുടെ നിസ്‌കാരം എന്ന ഗ്രന്ഥത്തിന്റെ പിന്നിലും ഉസ്താദിന്റെ കരങ്ങളാണ് പ്രവർത്തിച്ചത്.
കർമങ്ങളിലെ കൃത്യത കൊണ്ട് മാത്രം ധാർമിക പുരോഗതി കൈവരിക്കാൻ സാധ്യമല്ലെന്ന ബോധ്യം മൂലം ആത്മീയ സംസ്‌കരണങ്ങളിൽ ഉസ്താദിന്റെ ശ്രദ്ധ കൂടുതൽ പതിഞ്ഞു. 
ഈ സദുദ്യമത്തിന് ബിരുദധാരികൾ പോരാ, വകതിരുവളളവർ തന്നെ വേണമെന്ന വീക്ഷണമാണ്  ഉസ്താദ് അന്ത്യവിശ്രമം കൊളളുന്ന അത്തിപ്പറ്റയിലെ ഫതഹുൽ ഫത്താഹ് എന്ന വിജ്ഞാന മഹാസമുച്ചയം നിർമിക്കാൻ നിമിത്തമായത്. 
ഉസ്താദിന്റെ ജനനം മുതൽ മരണം വരെയുള്ള സംഭവ വികാസങ്ങൾ ഒരു വരി വിടാതെ വായനക്കാർക്ക് പകർന്നു നൽകാൻ രചയിതാവ് കഠിന ശ്രമം നടത്തിയിട്ടുണ്ട്.
സൂഫിസം നിഷ്‌ക്രിയത്വത്തിന്റെ സംജ്ഞയാണെന്ന തെറ്റിദ്ധാരണ ഗ്രന്ഥം തിരുത്തുന്നുണ്ട്. ഗ്രന്ഥത്തിലെ കേരളത്തിലെ സൂഫി താവഴികളും അവരുടെ കർമനൈർമല്യങ്ങളുടെ ചാരുതയാർന്ന ചിത്രങ്ങളും വായനക്കാരന് പകർന്നു നൽകുന്നുമുണ്ട്.

Latest News