ഹൈദരാബാദ് - പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍ ശുഐബ് മാലിക് മൂന്നാം തവണ വിവാഹിതനായതായി പ്രഖ്യാപിച്ചതിന് പിന്നാലെ സാനിയ മിര്‍സ-ശുഐബ് ബന്ധത്തിന്റെ ഭാവിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ വ്യാപകം. മുസ്‌ലിം സ്ത്രീക്ക് ഏകപക്ഷീയമായി ഭര്‍ത്താവിനെ ഉപേക്ഷിക്കാനുള്ള അവകാശമായ ഖുല്‍അ് ഉപയോഗിച്ച ശുഐബിനെ സാനിയ വിവാഹമോചനം ചെയ്തതായി ടെന്നിസ് താരത്തിന്റെ പിതാവ് ഇംറാന്‍ മിര്‍സ വെളിപ്പെടുത്തി. പാക് നടി സന ജാവേദിനെയാണ് ശുഐബ് വിവാഹം ചെയ്തത്. സാനിയയെ വിവാഹം കഴിക്കുന്നതിന് മുമ്പ് ആയിശ സിദ്ദീഖിയുമായും ശുഐബിന് വിവാഹബന്ധമുണ്ടായിരുന്നു. നിശ്ചയിച്ചുറപ്പിച്ച വിവാഹം നനടക്കാനിരിക്കെയാണ് 2010 ല്‍ സാനിയ പാക് ക്രിക്കറ്ററെ പ്രണയിച്ചതും വിവാഹം ചെയ്തതും. ഒരു മകനുണ്ട്. അഞ്ചു വയസ്സുകാരന്‍ ഇസ്ഹാന്‍ മിര്‍സ മാലിക്.
ഇരുവരും തമ്മിലുള്ള ബന്ധം വഷളായതായി മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുമ്പോഴും സാനിയയും ശുഐബും സൂചനകളല്ലാതെ വ്യക്തമായി ഒന്നും പറഞ്ഞിരുന്നില്ല. ഇരുവരും പങ്കെടുക്കുന്ന ഒരു ടി.വി പരമ്പര പോലും പാക്കിസ്ഥാനില്‍് പുരോഗമിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ ബുധനാഴ്ചയാണ് വിവാഹമോചനം പ്രയാസമാണെന്ന് സാനിയ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. സാനിയ ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ഓപണിന്റെ കമന്ററി പാനലിലുണ്ട്.
മറ്റു സ്ത്രീകളുമായി ശുഐബ് ഇടപഴകുന്നത് സാനിയക്ക് ഇഷ്ടമില്ലാതിരുന്നതാണ് വിവാഹ ബന്ധം വഷളാകാന്‍ കാരണമെന്ന് പാക്കിസ്ഥാനിലെ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
സന ജാവേദുമായുള്ള വിവാഹത്തില്‍ ശുഐബിന്റെ കുടുംബം അതൃപ്തരാണ്. കുടുംബാംഗങ്ങളാരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തില്ല. സോഷ്യല്‍ മീഡിയയിലൂടെയാണ് വിവാഹവാര്‍ത്ത അറിഞ്ഞതെന്ന് സഹോദരിയുടെ ഭര്‍ത്താവ് ഇംറാന്‍ സഫര്‍ അറിയിച്ചു. 2022 ല്‍ രണ്ടു പേരുടെയും കുടുംബാംഗങ്ങള്‍ ദുബായില്‍ അനുരഞ്ജന ചര്‍ച്ച നടത്തിയിരുന്നു. അപ്പോഴും ശുഐബിന്റെ കുടുംബം വിവാഹമോചനത്തിന് എതിരായിരുന്നു.