ബംഗളൂരു - നിശ്ചിത 20 ഓവര്‍ കളിയും ആദ്യ സൂപ്പര്‍ ഓവറും ടൈ ആയ ട്വന്റി20 ത്രില്ലറില്‍ രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യ ജയിച്ചു. ആദ്യ നാലോവറിനു ശേഷം റണ്ണൊഴുക്കിന്റെ പെരുമഴ കണ്ട ചിന്നസ്വാമി സ്റ്റേഡിയത്തിലെ മൂന്നാം ട്വന്റി20 എക്കാലത്തെയും ത്രില്ലറുകളിലൊന്നായി.
നിശ്ചിത 20 ഓവറില്‍ ഇന്ത്യയുടെ നാലിന് 212 മറികടക്കാന്‍ അവസാന പന്തില്‍ മൂന്ന് റണ്‍സ് മതിയായിരുന്നു അഫ്ഗാനിസ്ഥാന്. തകര്‍പ്പന്‍ ഇന്നിംഗ്‌സ് കളിച്ച ഗുല്‍ബദ്ദീന്‍ നാഇബിന് (23 പന്തില്‍ 53 നോട്ടൗട്ട്) രണ്ടു റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അഫ്ഗാനിസ്ഥാന്‍ ആദ്യ സൂപ്പര്‍ ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെടുത്തു. രോഹിത് ശര്‍മയുടെ ഇരട്ട സിക്‌സറില്‍ ഇന്ത്യ അത് മറികടക്കുമെന്ന് തോന്നി. രണ്ട് റണ്‍സ് വേണമെന്നിരിക്കെ അവസാന പന്തിന് മുമ്പ് നോണ്‍ സ്‌ട്രൈക്കര്‍ രോഹിത് ശര്‍മ റിട്ടയര്‍ ചെയ്ത് റിങ്കു സിംഗ് കളത്തിലിറങ്ങി. എങ്കിലും യശസ്വി ജയ്‌സ്വാളിന് ഒരു റണ്ണെടുക്കാനേ സാധിച്ചുള്ളൂ. രണ്ടാം സൂപ്പര്‍ ഓവറില്‍ ഇന്ത്യക്ക് രണ്ടിന് 11 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. എങ്കിലും രവി ബിഷ്‌ണോയി മൂന്നു പന്തില്‍ രണ്ട് അഫ്ഗാന്‍ ബാറ്റര്‍മാരെയും പുറത്താക്കി ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയെ തോല്‍പിക്കാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിട്ടില്ല. സ്‌കോര്‍: ഇന്ത്യ നാലിന് 212, അഫ്ഗാനിസ്ഥാന്‍ ആറിന് 212.
അഞ്ചാം ട്വന്റി20 സെഞ്ചുറി തികച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (69 പന്തില്‍ 121 നോട്ടൗട്ട്) അവസാന അഞ്ചോവറില്‍ ഒപ്പം റണ്‍ പ്രളയം തീര്‍ത്ത റിങ്കു സിംഗുമാണ് (39 പന്തില്‍ 69 നോട്ടൗട്ട്) നാലിന് 22ല്‍ നിന്ന് ഇന്ത്യയെ 200 കടത്തിയത്. അഫ്ഗാനിസ്ഥാന്‍ തുല്യനാണയത്തില്‍ തിരിച്ചടിച്ചു. അവസാന ഓവറില്‍ 19 റണ്‍സ് വേണമെന്നിരിക്കെ അവര്‍ 18 റണ്‍സെടുത്തു.
ഓപണര്‍മാരായ റഹ്മാനുല്ല ഗുര്‍ബാസും (32 പന്തില്‍ 50) ഇബ്രാഹിം സദ്‌റാനും (41 പന്തില്‍ 50) നല്ല തുടക്കം നല്‍കുകയും മുഹമ്മദ് നബിയും (16 പന്തില്‍ 34) ഗുല്‍ബദ്ദീന്‍ നാഇബും കടിഞ്ഞാണേല്‍ക്കുകയും ചെയ്തു. വാഷിംഗ്ടണ്‍ സുന്ദര്‍ മൂന്നു വിക്കറ്റും സുപ്രധാന ക്യാച്ചുമെടുത്ത് ഇന്ത്യന്‍ പ്രതീക്ഷ നിലനിര്‍ത്തി.
വിരാട് കോലിയും സഞ്ജു സാംസണും ഗോള്‍ഡന്‍ ഡക്കായതോടെ 4.3 ഓവറില്‍ നാലിന് 22 ലേക്ക് തകര്‍ന്ന ടീമിനെയാണ് രോഹിതും റിങ്കുവും ചുമലിലേറ്റിയത്. അവസാന അഞ്ചോവറില്‍ ഇരുവരും അടിച്ചെടുത്തത് 103 റണ്‍സായിരുന്നു. ഇരുവരും തുടക്കത്തില്‍ പ്രയാസപ്പെട്ടു. എന്നാല്‍ അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സലീമിനെ രോഹിത് തെരഞ്ഞുപിടിച്ച് ആക്രമിച്ചതോടെ റണ്‍സണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. പ്രയാസകരമായ പിച്ചില്‍ ഇന്ത്യയുടെ മറ്റ് ബാറ്റര്‍മാരെല്ലാം രണ്ടക്കത്തിലെത്താതെ പുറത്തായി.
