ജിദ്ദ - ഫ്രഞ്ച് ഫോര്‍വേഡ് കരീം ബെന്‍സീമ അവധി കഴിഞ്ഞ് ഒടുവില്‍ അല്‍ഇത്തിഹാദ് ക്ലബ്ബില്‍ തിരിച്ചെത്തി. നിശ്ചയിച്ചതിലും 17 ദിവസം കഴിഞ്ഞാണ് മുന്‍ ബാലന്‍ഡോര്‍ ജേതാവിന്റെ മടക്കം. നായകന്റെ പെരുമാറ്റത്തില്‍ ക്ലബ്ബ് അധികൃതര്‍ രോഷത്തിലാണെന്നാണ് സൂചന. ചെല്‍സിയുള്‍പ്പെടെ നിരവധി യൂറോപ്യന്‍ ക്ലബ്ബുകള്‍ വല വീശുന്നുണ്ടെങ്കിലും ഇത്തിഹാദുമായി ബന്ധം വിഛേദിക്കുന്ന തരത്തിലൊന്നും ഉരസല്‍ വളര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
സൗദി പ്രൊ ലീഗിന്റെ സീസണ്‍ പാതി ഇടവേളയിലാണ് മുപ്പത്താറുകാരന്‍ അവധിക്ക് പോയത്. 7.6 കോടി പേര്‍ പിന്തുടരുന്ന തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. തിങ്കളാഴ്ച വരെ മൗറിഷ്യസിലായിരുന്നു ബെന്‍സീമയെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച വൈകിട്ടാണ് ജിദ്ദയില്‍ തിരിച്ചെത്തിയത്. ഈ മാസം രണ്ടിന് തിരികെയെത്തേണ്ടതായിരുന്നു. പത്ത് ദിവസത്തോളം ബെന്‍സീമയെ ബന്ധപ്പെടാന്‍ ക്ലബ്ബധികൃതര്‍ക്കോ കോച്ചിനോ സാധിച്ചിരുന്നില്ല. ബെന്‍സീമയുടെ ഭാവി ചര്‍ച്ച ചെയ്യാന്‍ ക്ലബ്ബ് ബോര്‍ഡ് യോഗം ചേരുമെന്നാണ് സൂചന.
നിലവിലെ ചാമ്പ്യന്മാരായ ഇത്തിഹാദ് ലീഗില്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്. ഡിസംബറില്‍ മൂന്ന് മത്സരങ്ങള്‍ തുടര്‍ച്ചയായി തോറ്റു. ഫെബ്രുവരി ഏഴിനാണ് ലീഗ് പുനരാരംഭിക്കുന്നത്. ബെന്‍സീമയുമായി സ്വരച്ചേര്‍ച്ചയില്ലാതായതോടെയാണ് നൂനൊ എസ്പിരിറ്റോയെ പരിശീലക സ്ഥാനത്തു നിന്ന് ഇത്തിഹാദ് പുറത്താക്കിയത്. മാഴ്‌സെലൊ ഗലാഡോയാണ് ഇപ്പോള്‍ കോച്ച്.