ദുബൈ / ഇസ്‌ലാമാബാദ് - ഇടവേളക്കുശേഷം വീണ്ടും അഭ്യൂഹങ്ങളുയർത്തി ഇന്ത്യൻ മുൻ ടെന്നീസ് താരം സാനിയ മിർസയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. ഭർത്താവും പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ ശുഐബ് മാലിക്കുമായുള്ള വിവാഹബന്ധത്തിൽ ഒരുവർഷത്തിലേറെയായി അകലം നിലനിൽക്കുന്നതിനിടെയാണ് സാനിയയുടെ പോസ്റ്റ് വീണ്ടും ചർച്ചയാവുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
'വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക' എന്ന് തുടങ്ങുന്ന വരികളാണ് സാനിയ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. 'ജീവിതം ഒരിക്കലും എളുപ്പമാകില്ല, അതെപ്പോഴും കഠിനമായിരിക്കും. എന്നാൽ, നമുക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാം. വിവേകത്തോടെ തിരഞ്ഞെടുക്കൂ...' എന്നിങ്ങനെയാണ് സാനിയയുടെ പോസ്റ്റ്. ഇത് ഇരുവരും തമ്മിൽ വേർപിരിയുകയാണെന്ന പ്രചാരണത്തെ ബലപ്പെടുത്തുന്നതാണോ എന്ന തലത്തിലാണ് പലരുടെയും ആശങ്കയും പ്രതികരണങ്ങളും.
2010-ലാണ് ശുഐബ് മാലിക്കുമായുള്ള സാനിയയുടെ വിവാഹം. ഇതിൽ ഒരു കുട്ടിയുണ്ടെങ്കിലും 2022 മുതൽ ശുഹൈബും സാനിയയും തമ്മിൽ നല്ല സ്വരത്തിലല്ലെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നും ഇരുവരും വെവ്വേറെയായാണ് കഴിയുന്നതെന്നും വാർത്തകളുണ്ടായിരുന്നു. അഞ്ചു വയസ്സുകാരനായ മകൻ ഇസാൻ മിർസ മാലികിന്റെ വിശേഷാവസരങ്ങളിലും മറ്റു യാത്രകളിലുമൊന്നും ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും ഇരുവരും പോസ്റ്റ് ചെയ്യാറില്ല. സാനിയ മകന്റെ ഫോട്ടോകൾ പോസ്റ്റ് ചെയ്യുമ്പോഴെല്ലാം ശുഹൈബ് ഇല്ലാത്ത ചിത്രങ്ങളാണ് പ്രത്യേകം തെരഞ്ഞെടുക്കാറുള്ളത്. ഉംറ തീർത്ഥാടനത്തിന് പോയപ്പോഴും ശുഹൈബ് കൂടെയുണ്ടായിരുന്നില്ല. കുറച്ച് മുമ്പ് മകൻ ഇസാന് നീന്തലിൽ സമ്മാനം നേടിയപ്പോഴും ഇൻസ്റ്റ ഫോട്ടോ ചർച്ചയായിരുന്നു. അന്ന്, ഒരു ചിത്രത്തിൽ മകനോടൊപ്പം മെഡലുമായി സാനിയ നിൽക്കുന്നതും മറ്റൊരു ചിത്രത്തിൽ ശുഐബ് മാലിക് മകനോടൊപ്പം നിൽക്കുന്നതുമാണ് നൽകിയിരുന്നത്. അന്ന് ഇരുവരും മകനോടൊപ്പം ഒരുമിച്ചില്ലാത്തത് എന്തുകൊണ്ടാണെന്ന് പലരും ചോദിച്ചിരുന്നു. ഒപ്പം ഒരുമിച്ചുള്ള പല ചിത്രങ്ങളും ഇരുവരും സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കിയതും പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. എങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വിളക്കിച്ചേർക്കപ്പെടുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് ഇരുവരെയും സ്‌നേഹിക്കുന്നവരെല്ലാം.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സാനിയ രണ്ടു പതിറ്റാണ്ടു നീണ്ട ടെന്നീസ് കരിയറിന് വിരാമമിട്ടത്. തുടർന്നുള്ള അവരുടെ പല സമൂഹമാധ്യമ പോസ്റ്റുകളിലും വിവാഹമോചനത്തിന്റെ സൂചനകൾ ആരാധകർ വ്യാഖ്യാനിക്കാറുണ്ട്. അത്തരം ചർച്ചകളെ വീണ്ടും സജീവമാക്കുകയാണ് സാനിയയുടെ ഏറ്റവുമൊടുവിലത്തെ ഇൻസ്റ്റ സ്റ്റോറിയും.