പത്തൊമ്പതാം ഓവറില്‍ അസ്മതുല്ല ഉമര്‍സായിയുടെ തുടര്‍ച്ചയായ പന്തുകള്‍ സിക്‌സറിനും ഇരട്ട ബൗണ്ടറിക്കും പറത്തിയ രോഹിത് 64 പന്തില്‍ സെഞ്ചുറി തികച്ചു. റിങ്കു അതേ ഓവറില്‍ സിക്‌സറിലൂടെ അര്‍ധ ശതകം പിന്നിട്ടു. കരീം ജന്നത് എറിഞ്ഞ അവസാന ഓവറില്‍ ബൗണ്ടറിയോടെ രോഹിത് തുടങ്ങി. നോബോളായ അടുത്ത പന്തും ്അതിനുള്ള ഫ്രീഹിറ്റും സിക്‌സറിനുയര്‍ത്തി. സിംഗിളെടുത്ത് റിങ്കുവിന് ബാറ്റണ്‍ കൈമാറി. അവസാന മൂന്ന് പന്തുകളും റിങ്കു സിക്‌സറിനുയര്‍ത്തിയതോടെ 36 റണ്‍സാണ് അവസാന ഓവറില്‍ ഒഴുകിയത്. രോഹിത് എട്ട് സിക്‌സറും 11 ബൗണ്ടറിയും പായിച്ചപ്പോള്‍ ആറ് സിക്‌സറും രണ്ട് ബൗണ്ടറിയുമുണ്ട് റിങ്കുവിന്റെ ഇന്നിംഗ്‌സില്‍.
യശസ്വി ജയ്‌സ്വാളിനെയും (4) കോലിയെയും ഫരീദ് അഹമ്മദാണ് തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിയത്. അടുത്ത ഓവറില്‍ സഞ്ജുവും മടങ്ങി. ശിവം ദൂബെയെ (1) അസ്മതുല്ല ഉമര്‍സായി മടക്കി. ആദ്യ രണ്ടു കളികളില്‍ സഞ്ജു ടീമിലുണ്ടായിരുന്നില്ല.
.
ഏഷ്യന്‍ കപ്പ്: നോക്കൗട്ട്
ടിക്കറ്റെടുത്ത് ചാമ്പ്യന്മാര്‍
ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തര്‍ പ്രി ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി. അരങ്ങേറ്റക്കാരായ താജിക്കിസ്ഥാന്‍ ധീരമായി ചെറുത്തുനിന്നെങ്കിലും പതിനേഴാം മിനിറ്റില്‍ അക്രം അഖീഫ് നേടിയ ഗോള്‍ മതിയായിരുന്നു ഖത്തറിന് ജയിക്കാന്‍. 81ാം മിനിറ്റില്‍ അമദോനി കമാലോവ് ചുവപ്പ് കാര്‍ഡ് കണ്ട ശേഷം 20 മിനിറ്റോളം താജിക്കിസ്ഥാന്‍ പത്തു പേരുമായാണ് കളിച്ചത്. ലെബനോനെ ആദ്യ കളിയില്‍ തോല്‍പിച്ച ഖത്തറിന് ചൈനയുമായി മത്സരം ബാക്കിയുണ്ട്. ഖത്തറിന് ആറും ചൈനക്ക് രണ്ടും താജിക്കിസ്ഥാനും ലെബനോനും ഓരോ പോയന്റുമാണ്.
രണ്ടാമത്തെ മത്സരത്തിലും ഗോള്‍രഹിത സമനില വഴങ്ങിയതോടെ ചൈനയുടെ നോക്കൗട്ട് പ്രവേശം ആശങ്കയിലായി. അല്‍തുമാമ ലോകകപ്പ് സ്റ്റേഡിയത്തില്‍ ലെബനോനെതിരെ കഷ്ടിച്ചാണ് അവര്‍ രക്ഷപ്പെട്ടത്. രണ്ടു തവണ ക്രോസ്ബാര്‍ ചൈനയുടെ രക്ഷക്കെത്തി. ഒരു തവണ ചൈനയുടെ ഷോട്ട് ഗോള്‍ലൈനില്‍ ലെബനോന്‍ പ്രതിരോധം അടിച്ചകറ്റി.
ഹാഫ് ടൈമിന്റെ ഇരു വശത്തുമായി ഹസന്‍ മഅതൂഖിന്റെയും ഹസന്‍ സറൂറിന്റെയും ഷോട്ടുകളാണ് ക്രോസ്ബാറിലിടിച്ച് മടങ്ങിയത്. അറുപത്തഞ്ചാം മിനിറ്റില്‍ വു ലെയുടെ ഷോട്ട് ലെബനോന്‍ ഡിഫന്റര്‍ ഗോള്‍ലൈനില്‍ രക്ഷിച്ചു. ഗോളെന്നുറച്ച രണ്ട് ഷോട്ടുകള്‍ ലെബനോന്‍ ഗോളി മുസ്തഫ മതര്‍ രക്ഷിച്ചു.
താജിക്കിസ്ഥാനെതിരായ ആദ്യ മത്സരത്തിലും ചൈന ഗോളടിക്കാതെയാണ് പിരിഞ്ഞത്. കഴിഞ്ഞ രണ്ട് ഏഷ്യന്‍ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച ടീമാണ് അവര്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഖത്തറിനെയാണ് ചൈനക്ക് നേരിടേണ്ടത്. സമനിലയെങ്കിലും നേടിയാല്‍ നോക്കൗട്ട് പ്രതീക്ഷയുണ്ട്.