അല്‍ഉല - ഏറ്റവും സാഹസികമായ കായികഇനങ്ങളിലൊന്നായ ദാകാര്‍ റാലിയില്‍ ഒരു സ്റ്റെയ്ജ് വിജയിക്കുന്ന മൂന്നാമത്തെ വനിതയായി സാറാ പ്രൈസ്. ടി-4 വിഭാഗത്തിലാണ് 230 മൈല്‍ സഞ്ചരിച്ച് സാറ ഒന്നാമതെത്തിയത്. ഈ സീസണിലെ മത്സരങ്ങള്‍ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് പതിനൊന്നാം സ്റ്റെയ്ജില് അമേരിക്കക്കാരി ജയിച്ചത്. മുപ്പത്തൊന്നുകാരി ദാകാര്‍ ജയിക്കുന്ന ആദ്യ അമേരിക്കന്‍ വനിതാ ഡ്രൈവറാണ്. കാലിഫോര്‍ണിയക്കാരിക്ക് ഇത് ദാകാറിലെ അരങ്ങേറ്റമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലവിധ സാഹസിക മത്സരങ്ങളില്‍ സാറ പങ്കെടുത്തിട്ടുണ്ട്. എക്സ് ഗെയിംസില്‍ മെഡലുകാരിയാണ്. ഇലക്ട്രിക് റെയ്സിംഗ് സീരീസില്‍ പങ്കെടുത്തിരുന്നു. ഡേര്‍ട് ബൈക്ക് നാഷനല്‍ ചാമ്പ്യനാണ്. കുറച്ചുകാലം ഹോളിവുഡില്‍ സ്റ്റണ്ട് ഡ്രൈവറായി പ്രവര്‍ത്തിച്ചു. 2015 മുതല്‍ സൗദിയിലെ അറ്റമില്ലാത്ത മരുഭൂമിയില്‍ കാറോടിച്ച് ജയിക്കണമെന്നത് സാറയുടെ സ്വപ്നമായിരുന്നു. സ്പോണ്‍സര്‍മാരെ കാത്തുനിന്ന് മതിയായ ശേഷം കൈയിലുള്ള പണം മുഴുവന്‍ ചെലവാക്കിയിട്ടായാലും ദാകാറില്‍ മത്സരിക്കുമെന്ന് കഴിഞ്ഞ വര്‍ഷമാണ് തീരുമാനമെടുത്തത്. ദാകാറിന് ഒരുങ്ങാന്‍ ഒക്ടോബറില്‍ മൊറോക്കോയില്‍ നടന്ന ലോക റാലി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. അവിടെയും ഒരു സ്റ്റെയ്ജ് വിജയിക്കുന്ന ആദ്യ അമേരിക്കക്കാരിയായി.
കാമുകനും 2020 ലെ ദാകാര്‍ ബൈക്ക് ചാമ്പ്യനുമായ റിക്കി ബ്രാബെച്ചിനൊപ്പമാണ് സൗദിയിലെത്തിയത്.