തിരുവനന്തപുരം - തുമ്പ സെയ്ന്റ് സേവ്യേഴ്സ് കോളേജില്‍ നടക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മൂന്നാം റൗണ്ട് മത്സരത്തില്‍ കരുത്തരായ മുംബൈക്കെതിരെ ലഭിച്ച ആധിപത്യം കേരളം പാഴാക്കി. 57 റണ്‍സിന് ഏഴു വിക്കറ്റെടുത്ത മോഹിത് അവസ്തിയാണ് കേരളത്തിന്റെ കുതിപ്പിന് കടിഞ്ഞാണിട്ട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ മുംബൈയെ സഹായിച്ചത്. മുംബൈയുടെ 251 നെതിരെ നാലിന് 221 ലെത്തിയിരുന്നു കേരളം. എന്നാല്‍ 23 റണ്‍സിന് ആറ് വിക്കറ്റ് കൈവിടുകയും 244 ന് ഓളൗട്ടാവുകയും ചെയ്തു. ഇതോടെ ഏഴ് റണ്‍സ് ലീഡ് ലഭിച്ച മുംബൈ രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിന്റെ വാതിലടച്ചു. വിക്കറ്റ് പോവാതെ 105 എന്ന ശക്തമായ നിലയിലാണ് അവര്‍. ആകെ 112 റണ്‍സ് ലീഡ്.
രോഹന് കുന്നുമ്മലും (56) കൃഷ്ണപ്രസാദും (21) ഏഴോവറില്‍ 46 റണ്‍സടിച്ച് ശക്തമായി തുടങ്ങിയതായിരുന്നു. എന്നാല്‍ എട്ടോവറില്‍ കൃഷ്ണപ്രസാദിനെയും രോഹന് പ്രേമിനെയും (0) മോഹിത് അവസ്തി പുറത്താക്കി. രോഹനെ ശിവം ദൂബെ ബൗള്‍ഡാക്കി. പിന്നീട് സചിന് ബേബി (65), ക്യാപ്റ്റന്‍ സഞ്ജു സാംസണ് (38), വിഷ്ണുവിനോദ് (29) എന്നിവര്‍ കേരളത്തിന്റെ നില ഭദ്രമാക്കി.
എന്നാല്‍ ശ്രേയസ് ഗോപാലിനെയും (12) ജലജ് സക്സേനയെയും (0) ബെയ്സില്‍ തമ്പിയെയും (1) സുരേഷ് വിഷേശ്വറിനെയും (4) പുറത്തിക്കി അവസ്തി (15.2-3-57-7) ഇന്നിംഗ്സ് അവസാനിപ്പിച്ചു.
ആദ്യ ഇന്നിംഗ്സില്‍ ഒന്നാമത്തെ പന്തില്‍ പുറത്തായ ജയ് ബിസ്ത (59 നോട്ടൗട്ട്) പിന്നീട് കേരളത്തോട് പകരം ചോദിച്ചു. ഒന്നാം ഇന്നിംഗ്സില്‍ അര്‍ധ ശതകം നേടിയ ഭുപേന്‍ ലാല്‍വാനിയും (41 നോട്ടൗട്ട്) കേരളത്തിന്റെ ആക്രമണത്തെ ശക്തമായി ചെറുത്തു.