ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ബി-യില്‍ ഇന്ത്യയുടെ നിര്‍ണായക മത്സരം അല്‍പ സമയത്തിനകം തുടങ്ങും. ഓസ്‌ട്രേലിയക്കെതിരായ ഏറ്റവും പ്രയാസകരമായ മത്സരത്തില്‍ പൊരുതിത്തോറ്റ ഇന്ന് ഉസ്‌ബെക്കിസ്ഥാനെ നേരിടുന്നു. ഈ കളിയും തോറ്റാല്‍ പ്രി ക്വാര്‍ട്ടര്‍ പ്രവേശനം പ്രയാസമാവുമെന്നിരിക്കെ ജീവന്മരണ പോരാട്ടമായിരിക്കും ബ്ലൂ ടൈഗേഴ്‌സ് കാ്‌ഴ്ചവെക്കുക. സിറിയക്കെതിരായ ആദ്യ മത്സരത്തില്‍ സമനില വഴങ്ങിയ ഉസ്‌ബെക്കിസ്ഥാനും ഈ കളി പ്രധാനമാണ്. ഉയര്‍ന്ന റാങ്കുകാരായ ഓസ്‌ട്രേലിയയുമായാണ് അവര്‍ അവസാന മത്സരം കളിക്കേണ്ടത്. ഇന്ത്യയാണ് ഇപ്പോള്‍ ഗ്രൂപ്പില്‍ അവസാനം.
വെല്ലുവിളി ഏറ്റെടുക്കാന്‍ ഇന്ത്യന്‍ കളിക്കാന്‍ തയാറായിട്ടുണ്ടെന്നും ഈ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കോച്ച് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു. ആദ്യ രണ്ട് ടീമുകളാണ് ഗ്രൂപ്പില്‍ നിന്ന് പ്രി ക്വാര്‍ട്ടറിലെത്തുക. മികച്ച റെക്കോര്‍ഡുള്ള നാല് മൂന്നാം സ്ഥാനക്കാരും മുന്നേറും.
ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ ചില കളിക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സ്റ്റിമാക് അറിയിച്ചു. സിറിയക്കെതിരായ കളിയില്‍ 65 ശതമാനം പൊസിഷന്‍ ഉസ്‌ബെക്കിസ്ഥാനായിരുന്നുവെങ്കിലും സിറിയ ശക്തമായ പ്രത്യാക്രമണമാണ് കാഴ്ചവെച്ചതെന്നും എന്നാല്‍ ഇന്ത്യ-ഉസ്‌ബെക്കിസ്ഥാന്‍ കളി തീര്‍ത്തും വ്യത്യസ്തമായ ശൈലിയിലായിരിക്കുമെന്നും സ്റ്റിമാക് കരുതുന്നു.
2021 മുതല്‍ സ്രെക്കൊ കറ്റാനിച്ചിന്റെ കീഴില്‍ മികച്ച പ്രകടനമാണ് ഉസ്‌ബെക്കിസ്ഥാന്‍ കാഴ്ചവെക്കുന്നത്. നിരന്തരം ആക്രമിക്കുന്നതിനു പകരം അവസരം കാത്ത് നില്‍ക്കുന്നതാണ് അവരുടെ രീതി. എല്ലാ ഏഷ്യന്‍ കപ്പിനും യോഗ്യത നേടിയ ഉസ്‌ബെക്കിസ്ഥാന്‍ അവസാന അഞ്ചു തവണയും നോക്കൗട്ടിലത്തിയിട്ടുണ്ട്. 2011 ലെ സെമിഫൈനലിസ്റ്റുകളാണ്. ഈയിടെ സന്നാഹ മത്സരത്തില്‍ മെക്‌സിക്കോയുമായി സമനില പാലിച്ചിരുന്നു. ഏഷ്യന്‍ റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്താണ്.