Sorry, you need to enable JavaScript to visit this website.

'അഞ്ചല്ല 5 ലക്ഷം തിരിയിട്ട് തെളിച്ചാലും മനസ്സിൽ വെളിച്ചം നിറയില്ല'; നിങ്ങൾ കുയിലല്ല, കള്ളിപ്പൂങ്കുയിലാണെന്നും ചിത്രയോട് ഇന്ദു മേനോൻ

- രാമക്ഷേത്ര പ്രതിഷ്ഠയിൽ ഗായിക കെ.എസ് ചിത്രക്കെതിരെ രൂക്ഷ വിമർശവുമായി എഴുത്തുകാരി ഇന്ദു മേനോൻ

കോഴിക്കോട് - ബാബരി മസ്ജിദ് തകർത്ത് പണിത 'രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാദിനമായ 22ന് രാമനാമം ജപിക്കണമെന്നും എല്ലാ വീടുകളിലും ആശംസയർപ്പിച്ച് വിളക്കു കത്തിക്കണമെന്നും' ആഹ്വാനം ചെയ്ത പ്രശസ്ത ഗായിക കെ.എസ് ചിത്രക്കെതിരെ രൂക്ഷ വിമർശവുമായി എഴുത്തുകാരി ഇന്ദു മേനോൻ രംഗത്ത്.
 ചിത്ര കുയിൽ ആയിരുന്നുവെന്ന് ശബ്ദം കൊണ്ട് മാത്രമാണ് ലോകം വിശ്വസിച്ചിരുന്നത്. എന്നാൽ, നിങ്ങൾ യഥാർത്ഥത്തിൽ കള്ളിപ്പൂങ്കുയിലാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടിലങ്ങ് നടപ്പാക്കിയാൽ മതിയെന്നും ഇന്ദു മേനോൻ ഓർമിപ്പിച്ചു.
 ചിത്രയ്ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്. ഇഷ്ടമുള്ള പക്ഷത്ത് നില്ക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. മനുഷ്യഹത്യയും വംശീയോന്മൂലനവും നടന്ന ഒരു കാരണത്തെ മഹത്വവല്ക്കരിക്കുന്നത് നിഷ്‌കളങ്കമായി ആണെങ്കിലും അനുഭവിക്കപ്പെടുന്നത് ക്രൂരമായാണ്. മനുഷ്യരുടെ രക്തത്തിലും അവരുടെ പലായനങ്ങളിലും അവരുടെ വേദനകളിലും നിങ്ങൾ എത്ര കണ്ട് നാമം ജപിച്ചാലും ഒരു രാമനും വിഷ്ണുവും വരാൻ പോകുന്നില്ല. അഞ്ചല്ല അഞ്ചുലക്ഷം തിരിയിട്ട് തെളിച്ചാലും നിങ്ങളുടെ മനസ്സിൽ വെളിച്ചം നിറയാനും പോകുന്നില്ല. സഹജീവികളായ മനുഷ്യരെ കൊല്ലുന്നതിനൊപ്പം നില്ക്കുക എന്നതല്ല. നിങ്ങൾ നിഷ്‌കളങ്കമായി കുത്തിയിറക്കുന്ന ഈ കഠാര കൊണ്ട് മനുഷ്യർ കൊല്ലപ്പെടുക തന്നെ ചെയ്യുമെന്നും അവർ എഫ്.ബിയിൽ വിമർശിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

 'അയോധ്യയിൽ പ്രതിഷ്ഠാ ദിനം ജനുവരി 22ന് നടക്കുമ്പോൾ ഉച്ചയക്ക് 12.20 ന് ശ്രീ രാമ, ജയ രാമ, ജയ ജയ രാമ എന്ന രാമ മന്ത്രം എല്ലാവരും ജപിച്ചു കൊണ്ടിരിക്കണം. അതുപോലെ വൈകുന്നേരം അഞ്ച് തിരിയിട്ട വിളക്ക് വീടിന്റെ നാന ഭാഗത്തും തെളിയിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും പരിപൂർണമായി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു'വെന്നും കഴിഞ്ഞദിവസം ചിത്ര വീഡിയോയിൽ ആവശ്യപ്പെട്ടത് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ആർ.എസ്.എസ് നേതാക്കൾ കഴിഞ്ഞ ദിവസം അയോധ്യയിൽ നിന്ന് എത്തിച്ച അക്ഷതം ചിത്ര സ്വീകരിച്ചിരുന്നു. ഒപ്പം ലഘുലേഖയും ക്ഷണപത്രവും ആർ.എസ്.എസ് നേതാവ് അവർക്ക് കൈമാറിയിരുന്നു.

