Sorry, you need to enable JavaScript to visit this website.

ഡൽഹി ഭരണത്തിന് കേരളത്തിലെ ജയവും അനിവാര്യം; കഠിനാദ്ധ്വാനം വേണമെന്ന് നരേന്ദ്ര മോഡി, പ്രഫ. ടി.ജെ ജോസഫും വേദിയിൽ

കൊച്ചി - ഡൽഹിയിലെ ഭരണത്തിന് കേരളത്തിലെ ജയവും അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അതിനായുള്ള കഠിനാധ്വാനം ഓരോ ബൂത്തിലുമുണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മറൈൻ ഡ്രൈവിൽ ബി.ജെ.പിയുടെ 'ശക്തികേന്ദ്ര പ്രമുഖരുടെ' യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 'നമസ്‌കാരം, എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരെ, നിങ്ങളാണ് ഈ പാർട്ടിയുടെ ജീവനാഡി' എന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. അക്രമങ്ങളെ അതിജീവിച്ച് പാർട്ടിക്കായി പൊരുതിയ പ്രവർത്തകരെ വണങ്ങുന്നു. വിപരീത സാഹചര്യത്തിലും നിങ്ങൾ പാർട്ടി പതാക പാറിച്ചു. കേരളത്തിലെ ബി.ജെ.പി പ്രവർത്തകരുടെ കഴിവ് വളരെ വലുതാണെന്നു പറഞ്ഞ മോഡി, കേന്ദ്രസർക്കാർ പദ്ധതികളും വികസനനേട്ടങ്ങളും എണ്ണിപ്പറഞ്ഞു വിശദീകരിച്ചു. മോഡിയുടെ ഗ്യാരന്റി താഴേതട്ടിൽ എത്തിക്കണം. കേന്ദ്ര പദ്ധതിയുടെ ഗുണഭോക്താക്കളുമായി നിരന്തര ബന്ധം പുലർത്തണം. എല്ലാവരും അവരവരുടെ ബൂത്ത് തലത്തിൽ ശക്തമായി പ്രവർത്തിക്കണം. ബൂത്തുകൾ നേടിയാൽ സംസ്ഥാനം നേടാൻ കഴിയുമെന്നും മോഡി പറഞ്ഞു.
 അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന 22-ലെ പുണ്യ മുഹൂർത്തത്തിൽ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും രാമജ്യോതി തെളിയിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
 വേഗത്തിൽ വികസനം നടപ്പാക്കിയ ചരിത്രം ബി.ജെ.പിക്ക് മാത്രമാണെന്നും രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളത് ബി.ജെ.പിക്കാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ദരിദ്രരുടെ ക്ഷേമമാണ് പാർട്ടിയുടെ മുഖമുദ്ര. ഇതിനായി ഒട്ടേറെ പദ്ധതികൾ ഉറപ്പാക്കി. കേന്ദ്രസർക്കാർ ആദായനികുതി പരിധി കുറച്ചു. മൊബൈൽ ഡേറ്റയുടെയും ഫോണിന്റെയും വില കുറച്ചു. ഒൻപതു വർഷം കൊണ്ട് 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്ന് മുക്തരായി. ഗൾഫ് രാജ്യങ്ങളിൽ അവസരം കൂടി. ഒപ്പം ഇന്ത്യക്കാരോടും ബഹുമാനം കൂടിയെന്നും മോഡി പറഞ്ഞു.
 സംസ്ഥാന കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് കെ സുരേന്ദ്രൻ തേക്കിൽ തീർത്ത അമ്പും വില്ലും സമ്മാനിച്ചാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരൻ, ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുല്ലക്കുട്ടി, പോപ്പുലർ ഫ്രണ്ടിന്റെ കൈവെട്ടിന് ഇരയായ പ്രഫ. ടി.ജെ ജോസഫ് തുടങ്ങിയവരും ചടങ്ങിലുണ്ട്. 

Latest News