യാമ്പു - ദാകാര്‍ റാലിയില്‍ ആദ്യമായി ഒരു ഇന്ത്യന്‍ കമ്പനി വിജയപീഠം കയറി. ബൈക്ക് വിഭാഗത്തില്‍ രണ്ടാമതെത്തിയത് ഹീറോ മോട്ടോസ്പോര്ട്സിന് വേണ്ടി മത്സരിച്ച ബോട്സ്വാനക്കാരന്‍ റോസ് ബ്രാഞ്ചാണ്.
ഷോര്ണൂരുകാരന് ഹാരിത് നോഹ ദാകാറില്‍ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനുമായി. റാലി 2 ക്ലാസ് വിഭാഗത്തിലാണ് ടി.വി.എസ് സ്പോണ്സര് ചെയ്യുന്ന ഹാരിത് നോഹ ചാമ്പ്യനായത്. ഓവറോള്‍ ലീഡില്‍ പതിനൊന്നാം സ്ഥാനത്താണ് നോഹ. ലോകത്തിലെ ഏറ്റവും പ്രയാസകരമായ റെയ്സ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ദാകാറില്‍ ഇന്ത്യക്കാരന്റെ മികച്ച പ്രകടനമാണ് ഇത്.
എല്ലാവര്ക്കും മത്സരിക്കാവുന്ന വിഭാഗമാണ് റാലി 2 ക്ലാസ്. ആറാം സ്റ്റെയ്ജ് മുതലാണ് നോഹ കുതിപ്പ് തുടങ്ങിയത്. സ്റ്റെയ്ജ് എട്ടിലും സ്റ്റെയ്ജ് പത്തിലും ഫാസ്റ്റസ്റ്റ് റാലി ടൈം നോഹയുടേതായിരുന്നു.
ഇതിന് മുമ്പ് ദാകാറിലെ നോഹയുടെ മികച്ച പ്രകടനം ഇരുപതാം സ്ഥാനത്തെത്തിയതായിരുന്നു. ഇത്തവണ റുമയ്ന്‍ ദുമോണ്ടിയറെ നാല് മിനിറ്റിന്റെ വ്യത്യാസത്തില്‍ മറികടന്നാണ് റാലി 2 ക്ലാസില്‍ ചാമ്പ്യനായത്.