ഇന്ദു മേനോന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

 അമ്പലം കെട്ടുന്നതും പള്ളി പൊളിക്കുന്നതും ഒക്കെ പ്രത്യക്ഷത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഉള്ള വൈരത്തിന്റെ സൂചനകളാണ്. ആദ്യം അവിടെ അമ്പലമായിരുന്നു അപ്പോൾ അവിടെ അമ്പലമായിരിക്കുന്നതാണ് ശരി എന്നെല്ലാം വാദിക്കാം.
അയ്യോ പാവം അവർക്ക് ഒരു അഭിപ്രായസ്വാതന്ത്ര്യം ഇല്ലേ? അവർ അവരുടെ അഭിപ്രായം പറഞ്ഞു. നമ്മൾ എന്തിനാണ് അതിനെ രാഷ്ട്രീയവല്ക്കരിച്ച് കാണുന്നത്?
ചിത്രയ്ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്. ഇഷ്ടമുള്ള പക്ഷത്ത് നില്ക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. മനുഷ്യഹത്യയും വംശീയോന്മൂലനവും നടന്ന ഒരു കാരണത്തെ മഹത്വവല്ക്കരിക്കുന്നത് നിഷ്‌കളങ്കമായി ആണെങ്കിലും അനുഭവിക്കപ്പെടുന്നത് ക്രൂരമായാണ്. എത്ര നിഷ്‌കളങ്കനായ മനുഷ്യനാണ് നോക്കൂ, ഹൃദയത്തിൽ കത്തി കുത്തി ഇറക്കുമ്പോഴും നിനക്ക് വേദനിച്ചോ വേദനിപ്പിക്കാതെ കുത്താമേ, എന്നെല്ലാം പറയുന്നത്ര നിഷ്‌കളങ്കതയുള്ള ഒരുവൾ. പാട്ടുകാരി ചിത്ര, ക്ലാസിക് കലകൾക്കൊപ്പം നില്ക്കുന്നവർ രാമന്റെയും വിഷ്ണുവിന്റെയും സീതയുടെയും മുരുകന്റെയും എല്ലാം കീർത്തനങ്ങൾ പാടുകയും പദങ്ങൾ പഠിക്കുകയും ചെയ്യുമായിരിക്കും. അതിനർത്ഥം സഹജീവികളായ മനുഷ്യരെ കൊല്ലുന്നതിനൊപ്പം നില്ക്കുക എന്നതല്ല.
നിങ്ങൾ നിഷ്‌കളങ്കമായി കുത്തിയിറക്കുന്ന ഈ കഠാര കൊണ്ട് മനുഷ്യർ കൊല്ലപ്പെടുക തന്നെ ചെയ്യും.
മനുഷ്യരുടെ രക്തത്തിലും അവരുടെ പലായനങ്ങളിലും അവരുടെ വേദനകളിലും നിങ്ങൾ എത്ര കണ്ട് നാമം ജപിച്ചാലും ഒരു രാമനും വിഷ്ണുവും വരാൻ പോകുന്നില്ല. അഞ്ചല്ല 5 ലക്ഷം തിരിയിട്ട് തെളിച്ചാലും നിങ്ങളുടെ മനസ്സിൽ വെളിച്ചം നിറയാനും പോകുന്നില്ല. കുയിൽ ആയിരുന്നു എന്ന് ശബ്ദം കൊണ്ട് മാത്രമാണ് ലോകം വിശ്വസിച്ചിരുന്നത് എന്നാൽ നിങ്ങൾ യഥാർത്ഥത്തിൽ കള്ളിപ്പൂങ്കുയിലാണെന്ന് തെളിയിച്ചിരിക്കുന്നു.
ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടിൽ അങ്ങ് നടപ്പിലാക്കിയാൽ മതി.
 

Latest News