യാമ്പു - അറുപത്തൊന്നാം വയസ്സില്‍ ദാകാര്‍ റാലി ചാമ്പ്യനായി ചരിത്രം സൃഷ്ടിച്ച കാര്‍ലോസ് സയ്ന്‍സ് ഫിനിഷിംഗ് പോയന്റില്‍ തന്റെ ഓഡിയില്‍ നിന്ന് ചാടിയിറങ്ങിയത് കാര്‍ലോസ് സയ്ന്‍സിന്റെ കൈയിലേക്കാണ്. ഫോര്‍മുല വണ്ണില്‍ മത്സരിക്കുന്ന മകന്റെ പേരും കാര്‍ലോസ് സയ്ന്‍സ് എന്നാണ്. 12 സ്റ്റെയ്ജുകളുള്ള ദാകാറില്‍ ഡ്രൈവര്‍മാര്‍ എണ്ണായിരത്തിലേറെ കിലോമീറ്ററാണ് താണ്ടിയത്.
ഓഡി കാര്‍ ആദ്യമായാണ് ദാകാര്‍ മത്സരത്തില്‍ ഒന്നാമതെത്തുന്നത്. സയ്ന്‍സ് നാലാം തവണ ദാകാറില്‍ കിരീടം നേടി. ഇതോടെ ആരി വതാനനോടൊപ്പമെത്തി. നാസര്‍ അല്‍അതിയ്യ അഞ്ചു തവണ ചാമ്പ്യനായിട്ടുണ്ട്. എട്ടു തവണ ചാമ്പ്യനായ പീറ്റര്ഹാന്സലിന്റെ പേരിലാണ് റെക്കോര്‍ഡ്. അമ്പത്തെട്ടുകാരനായ പീറ്റര്ഹാന്സലിന്റെ അവസാന ദാകാര്‍ മത്സരമാണ് ഇത്.
അടങ്ങാത്ത ആവേശമാണ് ഈ സാഹസിക മത്സരത്തിലേക്ക് തന്നെ ആകര്‍ഷിക്കുന്നതെന്ന് സയ്ന്‍സ് പറഞ്ഞു. പിന്നണിയില്‍ ഒരുപാട് കഠിനാധ്വാനമുണ്ട്. ഈ പ്രായത്തില്‍ ചാമ്പ്യനാവാന്‍ ഒരുപാട് മുന്നൊരുക്കങ്ങള്‍ വേണം. കഠിനാധ്വാനത്തിന് ഫലമുണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നുത്. അടുത്ത വര്‍ഷം ദാകാറില്‍ തിരിച്ചുവരുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് സയ്ന്‍സ് വ്യക്തമാക്കി.